ന്യൂദല്‍ഹി: ഐ.ടി നിയമചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതിനെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ (Editors Guild of India). ഭേദഗതി സംബന്ധിച്ച് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി മന്ത്രാലയം പുറത്തിറക്കിയ കരട് രേഖയിലാണ് മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡ് ആശങ്ക പ്രകടിപ്പിച്ചത്.
വ്യാജ വാര്‍ത്തകള്‍ ഏതൊക്കെയാണെന്ന് തീരുമാനിക്കാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോക്ക് അധികാരം നല്‍കുന്ന ഐ.ടി റൂള്‍സ് 2021ലെ കരട് ഭേദഗതികളില്‍ ആശങ്കയറിയിച്ച എഡിറ്റേഴ്സ് ഗില്‍ഡ്, ‘വ്യാജ വാര്‍ത്തകളുടെ നിര്‍ണയം സര്‍ക്കാരിന്റെ മാത്രം കൈകളിലാകാന്‍ പാടില്ല’ എന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
ഫാക്ട് പരിശോധിച്ച ശേഷം വ്യാജം എന്ന് പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ കണ്ടെത്തുന്ന വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ സമൂഹ മാധ്യമങ്ങളിലോ പ്രസിദ്ധീകരിക്കാന്‍ പാടില്ല എന്ന കരട് രേഖ നീക്കം ചെയ്യണമെന്നും എഡിറ്റേഴ്സ് ഗില്‍ഡ് ബുധനാഴ്ച ആവശ്യപ്പെട്ടു.
മാധ്യമസ്വാതന്ത്ര്യം ഹനിക്കപ്പെടാതിരിക്കാന്‍ ഡിജിറ്റല്‍ മീഡിയയുടെ നിയന്ത്രണ ചട്ടക്കൂടിനെക്കുറിച്ച് മാധ്യമ സംഘടനകളുമായും മറ്റും കൂടിയാലോചനകള്‍ നടത്താന്‍ ആരംഭിക്കാനും ഗില്‍ഡ് കേന്ദ്ര ഐ.ടി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
കേന്ദ്രത്തിന്റെ നിര്‍ദേശം സെന്‍സര്‍ഷിപ്പിന് സമാനമാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. 2021ലെ ഐടി നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ നിയമം നടപ്പിലാകാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്.
‘വാര്‍ത്താ റിപ്പോര്‍ട്ടുകളുടെ സത്യാവസ്ഥ തീരുമാനിക്കാന്‍ പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോക്ക് അധികാരം നല്‍കുമെന്നും ‘വ്യാജം’ എന്ന് തെളിയിക്കപ്പെടുന്ന എന്തും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നീക്കം ചെയ്യണ’മെന്നുമാണ് ചൊവ്വാഴ്ച കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത കരട് നിയമത്തില്‍ പറയുന്നത്.
”പുതിയ നിയമം മാധ്യമങ്ങളുടെ മേലുള്ള സെന്‍സര്‍ഷിപ്പിന് കാരണമാകും. വസ്തുതാപരമായി തെറ്റാണെന്ന് കണ്ടെത്തുന്ന ഉള്ളടക്കം കൈകാര്യം ചെയ്യാനുള്ള ഒന്നിലധികം നിയമങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്. എന്നാല്‍ ഈ പുതിയ നിയമം മാധ്യമങ്ങളുടെ വായടപ്പിക്കാന്‍ പോന്നതാണ്.
കൂടാതെ പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോക്കോ കേന്ദ്ര സര്‍ക്കാര്‍ അധികാരപ്പെടുത്തിയ മറ്റേതെങ്കിലും ഏജന്‍സികള്‍ക്കോ അനിയന്ത്രിതമായ അധികാരം നല്‍കുന്നതാണ് ഈ നിയമം,” എഡിറ്റേഴ്‌സ് ഗില്‍ഡ് വ്യക്തമാക്കി.
2021 മാര്‍ച്ചില്‍ ഐ.ടി നിയമങ്ങള്‍ അവതരിപ്പിച്ചപ്പോഴും ഗില്‍ഡ് വിഷയത്തില്‍ ആശങ്കയറിയിച്ചിരുന്നു. ജുഡീഷ്യറിയുടെ മേല്‍നോട്ടമില്ലാതെ രാജ്യത്ത് എവിടെയും പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ തടയാനോ ഇല്ലാതാക്കാനോ പരിഷ്‌കരിക്കാനോ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നുവെന്നായിരുന്നു അന്ന് ചൂണ്ടിക്കാട്ടിയത്.
Content Highlight: Editors Guild of India says Centre alone cannot determine fake news