| Saturday, 7th December 2024, 7:35 pm

സ്ത്രീകള്‍ക്കിടയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണം: കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: സ്ത്രീകള്‍ക്കിടയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി വളര്‍ന്ന് പടരണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാർ . മാനവ ബോധത്തിലും നന്മയിലും അധിഷ്ഠിതമായ ശാക്തീകരണ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സ്ത്രീകള്‍ക്കിടയില്‍ വളരണമെന്നാണ് കാന്തപുരം മുസ്‌ലിയാർ പറഞ്ഞത്.

വാടാനപ്പിള്ളി ഇസ്റയുടെ കീഴില്‍ തളിക്കുളത്ത് നിര്‍മിച്ച തൈവ്ബ ഗാര്‍ഡന്‍ വിമണ്‍സ് വില്ലേജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജ്ഞാന വിനിമയം ധാര്‍മിക ബോധത്തിലധിഷ്ഠിതമായി നടക്കുമ്പോള്‍ മാത്രമാണ് മാതൃകായോഗ്യരായ തലമുറകളെ സൃഷ്ടിക്കാന്‍ കഴിയുള്ളുവെന്നും കാന്തപുരം മുസ്‌ലിയാർ പറഞ്ഞു.

തലമുറകളുടെ സ്രഷ്ടാക്കള്‍ എന്ന നിലയ്ക്ക് സമൂഹത്തിന്റെ നിര്‍മാണത്തില്‍ മുഖ്യപങ്ക് വഹിക്കുന്നവരെ ശരിയായ രീതിയില്‍ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി, അലി ബാഫഖി തങ്ങള്‍, ശറഫുദ്ധീന്‍ ജമലുല്ലൈല്ലി, ഇസ്റ സി.ഇ.ഒ നാസര്‍ കല്ലയില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നേരത്തെ മസ്ജിദുകള്‍ക്ക് മേല്‍ ഹിന്ദുത്വ സേനകള്‍ നിരന്തരമായി അവകാശവാദം ഉന്നയിക്കുന്നതില്‍ കാന്തപുരം മുസ്‌ലിയാർ പ്രതികരിച്ചിരുന്നു. മസ്ജിദുകള്‍ക്കും ദര്‍ഗകള്‍ക്കും നേരെയുള്ള അവകാശവാദങ്ങള്‍ രാജ്യത്തെ മതേതര സങ്കല്‍പ്പത്തിന് മുറിവേല്‍പ്പിക്കുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

വര്‍ഗീയ ചിന്തകളെ തുരത്താന്‍ ജനാധിപത്യ വിശ്വാസികളും രാഷ്ട്രീയ പാര്‍ട്ടികളും ഭരണാധികാരികളും തയ്യാറാവണമെന്നും കാന്തപുരം പറഞ്ഞു.

1991ലെ ആരാധനാലയ സംരക്ഷണ നിയമം നിലനില്‍ക്കെ അപകടകരമായ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമപാലകരും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും കാന്തപുരം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Content Highlight: Educational activities should be spread among women: Kanthapuram Aboobacker Musliyar

We use cookies to give you the best possible experience. Learn more