തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടിയാല്‍ ഘട്ടംഘട്ടമായി സ്‌കൂള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി നിയമസഭയില്‍ വ്യക്തമാക്കി.
ഓണ്‍ലൈന്‍ പഠനംമൂലം 36 ശതമാനം കുട്ടികള്‍ക്ക് കഴുത്തുവേദനയും 27 ശതമാനം പേര്‍ക്ക് കണ്ണുവേദനയും റിപ്പോര്‍ട്ട് ചെയ്തതായി എസ്.സി.ഇ.ആര്‍.ടി.സി റിപ്പോര്‍ട്ട് ഉദ്ധരിച്ച് മന്ത്രി പറഞ്ഞു.
കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധയും വ്യായാമവും ഉറപ്പുവരുത്തണമെന്നും ശിവന്‍ കുട്ടി സഭയില്‍ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ ഇന്നു മുതല്‍ നടപ്പാക്കും. ബീച്ചുകള്‍ ഉള്‍പ്പടെയുള്ള തുറസ്സായ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കും.
ബാങ്കുകള്‍, വ്യാപാരവ്യവസായ സ്ഥാപനങ്ങള്‍ക്ക് ആറു ദിവസം പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ ആഴ്ചയില്‍ 5 ദിവസവും തുറക്കാം. ഓണക്കാലത്തോടനുബന്ധിച്ചാണ് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചത്.
ഒരു ഡോസ് വാക്സീനെടുത്തവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ തടസമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. രാവിലെ 7 മുതല്‍ രാത്രി 9വരെ കടകള്‍ക്ക് പ്രവര്‍ത്തിക്കാം.
സംസ്ഥാനത്ത് കഴിഞ്ഞദിവസം 18,607 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്.