കാസര്‍കോട്: അധ്യാപികയെ ലൈംഗിക ഉദ്ദേശത്തോടെ ഹോട്ടല്‍ റൂമിലേക്ക് ക്ഷണിച്ചതിന്റെ പേരില്‍ വിജിലന്‍സിന്റെ പിടിയിലായ ആര്‍. വിനോയ് ചന്ദ്രനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെന്റ് ചെയ്തു.
സര്‍ക്കാര്‍ സേവനം ലഭ്യമാക്കാന്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും കടുത്ത അച്ചടക്ക ലംഘനവും ഗുരുതരമായ കൃത്യവിലോപവുമാണ് നടത്തിയതെന്നും അന്വേഷണത്തില്‍ ബോധ്യമായ സാഹചര്യത്തിലാണ് സസ്പെന്‍ഷന്‍.
കാസര്‍ഗോഡ് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ജൂനിയര്‍ സൂപ്രണ്ടായ ആര്‍. വിനോയ് ചന്ദ്രന്‍ ഗെയിന്‍ പി.എഫിന്റെ സംസ്ഥാന നോഡല്‍ ഓഫീസറാണ്. വിനോയ് ചന്ദ്രനെതിരെ വകുപ്പുതല അച്ചടക്ക നടപടി അടിയന്തരമായി ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.
പി.എഫ് തുക പാസാക്കണമെങ്കില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടണമെന്നാണ് അധ്യാപികയോട് വിനോയ് ചന്ദ്രന്‍ ആവശ്യപ്പെട്ടത്. ഇതിനായി അധ്യാപികയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയപ്പോഴാണ് വിനോയ് ചന്ദ്രനെ വിജിലന്‍സ് സൂപ്രണ്ട് വി.ജി. വിനോദ് കുമാര്‍ അറസ്റ്റ് ചെയ്തത്.
വീട് നിര്‍മാണത്തിനായി പി.എഫില്‍ നിന്നും വായ്പ എടുക്കുന്നതിനായാണ് കോട്ടയം സ്വദേശിയായ അധ്യാപിക അപേക്ഷ നല്‍കിയത്. എന്നാല്‍ സാങ്കേതിക പിഴവുകള്‍ വന്നതിനാല്‍ സംസ്ഥാന നോഡല്‍ ഓഫീസറെ സമീപിക്കാന്‍ അറിയിക്കുകയായിരുന്നു.
ഇതേതുടര്‍ന്നാണ് യുവതി വിനോയ് ചന്ദ്രനെ ഫോണില്‍ വിളിച്ചത്. പ്രശ്നം പരിഹരിക്കാമെന്ന് വാക്ക് നല്‍കിയ ഇയാള്‍ ജീവനക്കാരിയെ ലൈംഗിക താല്‍പര്യത്തോടുകൂടി സമീപിക്കുകയായിരുന്നു.
നിരന്തരം ലൈംഗിക ചുവയോടെ വാട്സ്ആപ്പില്‍ മെസേജ് അയക്കുകയും വിളിക്കുകയും ചെയ്തു. വിനോയ് യുവതിയോട് നഗ്നയായി വാട്സ്ആപ്പ് കോളില്‍ വരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് യുവതി തയ്യാറാകാതെ വന്നതോടെ താന്‍ അടുത്ത ദിവസം കോട്ടയത്ത് വരുന്നുണ്ടെന്നും ഹോട്ടലില്‍ മുറി എടുത്ത് പ്രശ്നം പരിഹരിക്കാമെന്നും വിനോയ് അറിയിക്കുകയായിരുന്നു.
വരുമ്പോള്‍ 44 അളവിലുള്ള ഷര്‍ട്ട് വാങ്ങി വരണമെന്നും നിര്‍ദേശിച്ചു. ഇതോടെ യുവതി വിജിലന്‍സ് എസ്.പി വി.ജി. വിനോദ് കുമാറിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് വിനോയ് നിര്‍ദേശിച്ച പ്രകാരം ഷര്‍ട്ട് വാങ്ങി അതില്‍ ഫിനോഫ്തലിന്‍ പൗഡറിട്ട് വിജിലന്‍സ് സംഘം യുവതിയെ ഹോട്ടല്‍ മുറിയിലേക്ക് അയച്ചു. യുവതി മുറിയിലേക്ക് കയറിയതിന് പിന്നാലെ വിജിലന്‍സ് സംഘവും അകത്തേക്ക് പ്രവേശിച്ചു. ഇതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Content Highlights: Education Department employee R. Vinoy Chandran has been suspended