ആദിവാസി ജനസംഖ്യയുടെ 47 ശതമാനമുള്ള വയനാട്ടില്‍ വര്‍ഷംതോറും നൂറുകണക്കിന് ആദിവാസി വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സിയും ഹയര്‍സെക്കന്‍ഡറിയും പഠിച്ചിറങ്ങുന്നത്. എന്നാല്‍ ഇവര്‍ക്ക് തുടര്‍പഠനത്തിനാവശ്യമായ സ്‌കൂളുകളോ കോളെജുകളോ വയനാട്ടിലില്ല. പട്ടികജാതി വകുപ്പുകള്‍ക്ക് ഒരു ആദിവാസി കോളെജ് പോലും ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന വയനാട്ടിലില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഇത്തവണ 600ല്‍ കൂടുതല്‍ വിദ്യാര്‍ഥികളാണ് ഹയര്‍സെക്കന്‍ഡറിക്ക് സീറ്റ് ലഭിക്കാതെ സ്വകാര്യ സ്ഥാപനങ്ങളില്‍ ചേര്‍ന്നത്. സാമ്പത്തിക ചുറ്റുപാട് ഇല്ലാത്ത കുടുംബങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ഥികള്‍ വന്‍തുക കൊടുത്താണ് സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ പോകുന്നത്. ഇക്കാരണങ്ങള്‍ കൊണ്ടാണ് വയനാട്ടില്‍ കൂടുതല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ വേണമെന്ന ആവശ്യം ഉന്നയിക്കുന്നതും.
ഹയര്‍സെക്കന്‍ഡറി പാസായവരുടെ അവസ്ഥയും സമാനമാണ്. ജില്ലയില്‍ ആകെയുള്ള മൂന്ന് സര്‍ക്കാര്‍ കോളെജുകളില്‍ തന്നെ എസ്.ടി സീറ്റുകള്‍ കുറവാണ്. ഏകജാലക സംവിധാനവും വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പലപ്പോഴും അലോട്ട്‌മെന്റുകള്‍ വിളിക്കുന്നത് ഇവര്‍ അറിയാറില്ല. ആദിവാസി കുട്ടികള്‍ക്ക് ഉന്നതപഠനത്തിനുള്ള സാഹചര്യങ്ങള്‍ ഒരുക്കണമെന്ന ആവശ്യം കാലങ്ങളായുള്ളതാണ്. ബന്ധപ്പെട്ട വകുപ്പുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഈ അവസ്ഥക്ക് പരിഹാരം ഉണ്ടാകൂ എന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.