കഴിഞ്ഞ കുറേ നാളുകളായി അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ ക്ലബ്ബ് മാറ്റമാണ് ഫുട്‌ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ച വിഷയം. പി.എസ്.ജിയുമായുള്ള താരത്തിന്റെ കരാര്‍ അവസാനിക്കാനിരിക്കെ അഭ്യൂഹങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്.
വിഷയത്തില്‍ ബാഴസലോണ വൈസ് പ്രസിഡന്റ് എഡ്വേര്‍ഡ് റോമിയോ മുമ്പ് നടത്തിയ പ്രതികരണം ഒരിക്കല്‍ കൂടി തരംഗമാവുകയാണിപ്പോള്‍. മെസി ബാഴ്സയിലേക്ക് മടങ്ങി വരുമെന്നും അത് ക്ലബ്ബില്‍ സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. കാറ്റലൂണ്യ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റോമിയോ.
‘മെസി ബാഴ്സയിലേക്ക് തിരിച്ചു വരുന്നത് ഫ്രീ ഏജന്റായിട്ടാണ്. അത് ബാഴ്‌സക്ക് സാമ്പത്തിക നേട്ടമുണ്ടാക്കും. ഇത് കോച്ചിങ് സ്റ്റാഫും താരവും ചേര്‍ന്നെടുക്കേണ്ട തീരുമാനമാണ്. ഇത്തരം തീരുമാനങ്ങളെടുക്കാന്‍ എനിക്ക് സാധിക്കില്ല, എന്നാല്‍ അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അത് പ്രായോഗികമായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്,’ എഡ്വേര്‍ഡ് പറഞ്ഞു.
അതേസമയം, വരുന്ന ജൂണില്‍ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ താരം ഏത് ക്ലബ്ബുമായി സൈനിങ് നടത്തുമെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല.
പി.എസ്.ജി വിട്ട് മെസി തന്റെ പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് മടങ്ങുമെന്ന് അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ ഔദ്യാഗിക റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. ബാഴ്സലോണക്ക് പുറമെ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലും താരത്തെ സൈന്‍ ചെയ്യിക്കാന്‍ രംഗത്തുണ്ട്. 400 മില്യണ്‍ യൂറോയുടെ ഞെട്ടിക്കുന്ന ഓഫറാണ് മെസിക്ക് മുന്നില്‍ അല്‍ ഹിലാല്‍ വെച്ചിരിക്കുന്നത്.
എന്നിരുന്നാലും ഈ സീസണ്‍ അവസാനിക്കുമ്പോള്‍ മാത്രമെ മെസിയുടെ ക്ലബ്ബ് ട്രാന്‍സ്ഫറിനെ കുറിച്ച് അന്തിമ തീരുമാനം എടുക്കൂ എന്ന് മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി അറിയിച്ചതായി പ്രമുഖ സ്പോര്‍ട്സ് ജേണലിസ്റ്റ് ആയ ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.