ആര്‍.എസ്.എസ് അജണ്ട കേരളം അംഗീകരിക്കില്ല; പാഠപുസ്തകങ്ങളില്‍ ചരിത്രം തിരുത്താനുള്ള കേന്ദ്ര നടപടിയില്‍ ശിവന്‍കുട്ടി
Kerala News
ആര്‍.എസ്.എസ് അജണ്ട കേരളം അംഗീകരിക്കില്ല; പാഠപുസ്തകങ്ങളില്‍ ചരിത്രം തിരുത്താനുള്ള കേന്ദ്ര നടപടിയില്‍ ശിവന്‍കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th April 2023, 7:26 pm

തിരുവനന്തപുരം: പാഠപുസ്തകങ്ങളില്‍ ചരിത്രം തിരുത്താനുള്ള കേന്ദ്ര നടപടി കേരളം അംഗീകരിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സംസ്ഥാനത്തെ പാഠപുസ്തകങ്ങളില്‍ എന്‍.സി.ഇ.ആര്‍.ടി സിലബസിലുള്ള വെട്ടിമാറ്റലുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

ഓരോ സംസ്ഥാനങ്ങളിലേയും പ്രതിനിധികളെ ഉള്‍പ്പെടുത്തി വേണം സിലബസ് പുനസംഘടിപ്പിക്കേണ്ടതെന്നും പാഠഭാഗങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ബി.ജെ.പി അജണ്ട നടപ്പാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘എന്‍.സി.ഇ.ആര്‍.ടി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ഒന്നും അടിച്ചേല്‍പ്പിക്കാനാകില്ല. വിഷയത്തില്‍ കേന്ദ്രം ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിയോജിപ്പ് പരിഗണിച്ചില്ലെങ്കില്‍ സപ്ലിമെന്ററി പാഠപുസ്തകം തയ്യാറാക്കുന്നതടക്കം പരിശോധിക്കും.

മഹാത്മാ ഗാന്ധിയെ ഒഴിവാക്കണമെന്ന് പറഞ്ഞാല്‍ അത് നടപ്പാക്കണമെന്ന ബാധ്യതയൊന്നുമില്ല. ആറാം ക്ലാസ് മുതലുള്ള പാഠപുസ്തകങ്ങളില്‍ നിന്ന് പാഠഭാഗങ്ങള്‍ വെട്ടിമാറ്റുകയാണ്. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും അജണ്ട നടപ്പാക്കാനുള്ള ശ്രമമാണിത്,’ ശിവന്‍കുട്ടി പറഞ്ഞു.

അതേസമയം, കുട്ടികളുടെ വീട്ടില്‍ അധ്യാപകരെത്തി നേരിട്ട് പൊതുവിദ്യാലയങ്ങളിലേക്ക് ക്ഷണിക്കുന്ന കെ.എസ്.ടി.എയുടെ പദ്ധതി തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്തു.

സിനിമാ താരം പ്രേംകുമാര്‍, നര്‍ത്തകി നീനാ പ്രസാദ് തുടങ്ങിയവരുടെ ഒപ്പമാണ് മന്ത്രി
കൊഞ്ചിറവിളയിലെ പരിപാടിയില്‍ സര്‍ക്കാര്‍ വിദ്യാലയത്തിലേക്ക് കുട്ടികളെ ക്ഷണിച്ചത്.

ധൈര്യത്തോടെ അധ്യാപകര്‍ക്ക് ഇനി കുട്ടികളുടെ വീട്ടില്‍ കയറി പൊതു വിദ്യാലയങ്ങളിലേക്ക് അവരെ ക്ഷണിക്കാമെന്നും എല്ലാ പൊതു വിദ്യാലയങ്ങളും ഇന്ന് മികവിന്റെ കേന്ദ്രങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്കോ രക്ഷിതാക്കള്‍ക്കോ പൊതു വിദ്യാലയങ്ങളെക്കുറിച്ച് മറിച്ച് ഒരു അഭിപ്രായം ഉണ്ടാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlight: Education Minister V. Sivankutty Kerala will not accept central action to correct history in textbooks