| Friday, 8th December 2017, 5:31 pm

സ്‌കൂള്‍ പ്രവേശനം പാതിവഴിയില്‍- ഇതര സംസ്ഥാനക്കാരുടെ കുട്ടികള്‍ ബാലവേല ചെയ്യുന്നു

എ പി ഭവിത

ഒക്ടോബര്‍ മാസത്തില്‍ കോഴിക്കോട് നഗരത്തിനോട് ചേര്‍ന്നുള്ള ബേക്കറിയില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ബേക്കറിയില്‍ ജോലി ചെയ്യുന്ന ആറ് കുട്ടികളെയാണ് പിടികൂടിയത്. എല്ലാവരും ഇതര സംസ്ഥാനക്കാര്‍. പതിനാല് വയസ്സില്‍ താഴെയുള്ളവര്‍. അച്ഛനമ്മമാര്‍ക്കൊപ്പമാണ് ജോലിക്കെത്തിയത്. രാവിലെ ആറ് മണി മുതല്‍ രാത്രി വരെ ജോലി ചെയ്യുന്നു.

പരിശോധനയ്ക്ക് നേതൃത്വം കൊടുത്ത ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷീബ മുംതാസ് സി.കെ പറയുന്നു.”ജോലി സമയമാണ് കൂടുതല്‍ പ്രശ്‌നം. കുട്ടികളുടെ അവകാശം നിഷേധിക്കപ്പെടുകയാണ്. സ്‌കൂളില്‍ പോകണമെന്നൊക്കെ ആഗ്രഹിക്കുന്ന കുട്ടികളാണ്. രക്ഷിതാക്കളും കുടുംബാംഗങ്ങളും നാട് വിട്ട് കേരളത്തിലേക്ക് വരുമ്പോള്‍ അവരും വരികയാണ്. ജീവിതരീതി ഇങ്ങനെ ആയതിനാല്‍ ചൂഷണം ചെയ്യപ്പെടുകയാണെന്ന് കുട്ടികള്‍ക്കും തോന്നില്ല”.

കഴിഞ്ഞ മൂന്ന് മാസത്തിന് ഇടയില്‍ കോഴിക്കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും നടത്തിയ പരിശോധനയില്‍ ബാലവേല ചെയ്യുകയായിരുന്ന ഇതര സംസ്ഥാനക്കാരായ പത്ത് കുട്ടികളെയാണ് മോചിപ്പിച്ചത്. സെപ്റ്റംബറില്‍ ഒന്നും ഒക്ടോബറില്‍ മൂന്നും നവംബറില്‍ ആറും കുട്ടികളെയാണ് കണ്ടെത്തിയത്. ഇവരെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി.

“തമിഴ്‌നാട്ടിലെ കുട്ടികളാണ് അവര്‍. അവിടെ സ്‌കൂളില്‍ പോകുന്നുണ്ടെന്നാണ് രേഖകള്‍. അഞ്ചിലും ആറിലും പഠിക്കുന്ന കുട്ടികളാണ്. ഇവരെ ഇവിടുത്തെ സ്‌കൂളില്‍ പഠിപ്പിക്കാനും കഴിയില്ല. വേറെ മീഡിയത്തിലല്ലേ പഠിച്ചത്. തമിഴ് മീഡിയത്തിലാണ് കുട്ടികള്‍ പഠിച്ചത്. സ്‌കൂളില്‍ ഒട്ടും പോകാത്ത കുട്ടികളാണെങ്കില്‍ ഇവിടെ ചേര്‍ക്കാമായിരുന്നു.

ഉത്തരേന്ത്യയില്‍ നിന്നുള്ള കുട്ടികളെ അവരുടെ നാട്ടിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. അവിടെയുള്ള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മാറ്റും. അതുവരെ ഇവിടെയുള്ള ചില്‍ഡ്രന്‍സ് ഹോമില്‍ താമസിപ്പിക്കും”. ഷീബ മുംതാസ് പറയുന്നു

കോഴിക്കോട് നഗരത്തിലെ മാത്രം കാഴ്ചയല്ല ഇത്. മെച്ചപ്പെട്ട ജീവിതം തേടി ജന്‍മനാട്ടില്‍ നിന്നും വണ്ടി കയറുന്ന ഉത്തരേന്ത്യക്കാരുടെ കുട്ടികള്‍ കേരളത്തില്‍ രക്ഷിതാവിന്റെ വഴിയേ തന്നെ ജീവിക്കേണ്ടി വരികയാണ്. ആറ് വയസ്സ് മുതല്‍ പതിനാല് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഭരണഘടന ഉറപ്പു നല്‍കുന്നു.

