| Wednesday, 1st April 2020, 8:13 pm

മാംസം ഊറ്റുന്ന ഷെര്‍ലോക്ക് ആകരുത്; ചെറു നിക്ഷേപങ്ങളുടെ പലിശ നിരക്ക് വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്; 'ഈ കാലത്ത് ഇത് ചെയ്യുന്നത് ഹൃദയശൂന്യത'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചെറു നിക്ഷേപങ്ങളുടെ പലിശ നിരക്ക് വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. ഇത് ഹൃദയശൂന്യമായതും നാണംകെട്ടതുമായ നീക്കമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. വെട്ടിച്ചുരുക്കാനുള്ള നടപടി എത്രയും പെട്ടന്ന് എടുത്തുമാറ്റണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.

ചെറു നിക്ഷേപങ്ങളുടെ പലിശനിരക്ക് വെട്ടിക്കുറച്ച നടപടി യുക്തിഹീനമായമാണ്. ലോക്ക്ഡൗണും സാമ്പത്തിക മാന്ദ്യവും കാരണം ജനങ്ങള്‍ ബുദ്ധിമുട്ടുന്ന ഈ കാലത്തുതന്നെ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ് വക്താവ് ജയ്‌വീര്‍ ഷെര്‍ഗില്‍ പറഞ്ഞു.

പലിശ നിരക്ക് കുറച്ചതിലൂടെ സര്‍ക്കാരിന് 26,000 കോടി അധിക വരുമാനമാണ് ലഭിക്കുന്നത്. ജനങ്ങളുടെ മാംസം ഊറ്റിയെടുക്കുന്ന ഷെര്‍ലോക്കിനെപ്പോലെ ആകരുതെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസക്കാലം ഇ.എം.ഐ പലിശ നിരക്കുകളും ഒഴിവാക്കാന്‍ ആവശ്യപ്പെടണമെന്നും ഷെര്‍ജില്‍ പറഞ്ഞു.

ചെറുകിട, ഇടത്തരം സംരഭകരെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ രണ്ടാം സാമ്പത്തിക പാക്കേജ് കൊണ്ടുവരണം. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും ദരിദ്രരെയും കര്‍ഷകരെയും രക്ഷപെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more