| Saturday, 30th September 2023, 4:31 pm

ഇടവേളയിൽ ഡെസ്കിൽ കൊട്ടിപ്പാടി സ്കൂൾ വിദ്യാർത്ഥികൾ; ഏറ്റെടുത്ത് മന്ത്രിയും 'പഴയകാല വിദ്യാർത്ഥികളും'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇടവേളയിൽ ക്ലാസിലെ ഡെസ്കിൽ പെൻസിലും ബോക്സുമുപയോഗിച്ച് താളമിടുന്ന സ്കൂൾ വിദ്യാർത്ഥികളുടെ വീഡിയോ ഫേസ്ബുക് പേജിൽ പങ്കുവെച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.

കോഴിക്കോട് തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന മൂന്ന് വിദ്യാർത്ഥികളുടെ കൗതുകകരമായ വീഡിയോ പകർത്തിയത് സ്കൂളിലെ ഹിന്ദി അധ്യാപിക അനുസ്മിതയാണ്. ഉച്ചയൂണ് കഴിഞ്ഞുള്ള ഇടവേളയിൽ വരാന്തയിലൂടെ നടക്കുമ്പോഴാണ് അധ്യാപിക കുട്ടികളുടെ കരവിരുത് കാണാനിടയായത്. ഏഴാം തരത്തിൽ പഠിക്കുന്ന ആദ്യദേവ്, ഭഗത്, നിലാവ് കൃഷ്ണ, മുഹമ്മദ് റൈഹാൻ എന്നീ വിദ്യാർത്ഥികളുടെ പേരുകളും മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.

ബെഞ്ചിൽ കൈകൊണ്ട് കൊട്ടിയും ഇൻസ്ട്രുമെന്റ് ബോക്സിൽ പേനയും പെൻസിലുമുപയോഗിച്ച് താളമിട്ടും ആസ്വദിക്കുന്ന കുട്ടികളുടെ വീഡിയോ ഏറ്റെടുത്തുകൊണ്ട് നിരവധി പേർ കമന്റ് ചെയ്തു. വിദ്യാഭ്യാസമേഖലയിൽ ശുഭകരമായ മാറ്റം വന്നുവെന്നാണ് പലരുടെയും കമന്റ്.

‘ഇതാണ് സ്‌കൂളുകളിൽ വന്ന ശരിയായ മാറ്റം. ക്‌ളാസ് മുറികളിൽ വർത്തമാനം പറഞ്ഞാൽ, ഉറക്കെ ചിരിച്ചാൽ, കളിച്ചാൽ, അടി കിട്ടുമായിരുന്ന ഒരു കാലത്തിൽ നിന്നുള്ള മാറ്റം. അന്നും ഇന്നും കുട്ടികളാണ് ശരി. അധ്യാപകരും അധികാരികളുമാണ് മാറേണ്ടത്. ഇനിയും എത്രയോ മാറേണ്ടതുണ്ട്,’ കമന്റ് ബോക്സിൽ ഒരാൾ പ്രതികരിച്ചു.

മുപ്പത് വർഷം മുമ്പ് ഇങ്ങനെയുള്ള ഒരു കലാവിരുത് നടത്തിയതിന് രണ്ട് ദിവസം താൻ ക്ലാസിനു പുറത്ത് നിന്നിട്ടുണ്ട് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

മന്ത്രിയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ-

ഉച്ചയൂൺ കഴിഞ്ഞുള്ള ഇന്റർവെല്ലിലാണ് ഹിന്ദി ടീച്ചറായ അനുസ്മിത ടീച്ചർ ക്ലാസ് വരാന്തയിലൂടെ നടന്നത്. മനോഹരമായ താളവും കുട്ടികളുടെ ശബ്ദവും കേട്ട് തെല്ലവിടെ നിന്ന ടീച്ചർ കുട്ടികളുടെ കലാവിരുത് ഫോണിൽ പകർത്തി. കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ ഏഴാംതരം വിദ്യാർത്ഥികളായ ആദ്യദേവ് , ഭഗത് ,നിലവ് കൃഷ്ണ, മുഹമ്മദ് റൈഹാൻ എന്നിവർ പെന്നും പെൻസിലും ബോക്സും ഉപയോഗിച്ച് ക്ലാസിനിടയിൽ വീണുകിട്ടിയ ഒരു ഇടവേളയിൽ കൊട്ടിക്കയറിയപ്പോൾ വിരിഞ്ഞത് ആഹാദത്തിന്റെ സ്വരമേളം.

Content Highlight: Education Minister shares video of students enjoying interval with rhythmic fun on desk

We use cookies to give you the best possible experience. Learn more