സ്‌കൂള്‍ തുറക്കുന്നത് വൈകിയേക്കും; പ്ലസ് വണ്‍ പരീക്ഷ കേസിലെ സുപ്രീം കോടതി വിധി അനുസരിച്ച് തീരുമാനമെന്ന് മന്ത്രി
Kerala
സ്‌കൂള്‍ തുറക്കുന്നത് വൈകിയേക്കും; പ്ലസ് വണ്‍ പരീക്ഷ കേസിലെ സുപ്രീം കോടതി വിധി അനുസരിച്ച് തീരുമാനമെന്ന് മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th September 2021, 1:08 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നതു സംബന്ധിച്ച തീരുമാനം പ്ലസ് വണ്‍ പരീക്ഷയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്ക് അനുസരിച്ചു മാത്രമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.

വിധി അനുകൂലമെങ്കില്‍ പ്രായോഗികത പരിശോധിക്കാനുള്ള വിദഗ്ധസമിതിയെ നിയമിക്കും. പ്ലസ് വണ്‍ പരീക്ഷ തന്നെ സ്റ്റേ ചെയ്തിരിക്കുന്ന സമയത്ത് സ്‌കൂള്‍ തുറക്കുന്ന നടപടിയുമായി മുന്നോട്ടുപോകുന്നത് ഉചിതമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.

സെപ്റ്റംബര്‍ 13നു കേസ് വീണ്ടും പരിഗണിക്കുന്നതുവരെ പരീക്ഷ നിര്‍ത്തിവെയ്ക്കാനാണ് സുപ്രീംകോടതി നിര്‍ദേശം. സെപ്റ്റംബര്‍ 6 മുതല്‍ പ്ലസ് വണ്‍ പരീക്ഷ നടത്താനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

അതേസമയം സുപ്രീം കോടതിയുടെ വിധി എതിരായാല്‍ സ്‌കൂള്‍ തുറക്കുന്ന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകില്ല. രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആര്‍) എട്ടില്‍ താഴെയെങ്കിലും എത്തിയശേഷം മാത്രമേ ചര്‍ച്ചകളിലേക്ക് കടക്കുകയുള്ളൂ.

സ്‌കൂളുകള്‍ തുറക്കാമെന്ന് നേരത്തെ ആരോഗ്യവിദഗ്ധര്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ നിര്‍ദേശിച്ചിരുന്നു. ഒക്ടോബര്‍ മുതല്‍ ഘട്ടംഘട്ടമായി സ്‌കൂളുകള്‍ തുറക്കാനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ആദ്യഘട്ടത്തില്‍ 10, 11, 12 ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ തുടങ്ങാനായിരുന്നു ആലോചിച്ചിരുന്നത്.

വാക്‌സിനേഷന്‍ മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നതിനാല്‍ അധികം വൈകാതെ തന്നെ രോഗവ്യാപനത്തോത് നിയന്ത്രിതമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. രാത്രി കര്‍ഫ്യൂവും ലോക്ഡൗണും ഒഴിവാക്കി, സ്‌കൂളുകള്‍ ഉള്‍പ്പെടെ തുറന്ന് ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാമെന്നായിരുന്നു വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്.

കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്. കൊവിഡിന്റെ ആദ്യ നാള്‍ മുതല്‍ കേരളം സ്വീകരിച്ചുവരുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ ഫലപ്രദമാണെന്നു ചര്‍ച്ചയില്‍ പൊതുവേ എല്ലാവരും അഭിപ്രായപ്പെട്ടിരുന്നു.

ഐ.സി.എം.ആര്‍ നടത്തിയ സിറോ പ്രിവലന്‍സ് സര്‍വേയില്‍ ഏറ്റവും കുറച്ചു പേര്‍ക്കു രോഗം പകര്‍ന്ന സംസ്ഥാനമാണ് കേരളമെന്നു പലരും ചൂണ്ടിക്കാട്ടി. മരണനിരക്ക് കുറച്ചുനിര്‍ത്തിയത് അഭിനന്ദനാര്‍ഹമാണെന്നും രോഗികളുടെ എണ്ണത്തിലെ വര്‍ധനയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വ്യാപനം വൈകാതെ നിയന്ത്രിക്കാനാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം രാജ്യത്തെ 5 സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറന്നിട്ടുണ്ട്. കൊവിഡ് കേസുകള്‍ കുറഞ്ഞ സംസ്ഥാനങ്ങളായ ദല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, അസം, തമിഴ്നാട് എന്നിവിടങ്ങളിലാണ് 50% വിദ്യാര്‍ത്ഥികളുമായി ക്ലാസുകള്‍ ആരംഭിച്ചത്.

കര്‍ശന നിയന്ത്രണങ്ങളോടെയാണ് സ്‌കൂള്‍ അധ്യയനം ആരംഭിച്ചിരിക്കുന്നത്. അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്.

ദല്‍ഹിയില്‍ 9 മുതല്‍ 12 വരെയുള്ള ക്ലാസുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് തുറന്നത്. തമിഴ്നാട്ടില്‍ ഒരു ക്ലാസില്‍ ഒരേ സമയം പരമാവധി 20 വിദ്യാര്‍ത്ഥികളെ മാത്രമേ അനുവദിക്കുന്നുള്ളൂ. കേരളത്തില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റോ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Education minister v sivankutty on school reopening