| Friday, 8th January 2021, 9:16 am

'ഈ നാണക്കേട് താങ്ങാന്‍ വയ്യ'; അമേരിക്കയില്‍ കൂട്ടരാജി; ട്രംപിനെ പരസ്യമായി വിമര്‍ശിച്ച് ക്യാബിനറ്റ് അംഗം ബൈറ്റ്‌സിയും പടിയിറങ്ങി

സ്പോര്‍ട്സ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന അക്രമ സംഭവങ്ങളെ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്യാബിനറ്റ് അംഗം രാജിവെച്ചു.

വിദ്യാഭ്യാസ സെക്രട്ടറി ബെറ്റ്‌സി ഡേവോസാണ് രാജിവെച്ചത്. ക്യാപിറ്റോളിലെ സംഭവവികാസങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വലിയ നാണക്കേട് ഉണ്ടാക്കിയെന്ന് പാര്‍ട്ടി അംഗങ്ങള്‍ വിലയിരുത്തിയിരുന്നു.

ഡൊണാള്‍ഡ് ട്രംപ് അക്രമത്തെ പ്രോത്സാഹിപ്പിച്ചുവെന്നും അദ്ദേഹത്തിന്റെ നീക്കങ്ങള്‍ നാല് പേര്‍ ക്യാപിറ്റോള്‍ മന്ദിരത്തില്‍ വെച്ച് കൊല്ലപ്പെടാന്‍ ഇടയാക്കിയെന്നും ബെറ്റ്‌സി പറഞ്ഞു.

” അമേരിക്കന്‍ ജനതയുടെ പേരില്‍ ഭരണനേട്ടങ്ങള്‍ ആഘോഷിക്കേണ്ട വേളയായിരുന്നു അത്. അതിനു പകരം അക്രമകാരികള്‍ സൃഷ്ടിച്ച പ്രശ്‌നത്തിന് മറുപടി പറയേണ്ടി വരികയാണ് ചെയ്തത്,” ബെറ്റ്‌സി പറഞ്ഞു.

ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്രട്ടറി ഇലനി കാവോ, ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ മാത്യൂ പോട്ടിംഗര്‍, മെലാനിയ ട്രംപിന്റെ ചീഫ് സ്റ്റാഫ് സ്റ്റെഫാനി ഗ്രിഷാം എന്നിവരുടെ രാജി ചര്‍ച്ചയാകുന്നതിനിടയിലാണ് ബെറ്റ്‌സിയും രാജി സമര്‍പ്പിച്ചത്.

ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന ആക്രമങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ക്യാപിറ്റോള്‍ പൊലീസ് ചീഫ് സ്റ്റീഫന്‍ സണ്ടും രാജിവെക്കുമെന്ന് അറിയിച്ചിരുന്നു.

സ്പീക്കര്‍ നാന്‍സി പെലോസി അദ്ദേഹത്തോട് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ക്യാപിറ്റോളിലെ ക്രമസമാധാനപാലനത്തിന്റെ ചുമതലയുള്ള പോള്‍ ഇര്‍വിങ്ങും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചിരുന്നു.

ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന അക്രമണത്തില്‍ ലോകത്തിന് മുന്നില്‍ അമേരിക്ക നാണം കെട്ടിരുന്നു. ലോകത്തിലെ പ്രമുഖ നേതാക്കളെല്ലാം തന്നെ അക്രമ സംഭവങ്ങളെ അപലപിച്ച് രംഗത്തെയിരുന്നു. നാല് പേരാണ് സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടത്.

വാഷിംഗ്ടണിലേക്ക് മാര്‍ച്ച് നടത്താനും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതിരിക്കാനും നേരത്തെ ട്രംപ് ആഹ്വാനം ചെയ്തിരുന്നു. അമേരിക്കന്‍ ചരിത്രത്തിലാധ്യമായാണ് വാഷിംഗ്ടണ്‍ ഡി.സിയില്‍ ഇത്ര ഗൗരവമായ സുരക്ഷാ ലംഘനങ്ങള്‍ നടന്നത്.

ജോ ബൈഡന്റെ വിജയം സ്ഥിരീകരിക്കുന്നത് തടയാന്‍ അക്രമികള്‍ ഇലക്ട്രല്‍ കോളേജ് വോട്ടെണ്ണുന്നത് തടയുകയായിരുന്നു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനേയും മറ്റ് കോണ്‍ഗ്രസ് അംഗങ്ങളേയും സുരക്ഷ കണക്കിലെടുത്ത് സ്ഥലത്തു നിന്ന് മാറ്റുകയായിരുന്നു.

അമേരിക്കന്‍ ജനാധിപത്യത്തിന്റെ പ്രതീകമായി കാണുന്ന ക്യാപിറ്റോള്‍ മന്ദിരത്തിനു നേരെയുള്ള അക്രമം ലിബറല്‍ ജനാധിപത്യത്തിന് പേരുകേട്ട അമേരിക്കയുടെ പ്രശസ്തിക്ക് വലിയ പ്രഹരമാണ് ഏല്‍പ്പിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Education Secretary Betsy DeVos resigns, citing Trump’s handling of Capitol Hill riot

We use cookies to give you the best possible experience. Learn more