| Friday, 16th September 2016, 10:25 am

രാജ്യസുരക്ഷയ്ക്ക് എഡ്വേര്‍ഡ് സ്‌നോഡന്‍ വലിയ കോട്ടം വരുത്തിയെന്ന് അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

കളവ് പറഞ്ഞ് സഹപ്രവര്‍ത്തകരുമായി കലഹിച്ച് വിവരങ്ങള്‍ ചോര്‍ത്തിയയാളാണ് സ്‌നോഡനെന്ന് അമേരിക്കന്‍ ഹൗസ് കമ്മിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 


വാഷിങ്ങ്ടണ്‍: മുന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ രാജ്യസുരക്ഷക്ക് വലിയ കോട്ടം വരുത്തിയെന്ന് വൈറ്റ്ഹൗസ്.

കളവ് പറഞ്ഞ് സഹപ്രവര്‍ത്തകരുമായി കലഹിച്ച് വിവരങ്ങള്‍ ചോര്‍ത്തിയയാളാണ് സ്‌നോഡനെന്ന് അമേരിക്കന്‍ ഹൗസ് കമ്മിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയുടെ ശത്രുക്കള്‍ക്ക് ഉപകാരപ്പെടുന്ന രഹസ്യരേഖകള്‍ ചോര്‍ത്തി നല്‍കുകയായിരുന്നു സ്‌നോഡനെന്നും അല്ലാതെ സ്‌നോഡന്‍ അവകാശപ്പെടുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളൊന്നും നടന്നിട്ടില്ലെന്നും ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സ് ഇന്റലിജന്‍സ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

36 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടിന്റെ നാല് പേജുള്ള സംക്ഷിപ്തരൂപം മാത്രമേ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളു. സ്‌നോഡന്‍ പുറത്തുവിട്ട രേഖകള്‍ അമേരിക്കന്‍ സുരക്ഷയ്ക്കുണ്ടാക്കിയ ആഘാതം പൂര്‍ണമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും തീവ്രവാദികള്‍ക്കും ശത്രുക്കരാജ്യങ്ങള്‍ക്കും ഒരുപോലെ ഉപയോഗപ്രദമായ രഹസ്യങ്ങളാണ് ആ രേഖകളെന്ന് കമ്മിറ്റി പറഞ്ഞു.

അധികാരം വിട്ടൊഴിയുന്നതിന് മുന്‍പ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ സ്‌നോഡന് മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശസംഘടനകള്‍ ബുധനാഴ്ച രംഗത്തെത്തിയിരുന്നു.

രഹസ്യ സുരക്ഷാ രേഖകള്‍ അനധികൃതമായി കൈമാറിയെന്ന കേസില്‍ ക്രിമിനല്‍ കേസ് ചാര്‍ജ് ചെയ്തിരിക്കുന്ന എഡ്വേര്‍ഡ് സ്‌നോഡന് ഒബാമ മാപ്പ് നല്‍കില്ലെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്.

We use cookies to give you the best possible experience. Learn more