ഒപ്പം പതിനെട്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ ജോലി ചെയ്യിക്കുന്നത്് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കുറ്റകരവുമാണ്. അപ്പോഴാണ് ഇതര സംസ്ഥാനക്കാരുടെ കുട്ടികള്‍ സാക്ഷര കേരളത്തില്‍ ബാലവേല ചെയ്യുന്നത്.

ഇതര സംസ്ഥാനക്കാരായ കുട്ടികളുടെ പ്രായം തെളിയിക്കുന്ന കൃത്യമായ രേഖകളില്ല. ഇത് ബാലവേലക്കെതിരെ കേസ് റെജിസ്റ്റ ചെയ്യാന്‍ തടസ്സമാകുന്നതായാണ് അധികൃതരുടെ വാദം. ചില്‍ഡ്രസ് ഹോമിലേക്ക് മാറ്റുന്ന കുട്ടികള്‍ പിന്നീട് പുറത്തെത്തുമ്പോള്‍ ഈ വഴി തന്നെ തിരഞ്ഞെടുക്കുകയാണ്.

ഉത്തരേന്ത്യയില്‍ നിന്നുള്ള കുടിയേറ്റവും സാമൂഹ്യാവസ്ഥയും

അസം, ബീഹാര്‍, നേപ്പാള്‍, ഒഡീഷ, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് തൊഴില്‍ തേടിയുള്ള കുടിയേറ്റം ഉണ്ടായത്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ പട്ടിണിയും തൊഴിലില്ലായ്മയും കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും ഈ കുടിയേറ്റത്തിന് ആക്കം കൂട്ടി. ചെറു സംഘങ്ങളായെത്തിയവര്‍ പിന്നീട് കുടുംബത്തോടെ കുടിയേറി.

രക്ഷിതാക്കള്‍ പല ജോലി ചെയ്യുമ്പോഴും നഷ്ടം നേരിട്ടത് കുട്ടികള്‍ക്കായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പോലും ഇവര്‍ക്ക് നിഷേധിക്കപ്പെട്ടു. പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം കുട്ടികളും ജോലി ചെയ്യാന്‍ തുടങ്ങി.

ഇടുക്കിയിലെ തോട്ടം മേഖലയില്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍ നടത്തിയ സര്‍വ്വെയില്‍ കുട്ടികള്‍ ജോലി ചെയ്യുന്നതായി കണ്ടെത്തി. പത്ത് വയസ്സിനും പതിനേഴ് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ ജോലി ചെയ്യുന്നതായാണ് കണ്ടെത്തിയത്. അസം, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ തൊഴിലാളികളുടെ മക്കളാണിവര്‍.

കോട്ടയം, പത്തനംതിട്ട ജില്ലകളിലും തോട്ടം മേഖലയില്‍ കുട്ടികള്‍ ജോലി ചെയ്യുന്നുണ്ട്. രക്ഷിതാക്കള്‍ ജോലിക്ക് പോകുമ്പോള്‍ കുട്ടികളെ തനിച്ച് നിര്‍ത്താന്‍ മടിക്കുന്നതിനാല്‍ പലരും കൂടെ കൊണ്ടു പോവുകയായിരുന്നു.

നിയമ വിരുദ്ധമാണെങ്കിലും കുട്ടികള്‍ക്ക് കുറഞ്ഞ കൂലി നല്‍കിയാല്‍ മതിയെന്നതിനാല്‍ ഉടമകളും ജോലി നല്‍കാന്‍ തയ്യാറായി. രക്ഷിതാക്കള്‍ നിരക്ഷരായതിനാല്‍ മക്കളുടെ പഠനത്തെ കുറിച്ച് ചിന്തിക്കുന്നുമില്ല.

എണ്ണാനുള്ള തലകള്‍

സംസ്ഥാനത്തെ സര്‍ക്കാര്‍- എയിഡഡ് സ്‌കൂളുകളില്‍ എണ്ണം തികയ്ക്കാനുള്ള തലകളായി മാറി ഇതര സംസ്ഥാനക്കാരായ കുട്ടികള്‍. കുട്ടികളുടെ കൊഴിഞ്ഞു പോക്ക് കാരണം നിലനില്‍പ്പ് ഭീഷണിയിലായ സ്‌കൂളുകളിലേക്ക് ബാഗും മലയാളത്തിലുള്ള പാഠപുസ്തകങ്ങളുമായി ഇവരെത്തി. വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ പരിശോധന കഴിയുന്നതോടെ ഇവര്‍ സ്‌കൂളിന്റെ പടിയിറങ്ങുകയായി.

