കോഴിക്കോട്: മഴ തുടരുന്നതിനാല്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകളില്‍ മാറ്റമുണ്ടാകില്ല.
ജില്ലയില്‍ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ശക്തമായ കാറ്റുമുള്ളതിനാലും, നദീതീരങ്ങളില്‍ ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യത്തിലുമാണ് പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ എ. ഗീത വ്യക്തമാക്കി.
അവധി ദിവസങ്ങളില്‍ കുട്ടികള്‍ വെള്ളക്കെട്ടുകളും ജലാശയങ്ങളും കാണാന്‍ പോകുന്നത് നിയന്ത്രിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് വയനാട് കളക്ടര്‍ ഡോ. രേണു രാജും പറഞ്ഞു.
നാളെ കോഴിക്കോട്, വയനാട്, ഇടുക്കി, എറണാകുളം,തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്, എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.