കൊച്ചി: കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ വിദ്യാഭ്യാസ ഓഫീസ് അടച്ചുപൂട്ടുന്നു. ഇതുസംബന്ധിച്ച് ഒരാഴ്ചക്കകം കവരത്തിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ഓഫീസിലെ എല്ലാ ഉപകരണങ്ങളും കവരത്തിയിലേക്ക് മാറ്റണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.
ലക്ഷദ്വീപില്‍നിന്ന് കേരളത്തിലേക്ക് പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി തുടങ്ങിയ വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസാണ് അടച്ചുപൂട്ടുന്നത്.
കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസിലെ ജീവനക്കാരുടെ എണ്ണം കുറക്കുന്നതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് പ്രധാനമായും കേരളത്തിനെയാണ് ആശ്രയിക്കുന്നതെന്നിരിക്കെയുള്ള ഈ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് സി.പി.ഐ.എം. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം പറഞ്ഞു. വിഷയം പ്രധാനമന്ത്രിയുടെയും പാര്‍ലമെന്റിന്റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ടി.എന്‍. പ്രതാപന്‍ എം.പി. പറഞ്ഞു.
അതേസമയം, ചലച്ചിത്ര പ്രവര്‍ത്തകയും ലക്ഷദ്വീപ് സ്വദേശിയുമായ ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. പ്രാരംഭഘട്ടത്തിലുള്ള കേസ് റദ്ദാക്കാനാകില്ലെന്നാണ് കോടതി അറിയിച്ചത്. രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഐഷ സുല്‍ത്താനയുടെ ഹരജി വെള്ളിയാഴ്ച പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.
കേസില്‍ അന്വേഷണം പുരോഗമിച്ചതിന് ശേഷം മാത്രമേ റദ്ദാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കൂവെന്നും കോടതി വ്യക്തമാക്കി.
കേസിനെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ലക്ഷദ്വീപ് പൊലീസിനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.