വീണ്ടും തൊഴിലിടത്തില്‍ കുറഞ്ഞ കൂലിക്ക് ജോലി ചെയ്തു. എര്‍ണാകുളം ജില്ലയില്‍ മാത്രം പതിനെട്ട് സര്‍ക്കാര്‍ സ്‌കൂളുകളിലായ 2000 വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പഠനം നടത്തിയിരുന്നതായി വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍ പറയുന്നു. ഇവരും ഇടയ്ക്ക് പഠനം ഉപേക്ഷിച്ചു പോയി.

ഇതര സംസ്ഥാനക്കാരുടെ മക്കള്‍ക്കായി വിദ്യാഭ്യാസ പദ്ധതി

ഇതര സംസ്ഥാനക്കാരായ കുട്ടികള്‍ തൊഴില്‍ മേഖലയില്‍ ചൂഷണം ചെയ്യപ്പെടുന്നവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാറും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പദ്ധതികള്‍ ആവിഷ്ടകരിച്ചത്. ഇതിനായി സര്‍വ്വെകളും നടത്തി. ഇടുക്കിയില്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍ ഔട്ട് ഓഫ് സ്‌കൂള്‍ സര്‍വ്വെ എന്ന പേരില്‍ നടത്തിയ സര്‍വ്വെയുടെ അടിസ്ഥാനത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കി.

പതിനേഴ് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ പഠനത്തിന് ആവശ്യമായ സൗകര്യമൊരുക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
പൊതുവിദ്യാഭ്യാസവകുപ്പുമായി സഹകരിച്ചായിരുന്നു ഇടുക്കിയില്‍ സര്‍വശിക്ഷാ അഭിയാന്‍ പദ്ധതി നടപ്പാക്കിയത്.

ഇതര സംസ്ഥാനക്കാരായ കുട്ടികളെ വിദ്യാലയത്തിലേക്ക് ആകര്‍ഷിക്കാനും ഗുണനിലവാരമുള്ള പഠനാന്തരീക്ഷത്തിലൂടെ സ്‌കൂളുകളില്‍ നിലനിര്‍ത്താനുമായിരുന്നു പദ്ധതി. ആദ്യഘട്ടത്തില്‍ വളണ്ടിയര്‍മാരെ നിയോഗിച്ചു. ഇവരിലൂടെ കുട്ടികളെ സ്‌കൂളുകളില്‍ എത്തിക്കാനുള്ള “സ്‌കൂള്‍ ചലേ ഹം” എന്ന പരിപാടി സംഘടിപ്പിച്ചു.

കുട്ടികളുടെ പ്രാദേശികഭാഷ അറിയാവുന്ന വളണ്ടിയര്‍മാരെ കണ്ടെത്തി. അതത് പ്രദേശങ്ങളിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനം. സ്‌കൂളിലെത്തുന്ന കുട്ടികളുടെയും രക്ഷകര്‍ത്താക്കളുടെയും കൂട്ടായ്മകള്‍ സംഘടിപ്പിച്ച് അവരെ ബോധവത്കരിച്ചു. അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും സാമൂഹിക സാഹചര്യങ്ങളും ചര്‍ച്ച ചെയ്ത് ആവശ്യമായ പരിഹാരം കാണുകയായിരുന്നു ഇതിന്റെ ലക്ഷ്യം.

Image result for ഏലാന്‍

കുട്ടികള്‍ അവരുടെ മാതൃ ഭാഷയില്‍ പഠിക്കുന്ന”ഏലാന്‍” പദ്ധതിയും ആവിഷ്‌കരിച്ചു. പദ്ധതിയിലൂടെ ഇതര സംസ്ഥാനക്കാരായ കുട്ടികളെ സ്‌കൂളിലെത്തിച്ചു.

എറണാകുളം ജില്ലയില്‍ ഇത്തരം പദ്ധതി നടപ്പാക്കി. എന്നാല്‍ പദ്ധതി നടപ്പാക്കിയ ചില സ്ഥലങ്ങളിലെല്ലാം വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്കും ഉണ്ടായി. ഇത് തടയുന്നതിനായി എര്‍ണാകുളം ജില്ലാ പഞ്ചായത്ത് റോഷ്‌നി പദ്ധതി ആവിഷ്‌കരിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെയും സര്‍വ്വ ശിക്ഷാ അഭിയാന്റെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയായിരുന്നു എര്‍ണാകുളം ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പാക്കിയത്.

