ആക്രമണം, തൊഴിലില്ലായ്മ, വിദ്യാഭ്യാസം; ഇവയാണ് ഞങ്ങള്‍ ട്രാൻസ്ജെൻഡറുകള്‍ നേരിടുന്ന വെല്ലുവിളികള്‍; ഹിമാചല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഐക്കണ്‍
India
ആക്രമണം, തൊഴിലില്ലായ്മ, വിദ്യാഭ്യാസം; ഇവയാണ് ഞങ്ങള്‍ ട്രാൻസ്ജെൻഡറുകള്‍ നേരിടുന്ന വെല്ലുവിളികള്‍; ഹിമാചല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഐക്കണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th May 2024, 2:34 pm

ഷിംല: ട്രാൻസ്ജെൻഡർ വിഭാഗങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങൾ തൊഴിലില്ലായ്മയും വിദ്യാഭ്യാസം ലഭിക്കാത്തതും വിവേചനങ്ങളുമാണെന്ന് ഹിമാചൽ പ്രദേശ് ട്രാൻസ്ജെൻഡർ തെരഞ്ഞെടുപ്പ് കമ്മീഷൻ ഐക്കൺ മായാ താക്കൂർ.

മറ്റ് വിദ്യാർത്ഥികളിൽ നിന്ന് നേരിട്ട അധിക്ഷേപവും അതിനെതിരെ നടപടിയെടുക്കാനുള്ള അധ്യാപകരുടെ വിമുഖതയും തന്നെ ഒമ്പതാം ക്ലാസിന് ശേഷം സ്‌കൂൾ വിദ്യാഭ്യാസം നിർത്താൻ പ്രേരിപ്പിച്ചുവെന്ന് മായാ താക്കൂർ പറഞ്ഞു.

ഷിംല പാർലമെൻ്റ് മണ്ഡലത്തിന് കീഴിലുള്ള സോളൻ ജില്ലയിലെ കുനിഹാർ പ്രദേശത്തെ കോത്തി ഗ്രാമവാസിയാണ് താക്കൂർ. താനൊരു ട്രാൻസ്ജെൻഡർ ആണെന്നറിഞ്ഞ ഗ്രാമവാസികൾ തന്നെ പുറത്താക്കാൻ കുടുംബത്തിന്മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു എന്നും അവർ പറഞ്ഞു.

സംസ്ഥാനത്തെ ട്രാൻസ് ജൻഡർ വിഭാഗത്തിൽ സംസാരിക്കാൻ ധൈര്യം കാണിച്ച ഏക വ്യക്തി താനായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

‘സ്കൂളിൽ വിദ്യാർത്ഥികൾ എന്നെ ടോയ്‌ലറ്റ് ഉപയോഗിക്കാൻ അനുവദിക്കില്ലായിരുന്നു. സ്‌കൂളിലെ മോശം പെരുമാറ്റത്തെയും വിവേചനത്തെയും കുറിച്ച് ഞാൻ എൻ്റെ കുടുംബാംഗങ്ങളോട് പറഞ്ഞപ്പോൾ, സ്‌കൂൾ ഒഴിവാക്കാൻ ഞാൻ ഒഴിവുകഴിവ് പറയുകയാണെന്ന് അവർ കരുതി. ഒടുവിൽ വിദ്യാഭ്യാസം നിർത്തുകയല്ലാതെ മറ്റൊരു വഴിയും എന്റെ മുന്നിൽ ഉണ്ടായിരുന്നില്ല. ഒരവസരം ലഭിച്ചാൽ എൻ്റെ വിദ്യാഭ്യാസം പുനരാരംഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,,’ അവർ പറഞ്ഞു.

ജീവിതത്തിൻ്റെ ഓരോ ചുവടിലും തങ്ങൾ വിവേചനം നേരിടുന്നുണ്ടെന്നും താക്കൂർ കൂട്ടിച്ചേർത്തു.

‘വിദ്യാഭ്യാസം, ജോലി, വിവേചനം എന്നിവയാണ് ഞങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങൾ. പഠിക്കാനും അധ്യാപകരാകാനും അഭിഭാഷകരാകാനും പൊലീസിൽ ചേരാനും ജീവിതത്തിൻ്റെ മറ്റ് മേഖലകളിൽ മികവ് പുലർത്താനും ആഗ്രഹിക്കുന്ന ട്രാൻസ്‌ജെൻഡർമാരുണ്ട്, പക്ഷേ ഞങ്ങൾ ജോലിക്ക് അപേക്ഷിക്കുമ്പോൾ, നിങ്ങൾക്ക് എന്തെങ്കിലും സ്കീമുണ്ടെങ്കിൽ അറിയിക്കാം എന്നാണവർ പറയുക’, താക്കൂർ പറഞ്ഞു.

താൻ ജനിച്ചത് ഒരു പുരുഷനായാണ്, പക്ഷേ പിന്നീട് തന്റെ സ്വത്വം ഒരു സ്ത്രീയുടേതാണെന്ന് തിരിച്ചറിഞ്ഞെന്നും അവർ പറഞ്ഞു.

‘എൻ്റെ വ്യക്തിത്വം ഒരു സ്ത്രീയുടേതാണ്, ഞങ്ങൾ യൂണിസെക്സാണ്, നപുംസകങ്ങളല്ല. ആളുകൾ ഞങ്ങളെ നപുംസകങ്ങളായി കണക്കാക്കുന്നു സമൂഹം ഞങ്ങളെ അംഗീകരിക്കുന്നില്ല,’ അവർ പി.ടി.ഐയോട് പറഞ്ഞു.

ഉത്തരേന്ത്യയെ അപേക്ഷിച്ച് ദക്ഷിണേന്ത്യയിലെ സ്ഥിതി ഇപ്പോഴും മികച്ചതാതാണെന്നും അവർ കൂട്ടിച്ചേർത്തു. തങ്ങൾക്ക് ഇഷ്ടമുള്ള ജീവിതം നയിക്കാൻ ട്രാൻസ്‌ജെൻഡേഴ്സിന് അവകാശമുണ്ടെന്നും അതിനായി സാമൂഹിക അവബോധം പ്രചരിപ്പിക്കേണ്ട ആവശ്യകതയുണ്ടെന്നും അവർ പറഞ്ഞു.

 

 

Content Highlight: Education, jobs and ending discrimination main issues: Himachal EC transgender icon