ന്യൂദല്‍ഹി: ചൊവ്വാഴ്ച നടന്ന യു.ജി.സി-നെറ്റ് പരീക്ഷ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തിയ പരീക്ഷയില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തയതിനെ തുടര്‍ന്നാണ് പനടപടി.
പരീക്ഷയുടെ ചോദ്യങ്ങള്‍ ചോര്‍ന്നെന്ന സംശയത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയോടെയാണ് നെറ്റ് പരീക്ഷ റദ്ദ് ചെയ്ത് കൊണ്ട് കേന്ദ്രം പ്രസ്താവന ഇറക്കിയത്. അന്വേഷണം സി.ബി.ഐക്ക് ഏല്‍പ്പിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് പരീക്ഷ റദ്ദാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. രണ്ട് ഷിഫ്റ്റുകളിലായി 11 ലക്ഷം വിദ്യാര്‍ത്ഥികളാണ് ചൊവ്വാഴ്ച നീറ്റ് പരീക്ഷ എഴുതിയത്.
ചൊവ്വാഴ്ച നടന്ന പരീക്ഷ വീണ്ടും നടത്തുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. എന്ന് നടത്തുമെന്ന കാര്യം പിന്നീട് അറിയിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
യു.ജി.സി-നെറ്റ് പരീക്ഷയിലെ ചോദ്യങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പേ ചില ടെലിഗ്രാം ചാനലുകളില്‍ ചോര്‍ന്നതായാണ് വിവരം. സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനുള്ള സുരക്ഷാ വിഭാഗത്തിന്റെ അന്വേഷണത്തില്‍ ഇത് കണ്ടെത്തിയതോടെയാണ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചത്.
നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഇതനുസരിച്ച് തുടര്‍ നടപടി ഉണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
എന്‍.ടി.എക്ക് കീഴില്‍ ഈ മാസം നടന്ന നാലാമത്തെ പരീക്ഷയാണ് ഇപ്പോള്‍ റദ്ദാക്കിയത്. നേരത്തെ നാല് വര്‍ഷ ബി.എഡ് പ്രോഗ്രാമിലേക്ക് ജൂണ്‍ 12ന് നടത്തിയ നാഷണല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റും (എന്‍.സി.ഇ.ടി) റദ്ദാക്കിയിരുന്നു. സാങ്കേതിക കാരണങ്ങളാല്‍ പരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിയാതായതോടെയാണ് പരീക്ഷ റദ്ദാക്കിയത്.
അതിനിടെ, നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോദ്യവുമായി ബന്ധപ്പെട്ട് എന്‍.ടി.എ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ചോദ്യച്ചോര്‍ച്ച ഉണ്ടായതായി പറയുന്ന പട്‌ന, ഗോധ്ര കേന്ദ്രങ്ങളില്‍ നടന്ന പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ വീണ്ടും പരിശോധിച്ചെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ നേട്ടങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Content Highlight: Education Ministry announces cancellation of UGC-NET