|

പാർലമെന്റിൽ മാധ്യമപ്രവർത്തകർക്കുള്ള പ്രവേശനവിലക്ക് നീക്കണം: ഓം ബിർലയോടും ജഗദീപ് ധൻകറിനോടും എഡിറ്റർസ് ഗിൽഡ് ഓഫ് ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: പാർലമെന്റ് നടപടിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമ പ്രവർത്തകർക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായി എഡിറ്റർസ് ഗിൽഡ് ഓഫ് ഇന്ത്യ. രാജ്യസഭാ, ലോക്സഭാ അധ്യക്ഷന്മാരായ ഓം ബിർലയോടും, ജഗദീപ് ധൻകറിനോടുമാണ് എഡിറ്റർസ് ഗിൽഡ് ഓഫ് ഇന്ത്യ തങ്ങളുടെ ആവശ്യം ഉന്നയിച്ചത്.

മാധ്യമങ്ങൾക്ക് സഭാ നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള അവകാശം കൊവിഡ് കാലത്ത് പരിമിതപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടാണ് എഡിറ്റർസ് ഗിൽഡ് ഓഫ് ഇന്ത്യ ഇപ്പോൾ മുന്നോട്ടെത്തിയിരിക്കുന്നത്.

ഓം ബിർലക്കും ജഗദീപ് ധൻകറിനും പ്രത്യേകമായി അയച്ച കത്തിൽ ഇരുസഭകളിലേക്കും പ്രവേശനമുള്ള മാധ്യമപ്രവർത്തകരുടെ എണ്ണം പരിമിതപ്പെടുത്തുന്ന രീതി കൊവിഡ് കാലത്ത് നിലവിൽ വന്നിരുന്നെന്നും അത് പിൻവലിക്കണമെന്നും എഡിറ്റർസ് ഗിൽഡ് ഓഫ് ഇന്ത്യ അപേക്ഷിച്ചു.

Read More: രാഹുൽ ഗാന്ധിയുടെ ഹിന്ദു പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കി സ്‌പീക്കർ

‘രാജ്യം മഹാമാരിക്കെതിരെ പോരാടി ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു. അതോടൊപ്പം അന്ന് നിർമിച്ച പ്രോട്ടോകോളുകളിലെ പല മാധ്യമ നിയമങ്ങളും മാറ്റേണ്ടതായുണ്ട്. സഭകളിലേക്കുള്ള മാധ്യമങ്ങളുടെ പ്രവേശനപരിമിതി എടുത്തുകളയുമെന്ന് പ്രതീക്ഷിക്കുന്നു,’ കത്തിൽ പറയുന്നു.

അച്ചടി, ഇലക്രോണിക് മാധ്യമങ്ങളിൽ നിന്നുള്ള 1000 പത്രപ്രവർത്തകർക്ക് ഇരുസഭകളുടെയും നടപടിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാൻ അധികാരം ലഭിച്ചിട്ടുണ്ടെങ്കിലും അവരിൽ ഒരു വിഭാഗത്തിന് മാത്രമേ ഇന്നും പ്രവേശനം നൽകുന്നുള്ളു എന്നും എഡിറ്റർസ് ഗിൽഡ് ഓഫ് ഇന്ത്യ പറഞ്ഞു.

1952ലെ ആദ്യ പാർലമെന്റ് സമ്മേളനം മുതൽ മാധ്യമപ്രവർത്തകർക്ക് അനിയന്ത്രിതമായ പ്രവേശനം നൽകാനുള്ള തീരുമാനം ഇരുസഭകളും എടുത്തിരുന്നെന്നും അത് തുടരണമെന്നും കത്തിൽ പറയുന്നുണ്ട്.

ഇരുസഭകളിലും നടക്കുന്ന സംഭവവികാസങ്ങൾ പൊതുജനങ്ങളെ അറിയിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അത് തുടരാൻ അനുവദിക്കണമെന്നും കത്തിൽ എഡിറ്റർസ് ഗിൽഡ് ഓഫ് ഇന്ത്യ കൂട്ടിച്ചേർക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായുള്ള പ്രസ് അഡ്വൈസറി കമ്മിറ്റിയുടെ അഭാവത്തെക്കുറിച്ചും കത്തിൽ പരാമർശിക്കുന്നുണ്ട്.

ലോക്സഭാ സ്പീക്കർ രൂപീകരിച്ച പ്രസ് അഡ്വൈസറി കമ്മിറ്റിയിൽ അംഗീകൃത മാധ്യമ സ്ഥാപനങ്ങളിൽ നിന്നുള്ള 25 മുതിർന്ന മാധ്യമപ്രവർത്തകർ ഉൾപ്പെടുന്നു.

അതോടൊപ്പം എല്ലാവ മാധ്യമ അക്രെഡിറ്റെഡ് ജേർണലിസ്റ്റുകൾക്കും പ്രത്യേക പാസുകൾ ഇല്ലാതെ തന്നെ ഇരു സഭകളിലും സ്വാതന്ത്ര്യം നൽകണമെന്നും എഡിറ്റർസ് ഗിൽഡ് ഓഫ് ഇന്ത്യ കത്തിൽ പറഞ്ഞു.

Content Highlight: Editors Guild of India seeks ‘complete access’ to Parliament for journalists