| Sunday, 20th August 2023, 2:49 pm

'ഇങ്ങിനെ കുനിഞ്ഞാല്‍ ഒടിഞ്ഞുപോകും'; വി. ശിവന്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാല്‍ തൊട്ട് വണങ്ങുന്ന സൂപ്പര്‍ താരം രജിനികാന്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയരുമ്പോള്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ‘കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ഇങ്ങിനെ കുനിഞ്ഞാല്‍ ഒടിഞ്ഞു പോകും..!,’ എന്നാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വി. ശിവന്‍കുട്ടി പറയുന്നത്.


ജാര്‍ഖണ്ഡ് സന്ദര്‍ശനത്തിന് ശേഷം യു.പി മുഖ്യമന്ത്രിയുടെ ലഖ്നൗവിലെ വസതിയിലെത്തിയപ്പോഴാണ് രജിനികാന്ത് യോഗിയുടെ കാല്‍ തൊട്ട് വന്ദിച്ചത്. ഈ നടപടിയില്‍ വലിയ വിമര്‍ശനം നടനെതിരെ ഉയരുന്നുണ്ട്. തമിഴ് ജനതയെ നാണം കെടുത്തി, രജിനികാന്തിന്റെ പ്രവര്‍ത്തി അങ്ങേയറ്റം മോശമായിപ്പോയി, ഇദ്ദേഹത്തില്‍ നിന്ന് ഇങ്ങനെ ഒന്ന് ഒട്ടും പ്രതീക്ഷിച്ചില്ല തുടങ്ങിയ വിമര്‍ശനങ്ങളാണ് ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.


’51 കാരനായ യോഗി ആദിത്യനാഥിന്റെ പാദങ്ങള്‍ തൊടുന്ന 72 കാരനായ രജിനികാന്ത് കാലില്‍ വീഴുന്നത് പ്രായത്തിന്റെ അടിസ്ഥാനത്തില്‍ പോലും ന്യായീകരണമില്ല. യോഗി എട്ട് വയസുള്ളപ്പോഴും രജിനികാന്ത് തമിഴ്‌നാട്ടില്‍ സൂപ്പര്‍ സ്റ്റാറായിരുന്നു,’ എന്നാണ് ഈ ചര്‍ച്ചയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന ഒരു കമന്റ്.


യോഗിക്കൊപ്പമാകും ജയിലര്‍ രജിനി കാണുകയെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നുവെങ്കിലും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിക്കൊപ്പമാണ് രജിനി സിനിമ കണ്ടത്. ഞായറാഴ്ച അയോധ്യയും സന്ദര്‍ശിച്ച ശേഷമാകും രജിനി മടങ്ങിയെത്തുക എന്നതാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Education Minister V. Shivankutty trolls Rajinikanth

Latest Stories

We use cookies to give you the best possible experience. Learn more