മലയാളം പഠിപ്പിക്കുന്നതിനായി പ്രത്യേകം ക്ലാസ്സുകളും നടത്തുന്നു. കുട്ടികളുടെ മാതൃഭാഷയില്‍ പരിശീലനം നല്‍കുന്നുമുണ്ട്. ശില്പശാലകളും പഠനയാത്രകളും സംഘടിപ്പിച്ച് കൊഴിഞ്ഞു പോക്ക് തടയാന്‍ ശ്രമിക്കുന്നു.

ഈ അധ്യായന വര്‍ഷത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചു. സൗജന്യ പാഠ പുസ്തകവും യൂണിഫോമും പഠന ഉപകരണങ്ങളും നല്‍കി. പെരുമ്പാവൂരിലെ ഇതര സംസ്ഥാനക്കാരായ കുട്ടികള്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നന്ദി അറിയിച്ച് കത്ത് എഴുതി. ഇത് വാര്‍ത്തകളില്‍ ഇടം പിടിച്ചു.

ഇതര സംസ്ഥാനക്കാര്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമ പദ്ധതികളുടെ ഭാഗമായി കുട്ടികളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികളെ സ്‌കൂളില്‍ ചേര്‍ത്താലും ഇടയ്ക്കിടെ രക്ഷിതാക്കളുടെ ജോലി സ്ഥലം മാറുന്നതാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ പലപ്പോഴും തടസ്സമാകുന്നത്.

കോഴിക്കോട് ജില്ലയിലെ ഒരു സ്‌കൂളില്‍ പ്രദേശത്തെ ഇതര സംസ്ഥാനത്തൊഴിലാളികളുടെ ക്യാമ്പില്‍ നിന്നും വിദ്യാര്‍ത്ഥികളെ ചേര്‍ത്തിരുന്നു. മാസങ്ങള്‍ക്കകം തന്നെ അവരെല്ലാം വിട്ടു പോയെന്നാണ് പേര് വെളിപ്പെടുത്താന്‍ തയ്യാറല്ലാത്ത ആ സ്‌കൂളിലെ അധ്യാപകന്‍ പറഞ്ഞത്. ഈ പ്രതിസന്ധി പരിഹരിക്കാനാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നതിനടുത്തായി ക്രെഷുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സാമൂഹ്യ നീതി വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. പൈലറ്റ് പ്രൊജക്ട് എര്‍ണാകുളം ജില്ലയിലാണ്.

വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്നാണ് വിദ്യാര്‍ത്ഥി സംഘടനകളും പറയുന്നത്. “ഇതര സംസ്ഥാനക്കാരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പു വരുത്തണം. അതില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതി അവരുടെ വിദ്യാഭ്യാസ അവകാശം സംരക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ഈ വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടും. കുട്ടികള്‍ പഠനം പൂര്‍ത്തിയാക്കാതെ കൊഴിഞ്ഞു പോകുന്നു എന്നത് ആശങ്ക ഉണ്ടാക്കുന്നതാണ്. അതിന് കൂടി സര്‍ക്കാറിന് ഇടപെടാന്‍ സാധിക്കുമെന്നാണ് കരുതുന്നത്”. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. വിജിന്‍ പറയുന്നു.

എന്നാല്‍ ഈ പദ്ധതികളെല്ലാം ഫലപ്രദമാണോയെന്ന് സംശയമുണ്ട്. ഇപ്പോഴും കുട്ടികള്‍ ഹോട്ടലുകളില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്നു. രക്ഷിതാക്കള്‍ക്ക് ബോധവത്കരണം നടത്തി കുട്ടികള്‍ക്ക് പഠനം തുടരാനുള്ള സാഹചര്യം സര്‍ക്കാര്‍ ഉണ്ടാക്കണം. ഇവര്‍ക്ക് വേണ്ടി ഓരോ സര്‍ക്കാറും പദ്ധതികള്‍ പ്രഖ്യാപിക്കുന്നുണ്ട്. അതിന്റെ പ്രയോജനം ഈ കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ടോയെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റെ കെ.എം അഭിജിത്ത് പ്രതികരിച്ചു.

എ പി ഭവിത

ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more