ന്യൂദൽഹി: മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കുന്ന വൻകിട കോർപ്പറേറ്റുകളുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ.
അദാനി ഗ്രൂപ്പിനെതിരെ ലേഖനമെഴുതിയതിന് മുതിർന്ന മാധ്യമപ്രവർത്തകൻ പരൻജോയ് ഗുഹ തകുർത്തയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഗുജറാത്ത് കോടതി അദാനി ഗ്രൂപ്പിന്റെ പരാതിയിൽ കേസെടുത്തിരുന്നു. 2017ൽ പരൻജോയ് ഗുഹ തകുർത്ത എഴുതിയ ലേഖനത്തിൻമേലാണ് കോടതിയുടെ നടപടി.
മാധ്യമപ്രവർത്തകരുടെ അന്വേഷണാത്മകത ഭയപ്പെടുത്തി തടയുന്നതിന് വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾ പ്രയോഗിക്കുന്ന തന്ത്രമെന്നാണ് എഡിറ്റേഴ്സ് ഗിൽഡ് ഈ നടപടിയെ വിശേഷിപ്പിച്ചത്.
വിമർശനങ്ങൾ ബിസിനസ് സ്ഥാപനങ്ങൾ എത്രത്തോളം അസഹിഷ്ണുതയോടെയാണ് നേരിടുന്നത് എന്ന് അറസ്റ്റ് വാറണ്ട് ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും എഡിറ്റേഴ്സ് ഗിൽഡ് പറഞ്ഞു. 2021 ജനുവരി 21ന് ഇറക്കിയ പ്രസ്താവനയിലാണ് എഡിറ്റേഴ്സ് ഗിൽഡ് തകുർത്തയെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യാനുള്ള ഉത്തരവിനെ വിമർശിച്ചത്.
മാധ്യമങ്ങൾക്ക് ആവശ്യമായ സംരക്ഷണം നൽകേണ്ട ഉപകരണങ്ങളെ തന്നെ ഉപയോഗിച്ചാണ് അവർ സ്വതന്ത്രരും ധീരരുമായ മാധ്യമപ്രവർത്തകരെ ലക്ഷ്യമിടുന്നത് എന്നും പ്രസ്താവനയിൽ പറഞ്ഞു.
തകുർത്തയ്ക്കെതിരായ പരാതി പിൻവലിക്കണമെന്ന് ഗിൽഡ് അദാനി ഗ്രൂപ്പിനോട് ആവശ്യപ്പെട്ടു. ക്രിമിനൽ മാനനഷ്ട നിയമങ്ങൾ ദുരുപയോഗം ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്താൻ മാർഗനിർദേശങ്ങൾ കൊണ്ടുവരണമെന്ന് കോടതിയോടും എഡിറ്റേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു.
മാധ്യമങ്ങളുടെ അന്വേഷണാത്മക പത്രപ്രവർത്തന രീതി അടിച്ചമർത്താൻ അധികാരമുള്ളവർ ഡിഫമേഷന്‍(അപകീർത്തി) നിയമങ്ങൾ നിരന്തരം ഉപയോഗിക്കാറുണ്ട്. ഈ കേസ് ഇതിന് ഉത്തമ ഉദാഹരണമാണ് എന്നും എഡിറ്റേഴ്സ് ഗിൽഡ് കൂട്ടിച്ചേർത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Editors Guild slams Gujarat court for arrest warrant against Paranjoy Guha Thakurta