| Monday, 22nd July 2024, 6:49 pm

വിദ്യാഭ്യാസ മന്ത്രി താനൊഴികെ ബാക്കി എല്ലാവരെയും കുറ്റപ്പെടുത്തി; നീറ്റ് ക്രമക്കേടിൽ കേന്ദ്രത്തിനെതിരെ രാഹുൽ ​ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേട് ലോക്‌സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ രാജ്യത്തെ എല്ലാ പ്രധാന പരീക്ഷകളുടെയും വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് രാഹുല്‍ പറഞ്ഞു.

രാജ്യത്തെ പരീക്ഷാ സമ്പ്രദായത്തില്‍ വളരെ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തമായ കാര്യമാണ്. വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ താനൊഴികെ ബാക്കി എല്ലാവരെയും കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നീറ്റില്‍ മാത്രമല്ല രാജ്യത്തെ എല്ലാ പ്രധാന പരീക്ഷകളിലും പ്രശ്‌നങ്ങളുണ്ടെന്നത് വ്യക്തമായ കാര്യമാണ്. സമ്പന്നര്‍ക്ക് രാജ്യത്തിന്റെ പരീക്ഷാ സമ്പ്രദായം വാങ്ങാന്‍ കഴിയുമെന്ന് ഒരുപാട് ഇന്ത്യക്കാര്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയും മറ്റ് ക്രമക്കേടുകളും പുറത്തുവന്നതിനെ പിന്നാലെയാണ് മെയ് അഞ്ചിന് നടന്ന പരീക്ഷയുടെ ഫലം ജൂണ്‍ നാലിന് പ്രഖ്യാപിച്ചത്. പേപ്പര്‍ ചോര്‍ച്ച, ആള്‍മാറാട്ടം, തട്ടിപ്പ് എന്നിവ ചൂണ്ടിക്കാട്ടി പുതിയ പരീക്ഷ ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹരജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ പേപ്പര്‍ ചോര്‍ച്ചയില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. ധര്‍മ്മേന്ദ്ര പ്രധാന്‍ വിദ്യാഭ്യാസ മന്ത്രിയായി തുടര്‍ന്നാല്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നീതി ലഭിക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

Content Highlight: ‘Education minister blamed everyone but himself’: Rahul Gandhi questions Centre on paper leaks

We use cookies to give you the best possible experience. Learn more