കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഓരോവര്‍ഷവും 15000 ആദിവാസി വിദ്യാര്‍ഥികള്‍ ഡിഗ്രി പാസാകുന്നുണ്ട്. 47 ശതമാനം ആദിവാസി ജനസംഖ്യയുള്ള വയനാട്ടിലാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ ഇവര്‍ക്കൊന്നും മെച്ചപ്പെട്ട ജോലിയില്ല. എം.ഫില്‍ വരെ പഠിച്ചവര്‍ കൂലിപ്പണിക്ക് പോകുന്ന അവസ്ഥ വയനാട്ടിലുണ്ട്.
ഒന്നും രണ്ടും വര്‍ഷമായി ജോലിക്ക് വേണ്ടി അലയുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് മറ്റു മാര്‍ഗങ്ങളില്ലാത്തതു കൊണ്ടാണ് കൂലിപ്പണിക്ക് പോകേണ്ടി വരുന്നത്. പി.ജി വരെ പഠിച്ചവര്‍ ഒരു വാച്ച്മാന്റെ ജോലിയെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നാണ് പറയുന്നത്. കൂടാതെ പഠിച്ചിട്ടും ജോലിയില്ലാത്തവരെ റോള്‍മോഡലാക്കി സ്‌കൂള്‍ ഡ്രോപ് ഔട്ടുകളും സംഭവിക്കുന്നുണ്ടെന്ന് വയനാട്ടിലെ വിദ്യാഭ്യാസപ്രവര്‍ത്തകര്‍ പറയുന്നു.
ഒരു കുടുംബത്തില്‍ ഒരു ഡിഗ്രി, പി.ജിക്കാരനെങ്കിലും വയനാട്ടിലെ ആദിവാസി ഊരുകളിലുണ്ട്. ഇവരുടെ തൊഴില്‍ പ്രശ്‌നങ്ങള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രദ്ധചെലുത്തുന്നില്ലെന്ന പരാതിയും ഉദ്യോഗാര്‍ഥികള്‍ക്കുണ്ട്. ഓരോ വര്‍ഷവും വര്‍ധിക്കുന്ന തൊഴിലില്ലായ്മ പരിഹരിക്കാന്‍ സ്വയം തൊഴില്‍ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ തുടങ്ങണമെന്ന ആവശ്യവും ഉയരുന്നുണ്ട്.