റിയോ ഡി ജനീറോ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചിഹ്നമായ ‘അരിവാള്‍ ചുറ്റിക നക്ഷത്രം’ വിദ്വേഷത്തിന്റെ ചിഹ്നമാണെന്നും ഇത് നിര്‍മ്മിക്കുന്നവരെ ജയിലടക്കണമെന്നും ആവശ്യപ്പെട്ട് ബ്രസീല്‍ പ്രസിഡന്റിന്റെ മകനും ബ്രിസീലിയന്‍ കോണ്‍ഗ്രസ് അംഗവുമായ എഡ്വേര്‍ഡോ ബോല്‍സനാരോ. ചിഹ്നം നിര്‍മ്മിക്കുന്നവരെയും വില്‍ക്കുന്നവരെയും വിതരണം നടത്തുന്നവരെയും ജയിലിലടക്കണമെന്ന് ആവശ്യപ്പെടുന്ന ബില്‍ സെപ്തംബര്‍ രണ്ടിന് ഇദ്ദേഹം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.
‘നാസികളും അതിനുശേഷം കമ്മ്യൂണിസ്റ്റുകാരും പോളണ്ട് കയ്യേറിയതിന്റെ’ ഓര്‍മ്മ പങ്കുവെച്ചുകൊണ്ടായിരുന്നു എഡ്വേര്‍ഡോ ബോല്‍സനാരോ ബില്‍ അവതരിപ്പിച്ചത്. നാസികളുടെയും കമ്മ്യൂണിസ്റ്റുകാരുടെയും പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഇവിടെ വംശഹത്യകള്‍ നടന്നത്. അതുകൊണ്ടുതന്നെ ഒരു വ്യക്തി കൊല്ലപ്പെടുന്നത് കുറ്റകരമാകുന്നതുപോലെ ഇവയും കുറ്റകരമായി തന്നെ കണക്കാക്കണം.’ എന്നാണ് എഡ്വേര്‍ഡോ പറഞ്ഞത്.
കമ്മ്യൂണിസ്റ്റ് ചിഹ്നങ്ങള്‍ നിര്‍മ്മിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കി 10 മുതല്‍ 15 വര്‍ഷം വരെ തടവ് ശിക്ഷ നല്‍കണമെന്നും ഇദ്ദേഹം അവതരിപ്പിച്ച ബില്ലില്‍ പറയുന്നു. മാത്രമല്ല നാസിസമോ കമ്മ്യൂണിസമോ ആയി ബന്ധപ്പെട്ട വ്യക്തികളുടെയോ ആശയങ്ങളുടെയോ സംഭവങ്ങളുടെയോ പേരിലുള്ള എല്ലാ പൊതുസ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍ മാറ്റണമെന്നും ബില്ലില്‍ ആവശ്യപ്പെടുന്നുണ്ട്.
എഡ്വേര്‍ഡിന്റെ ബില്ലിന് പിന്നാലെ ബ്രസീലും അയല്‍രാജ്യങ്ങളായ ക്യൂബയും വെനസ്വേലയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബില്ലിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചുക്കൊണ്ട് എഡ്വേര്‍ഡ് ട്വിറ്ററില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്. 1930കളിലെ സോവിയറ്റ് ഉക്രൈ്‌നില്‍ നടന്ന കടുത്ത ക്ഷാമത്തിന്റെയും പട്ടിണിയുടെയും ചിത്രമെന്ന പേരില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.
സോവിയറ്റ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് ഉക്രൈനില്‍ ഈ ക്ഷാമമുണ്ടായതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഈ സംഭവത്തിന്റെതായി എഡ്വേര്‍ഡ് പങ്കുവെച്ചിരിക്കുന്നത് 1905ല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ നടന്ന ക്ഷാമത്തിന്റെ ചിത്രമാണ്.
സംഭവിച്ച തെറ്റ് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിയെങ്കിലും ചിത്രം പിന്‍വലിക്കാന്‍ എഡ്വേര്‍ഡ് തയ്യാറായിട്ടില്ല.
ജര്‍മനിയിലെ നാസി കോണ്‍സന്‍ട്രേഷന്‍ ക്യാംപിന്റെ ചിത്രത്തോടൊപ്പമായിരുന്നു ഇപ്പോള്‍ വിവാദത്തിലായ ചിത്രം പങ്കുവെച്ചത്. നാസികളും കമ്മ്യൂണിസ്റ്റുകളും ഒരുപോലെയാണെന്ന തന്റെ പ്രസ്താവനക്ക് തെളിവ് നല്‍കുന്നു എന്ന നിലക്കായിരുന്നു എഡ്വേര്‍ഡ് ഈ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്. സ്റ്റാലിന്റെയും ഹിറ്റ്‌ലറിന്റെയും മുഖങ്ങള്‍ ചേര്‍ത്തുവെച്ചുകൊണ്ടുള്ള പോസ്റ്ററും ഇദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
മാര്‍ച്ചില്‍ എഡ്വേര്‍ഡ് നടത്തിയ ചില പ്രസ്താവനകള്‍ ചൈനയും ബ്രസീലും തമ്മില്‍ നയതന്ത്രപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വേച്ഛേധിപത്യമാണ് നടത്തുന്നതെന്നും കൊവിഡ് 19നു കാരണം പാര്‍ട്ടിയാണെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പ്രസ്താവന.
എഡ്വേര്‍ഡും പിതാവായ ജെയര്‍ ബോല്‍സനാരോയും തങ്ങള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധരാണെന്ന് പരസ്യമായി തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. എഡ്വേര്‍ഡിന്റെ സോഷ്യല്‍ ലിബറല്‍സ് പാര്‍ട്ടിയിലെയും ജെയര്‍ ബോല്‍സനാരോയുടെ അലയന്‍സ് ഫോര്‍ ബ്രസീല്‍ പാര്‍ട്ടിയിലെയും അംഗങ്ങളില്‍ ഭൂരിഭാഗവും കമ്മ്യൂണിസ്റ്റ് വിരുദ്ധരാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: Brazil President’s Son Eduardo Bolsanaro presents a new bill asking for imprisonment for Sickle Hammer Star Imagery and says Nazis and Communists are same