തുടക്കക്കാര്‍ക്ക് ഇപ്പോള്‍ കിട്ടുന്ന ശമ്പളം 25000...ഒരു വര്‍ഷത്തിനകം വര്‍ധനവുണ്ടാകാന്‍ പോകുന്നത് 35000 രൂപയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്

പി.എസ്.സി നടത്തുന്ന ഏറ്റവും വലിയ പരീക്ഷയായ എല്‍.ഡി ക്ലാര്‍ക്ക് സര്‍വ്വീസിനെപറ്റിയാണ് പറഞ്ഞുവരുന്നത്. പുതിയ വിജ്ഞാപനത്തില്‍ പരീക്ഷ ജയിക്കുന്നവരെ കാത്തിരിക്കുന്നത് ആകര്‍ഷകമായ ശമ്പള നിരക്കാണ്.

പരീക്ഷ പാസ്സായി സര്‍വീസില്‍ കയറുന്നവര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ ശമ്പളത്തില്‍ ഒറ്റയടിക്ക് വര്‍ധനവുണ്ടാവാന്‍ പോവുകയാണ്. എങ്ങനെയെന്നോ?

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ 11ാം ശമ്പളകമ്മീഷന്‍ ഒരു വര്‍ഷത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പുതിയ ശമ്പളകമ്മീഷന്‍ നിര്‍ദ്ദേശം പ്രാബല്യത്തില്‍ വരുന്നതോടെയാണ് തുടക്കക്കാര്‍ക്ക് 35000 രൂപയോളം ശമ്പളം ലഭിച്ചു തുടങ്ങുക.

ഏറ്റവും കൂടുതല്‍ പേരെ സര്‍ക്കാര്‍ സര്‍വീസിലെത്തിക്കുന്ന പരീക്ഷയാണ് എല്‍.ഡി ക്ലാര്‍ക്കിന്റേത്. 2020 ജൂണോടെയാണ് ഇത്തവണത്തെ പരീക്ഷ പ്രതീക്ഷിക്കുന്നത്. പത്താം ക്ലാസ് വിജയം മാത്രം മതി എല്‍.ഡി ക്ലാര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാന്‍.

എന്നാല്‍ സര്‍വ്വീസില്‍ കയറിക്കഴിഞ്ഞാല്‍ പൗരന്‍മാരുടെ അടിസ്ഥാന വിവരങ്ങളുടെ സാക്ഷ്യപ്പെടുത്തല്‍ എന്ന അതീവ പ്രാധാന്യമുള്ള ജോലി വരെ നിര്‍വഹിക്കാന്‍ കഴിയും. തസ്തിക മാറ്റ സാധ്യതകള്‍ ഏറെയുള്ള മേഖലയാണെന്നതാണ് ആളുകളെ ഈ പരീക്ഷയിലേക്ക് ആകര്‍ഷിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പിലെ ക്ലാര്‍ക്കിന് ഡിപ്ലോമയുണ്ടെങ്കില്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് ഉയരാനാവും.

അതുപോലെ അധ്യാപക യോഗ്യതയുള്ള ഒരാള്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.ഡി ക്ലാര്‍ക്കായി ചേര്‍ന്നാല്‍ ചുരുങ്ങിയ വര്‍ഷങ്ങളില്‍ തന്നെ ഹൈസ്‌കൂള്‍ അധ്യാപകനോ, ഹയര്‍സെക്കന്‍ഡറി അധ്യാപകനോ ആയി ഉയരാനാവും. എല്ലാ വകുപ്പുകളിലും ഇത്തരത്തില്‍ തസ്തിക മാറ്റ സാധ്യതകള്‍ നിലവിലുണ്ട്.

റവന്യൂ വകുപ്പിലെ എല്‍.ഡി ക്ലാര്‍ക്കുമാരാണ് വില്ലേജ് ഓഫീസറും തഹസില്‍ദാറുമൊക്കെയായി ഉയരുന്നത്. ഡെപ്യൂട്ടി കളക്ടറായി ഐ.എ.എസ് പദവി വരെ നേടിയെടുത്ത ക്ലാര്‍ക്കുമാരുണ്ട്.

രജിസ്ട്രേഷന്‍ വകുപ്പിലെ ക്ലാര്‍ക്കിന് അസിസ്റ്റന്റ് രജിസ്ട്രാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ എന്നീ പദവികളിലേക്ക് ഉയരാന്‍ കഴിയും. പഞ്ചായത്ത് വകുപ്പിലെ ക്ലാര്‍ക്കുമാര്‍ക്ക് അസിസ്റ്റന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, എന്നീ സ്ഥാനങ്ങളില്‍ എത്താം.

ലോട്ടറി വകുപ്പിലെ ക്ലാര്‍ക്കിനോ ജില്ലാ ലോട്ടറി ഓഫീസര്‍ വരെയാവാം. ഗ്രാമവികസന വകുപ്പിലെ എല്‍.ഡി ക്ലാര്‍ക്കിന് ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍, അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണര്‍ എന്നീ പദവികളിലെത്താം. എല്‍.ഡി ക്ലാര്‍ക്കായി ഉദ്യോഗത്തില്‍ പ്രവേശിച്ചവര്‍ക്ക് ട്രഷറികളില്‍ ഓഫീസറാവാനും കഴിയും.

സര്‍ക്കാര്‍ ജീവനക്കാരില്‍ 45 മുതല്‍ 50 ശതമാനം വരെ ആളുകള്‍ എല്‍.ഡി ക്ലാര്‍ക്ക് തസ്തികയിലും അനുബന്ധ കേഡറുകളിലുമായി ജോലി ചെയ്യുന്നവരാണ്.

 

എല്‍.ഡി.സിയുടെ യോഗ്യത എസ്.എസ്.എല്‍.സിയില്‍നിന്ന് പ്ലസ്ടുവാക്കി ഉയര്‍ത്തി 2011-ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും സ്പെഷ്യല്‍റൂള്‍ അംഗീകരിച്ചിട്ടില്ല. അതിനാല്‍ നിലവില്‍ എസ്.എസ്.എല്‍.സി യോഗ്യത നിലനിര്‍ത്തിക്കൊണ്ടാണ് വിജ്ഞാപനം പ്രസിദ്ധീകരിക്കുക.

2020 ജൂണോടെ നടത്താന്‍ ഉദ്ദേശിക്കുന്ന പരീക്ഷയുടെ സാധ്യതാപട്ടിക ഡിസംബറോടെ തയ്യാറാക്കും. 2021 ഏപ്രില്‍ ആദ്യം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്ന വിധം നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പി.എസ്.സി ഉദ്ദേശിക്കുന്നത്.