എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷാ പേപ്പറിന് ഫീസ് ഈടാക്കാന്‍ വിദ്യാഭ്യാസ വകുപ്പ്; ഉത്തരവിനെതിരെ അധ്യാപക സംഘടനകളും കെ.എസ്.യുവും
തിരുവനന്തപുരം: എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷാ പേപ്പറിന് ഫീസ് ഈടാക്കുന്ന നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. ചോദ്യപേപ്പറുകള്‍ അച്ചടിച്ച് വിതരണം ചെയ്യുന്നതിനുള്ള ചെലവിലേക്കായി ഓരോ പരീക്ഷാര്‍ത്ഥിയില്‍ നിന്നും 10 രൂപ വീതം ഈടാക്കുന്ന നടപടിക്കെതിരെയായാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിന് പിന്നാലെയാണ് വിമര്‍ശനം.
സര്‍ക്കാരിന്റെ പ്രസ്സുകളില്‍ നിന്ന് അച്ചടിച്ച് വിതരണം ചെയ്യുന്ന ചോദ്യപേപ്പറുകള്‍ക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ് ഫീസ് ഈടാക്കുന്നതെന്ന ചോദ്യം പരീക്ഷ ഭവന് നേരെ ഉയര്‍ന്നിട്ടുണ്ട്.
പ്രിന്റ് ചെയ്തുവരുന്ന ചോദ്യപേപ്പറുകള്‍ അതാത് ജില്ലാ വിദ്യഭ്യാസ ഓഫീസര്‍മാര്‍ കൈപ്പറ്റുകയും തുടര്‍ന്ന് ബന്ധപ്പെട്ട സ്‌കൂളുകള്‍ക്ക് നല്‍കണമെന്നാണ് ഉത്തരവ്. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗത്തില്‍ പെടുന്നവരില്‍ നിന്നും അനാഥരായ കുട്ടികളില്‍ നിന്നും ഫീസ് ഈടാക്കേണ്ടതില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ശേഖരിക്കുന്ന തുകയില്‍ നിന്ന് ചോദ്യപേപ്പര്‍ വിതരണം ചെയ്യാനുള്ള ചെലവ് നികത്തി ബാക്കിയുള്ള തുക വിദ്യാഭ്യാസ ഉപ ഡയറക്ടര്‍, ക്യൂ ഐ.പി വിഭാഗം എന്ന പേരില്‍ ഡിമാന്റ് ഡ്രാഫ്റ്റ് ആയി പൊതു വിദ്യാഭ്യാസ ഡയക്ടറുടെ കാര്യാലയത്തില്‍ എത്തിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
പരീക്ഷ ഭവന്റെ ഉത്തരവിനെതിരെ അധ്യാപക സംഘടനകളും വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യുവും രംഗത്തെത്തി.
ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ഭിക്ഷ യാചിച്ചാണെങ്കിലും സമരം നടത്തുമെന്ന് കെ.എസ്.യു അറിയിച്ചു. ഉത്തരവില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ നടത്താനും ചൊവ്വ, ബുധന്‍ എന്നീ ദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലേക്കും മാര്‍ച്ച് നടത്താനും തീരുമാനിച്ചതായും കെ.എസ്.യു നേതൃത്വം വ്യക്തമാക്കി.
Content Highlight: Education Department to charge fee for SSLC Model Exam Paper