|

ആധാര്‍ പദ്ധതി പൗരന്മാരെ നിരീക്ഷിക്കാനായുള്ളത്; പദ്ധതിയില്‍ ഗുരുതര പാളിച്ചകളുണ്ടെന്നും എഡ്വേഡ് സ്‌നോഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ പൗരന്മാരെ സദാസമയം നിരീക്ഷണത്തില്‍ വയ്ക്കാനായി നടപ്പില്‍ വരുത്തുന്ന പദ്ധതികളിലൊന്നാണ് ആധാറുമെന്ന് എഡ്വേഡ് സ്‌നോഡന്‍. ഇന്ത്യന്‍ സര്‍ക്കാരിന്റെ ആധാര്‍ പദ്ധതിയിലുള്ള ആശങ്കകള്‍ പങ്കുവച്ചു സംസാരിക്കവേയാണ് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമായി സ്‌നോഡന്‍ വിശേഷിപ്പിച്ചത്. വെളിപ്പെടുത്താത്ത കേന്ദ്രത്തില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ജയ്പൂരിലെ മാധ്യമ മേളയില്‍ സംസാരിക്കുകയായിരുന്നു സ്വതന്ത്ര മാധ്യമത്തിന്റെ വക്താവും വിവരം ചോര്‍ത്തല്‍ വിവാദം വഴി വാര്‍ത്തയിലിടം നേടിയയാളുമായ സ്‌നോഡന്‍.

“ആധാര്‍ നടപ്പില്‍ വരുത്തണമെങ്കില്‍ വ്യക്തിവിവരങ്ങള്‍ പുറത്തു വിടുന്ന ഏജന്‍സികള്‍ക്കു മേല്‍ ക്രിമിനല്‍ കുറ്റം ചുമത്തുമെന്ന നിയമം കൊണ്ടുവരേണ്ടതുണ്ട്. ഈ വ്യവസ്ഥയില്‍ തീര്‍ച്ചയായും ഗുരുതരമായ പാളിച്ചകളുണ്ട്.” സ്‌നോഡന്‍ പറയുന്നു.

അമേരിക്കന്‍ സര്‍ക്കാരിന്റെ നിരീക്ഷണ സംവിധാനത്തിനെതിരെ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ വേട്ടയാടപ്പെട്ടിട്ടുള്ളയാളാണ് സ്‌നോഡന്‍. പൗരന്മാര്‍ക്കു മേല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മേല്‍നോട്ടത്തിനെക്കുറിച്ചുള്ള വിവരങ്ങളടങ്ങുന്ന രഹസ്യരേഖകള്‍ മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്‍ കൂടിയായ സ്‌നോഡന്‍ ചോര്‍ത്തി പുറത്തുവിട്ടിരുന്നു.

Also Read: “അമിത് ഷായ്ക്ക് മുന്നില്‍ മുട്ടിലിഴഞ്ഞ് ദേശീയമാധ്യമങ്ങള്‍”; അമിത് ഷായ്ക്കും മകനുമെതിരായ കാരവന്‍ റിപ്പോര്‍ട്ട് വാര്‍ത്തയാക്കാതെ മുക്കി

തന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള അവിചാരിതമായ അപകടങ്ങളെ അതിജീവിച്ചതിനെക്കുറിച്ചും സ്‌നോഡന്‍ സംസാരിച്ചു. “സര്‍ക്കാരിനു വേണ്ടിയായിരുന്നു ഞാന്‍ നേരത്തേ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍ പൊതുജനത്തിനു വേണ്ടിയാണെന്നു മാത്രം.” അദ്ദേഹം പറയുന്നു.

സാങ്കേതികമായി മികവു നേടിക്കൊണ്ടിരിക്കുന്ന തീവ്രവാദ സംഘങ്ങളെക്കുറിച്ചും, സര്‍ക്കാരും പൗരന്മാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും സ്‌നോഡന്‍ മാധ്യമപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. സര്‍ക്കാരുകള്‍ പൊതുജനത്തെ ഭയക്കുന്ന അവസ്ഥയാണ് സ്വാതന്ത്ര്യം. നിര്‍ഭാഗ്യവശാല്‍ മിക്കപ്പോഴും ജനമാണ് സര്‍ക്കാരിനെ ഭയക്കുന്നതെന്നും അതിനാല്‍ മെച്ചപ്പെട്ട ഭാവിയിലേക്കായി കൂടുതല്‍ കരുതല്‍ ആവശ്യമുണ്ടെന്നും സ്‌നോഡന്‍ പറയുന്നു.

വെളിപ്പടുത്താത്ത കേന്ദ്രത്തില്‍ നിന്നുള്ള തത്സമയ വീഡിയോ കോണ്‍ഫറന്‍സിംഗ് ആയതിനാല്‍ സ്‌നോഡന്‍ എത്തുമോയെന്ന സംശയം അവസാന നിമിഷം വരെ നിലനിന്നിരുന്നു. ഒടുവില്‍ സംഘാടകരൊരുക്കിയ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട് മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു.