| Thursday, 5th December 2024, 2:36 pm

വിദ്യാഭ്യാസം ഇസ്‌ലാമിലെ കേന്ദ്ര ബിന്ദു; പെണ്‍കുട്ടികളെ അതില്‍ നിന്ന് വിലക്കരുത്; താലിബാനെതിരെ റാഷിദ് ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: പെണ്‍കുട്ടികള്‍ക്ക് നഴ്‌സിങ് അടക്കമുള്ള മെഡിക്കല്‍ ഫീല്‍ഡുകളില്‍ വിലക്ക് ഏര്‍പ്പെടുത്തിയ താലിബാന്‍ നടപടിക്കെതിരെ പ്രതിഷേധവുമായി പ്രശസ്ത അഫ്ഗാന് ക്രിക്കറ്ററായ റാഷിദ് ഖാന്‍.

കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം പെണ്‍കുട്ടികളെ മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ നിന്ന് വിലക്കിയത്. ഇതിന്റെ ഭാഗമായി രാജ്യത്തെ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ താലിബാന്‍ അടച്ചുപൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്.

ഇസ്‌ലാം മതത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ വിദ്യാഭ്യാസം ലഭിക്കേണ്ടതിന്റെ ആവശ്യകതെയെ കുറിച്ചാണ് പറയുന്നതെന്നും ഒരു രാജ്യത്തിന്റെ വികസനം ആരംഭിക്കുന്നത് വിദ്യാഭ്യാസത്തിലൂടെയാണെന്നും അതിനാല്‍ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം നേടാനുള്ള അവസരമുണ്ടെന്നും റാഷിദ് ഖാന്‍ പറയുന്നു. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് റാഷിദ് ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

‘അഫ്ഗാനിസ്ഥാനിലെ സ്ത്രീകളേയും പെണ്‍കുട്ടികളേയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ നിന്നും വിലക്കുന്നതിലും അടച്ച് പൂട്ടുന്നതിലും അഗാധമായ ദുഃഖവും നിരാശയുമാണ് അനുഭവപ്പെടുന്നത്. ഈ തീരുമാനം അവരുടെ ഭാവിയെ മാത്രമല്ല സമൂഹത്തിന്റെ ഘടനയെപ്പോലും ബാധിക്കുന്നു. അവര്‍ നേരിടുന്ന ഈ യാതനകളാണ് പെണ്‍കുട്ടികള്‍ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെക്കുന്നത്.

നമ്മുടെ രാജ്യം ഇന്ന് നിര്‍ണായകഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്തെ എല്ലാ മേഖലകളിലും പ്രത്യേകിച്ച് ആരോഗ്യമേഖലകളില്‍ പ്രൊഫഷണലുകളെ വളരെ ആവശ്യമുണ്ട്. നിലവില്‍ വനിതാ ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും എണ്ണം കുറയുന്നത് ആശങ്കാജനകമാണ്. അതിനാല്‍ ഈ തീരുമാനങ്ങള്‍ പുനപരിശോധിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,’ റാഷിദ് ഖാന്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നത് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നും എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുക എന്നത് ഒരു സാമൂഹിക ഉത്തരവാദിത്തമാണെന്നും അത് നമ്മുടെ ധാര്‍മിക ബാധ്യതയാണെന്നും പറഞ്ഞാണ് താരം തന്റെ കുറിപ്പ് അവസാനിക്കുന്നത്.

20 വര്‍ഷത്തെ അധിനിവേശത്തിന് ശേഷം 2021 ഓഗസ്റ്റില്‍ അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്മാറിയതോടെയാണ് താലിബാന്‍ അധികാരത്തില്‍ വരുന്നത്. അധികാരത്തില്‍ എത്തിയതിന് പിന്നാലെ ഏഴാം ക്ലാസ് മുതലുള്ള പെണ്‍കുട്ടികളെ വിദ്യാഭ്യാസം നേടുന്നതില്‍ നിന്ന് വിലക്കിയിരുന്നു.

സ്ത്രീകള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം മാത്രം മതിയെന്നും സര്‍വകലാശാലകളില്‍ പോകേണ്ടെന്ന നിലപാടായിരുന്നു താലിബാന്. ചില ജോലികള്‍ ചെയ്യുന്നതിലും പാര്‍ക്കുകളിലും ജിമ്മുകളിലും പ്രവേശിക്കുന്നതിനും സ്ത്രീകള്‍ക്ക് വിലക്കുണ്ട്.

Content Highlight: education holds central place in Islam, Taliban should reconsider medical education ban for women says Rashid Khan 

We use cookies to give you the best possible experience. Learn more