നിപ ജാഗ്രത; കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Kerala News
നിപ ജാഗ്രത; കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th September 2023, 11:44 pm

കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാ മുന്‍കരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസത്തെ അവധി. വ്യാഴം, വെള്ളി (സെപ്റ്റംബര്‍ 14, 15) ദിവസങ്ങളില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാന്‍ തീരുമാനിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അങ്കണവാടി, മദ്രസകള്‍ ഉള്‍പ്പെടെ) അവധി ബാധകമാകും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുക്കാമെന്ന് കളക്ടര്‍ പറഞ്ഞു. എന്നാല്‍ യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ മാറ്റമില്ല.

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്, കോഴിക്കോട് ജില്ലയിലെ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ജില്ലാ കളക്ടര്‍ എ. ഗീത ഐ.എ.എസ് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് നാളെയും മറ്റന്നാളും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാന്‍ തീരുമാനിച്ചത്.