| Friday, 19th January 2018, 4:02 pm

ശ്രീജിത്തിനെ കാണാനെത്തിയ രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേഴ്‌സണിനെതിരെ യൂത്ത് കോണ്‍ഗ്രസ് ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശ്രീജിത്തിന്റെ സമരപ്പന്തലില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേഴ്‌സണ്‍ എഡ്വേര്‍ഡിനെതിരെ ആക്രമണം. യൂത്ത് കോണ്‍ഗ്രസുകാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.

ഇന്ന് ഉച്ചയോടുകൂടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആന്‍ഡേഴ്‌സനെ ആക്രമിച്ചത്. അദ്ദേഹമിപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞദിവസം ആന്‍ഡേഴ്‌സണിന്റെ വീടിനുനേരെ ആക്രമണമുണ്ടായിരുന്നു. അഞ്ജാത സംഘം വീടിനുനേരെ കല്ലെറിയുകയായിരുന്നു.

ശ്രീജിവിന്റെ മരണം സംബന്ധിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണയുമായി എത്തിയ രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്തതോടെയാണ് ആന്‍ഡേഴ്‌സണ്‍ ശ്രദ്ധനേടുന്നത്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് ശ്രീജിവ് കൊല്ലപ്പെട്ടതെന്നും അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയോട് സഹായം തേടിയപ്പോള്‍ അദ്ദേഹം പരിഹസിക്കുകയാണ് ചെയ്തതെന്നുമായിരുന്നു ആന്‍ഡേഴ്‌സണ്‍ പറഞ്ഞത്.

ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വലിയ തോതില്‍ പ്രചരിക്കുകയും രമേശ് ചെന്നിത്തലയെ പരിഹസിക്കാന്‍ വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്തിരുന്നു. ഇതില്‍ രോഷം പൂണ്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തനിക്കെതിരെ ഭീഷണിയുമായി രംഗത്തുവരുന്നുണ്ട് നേരത്തെ ആന്‍ഡേഴ്‌സണ്‍ സോഷ്യല്‍ മീഡിയകളിലൂടെ ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more