|

കേസ് എത്രയും വേഗം പിന്‍വലിക്കണം; അഖിലക്കെതിരായ കേസില്‍ ആശങ്ക പ്രകടിപ്പിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുടെ പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരായ കേസിനെ അപലപിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ.

മാധ്യമ പ്രവര്‍ത്തകക്കെതിരായ കേസ് എത്രയും വേഗം പിന്‍വലിക്കണമെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. മാധ്യമ സ്ഥാപനങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തുന്നതില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തിരിയണമെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ചോദ്യം ചോദിക്കുന്നത് മാധ്യമപ്രവര്‍ത്തകരുടെ ധര്‍മ്മമാണെന്നും മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയും എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളെ ഉപയോഗിച്ചും നേരിടുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് ചൂണ്ടിക്കാട്ടി.

മാധ്യമ സ്ഥാപനങ്ങള്‍ക്ക് തങ്ങളോടൊപ്പം ജോലിചെയ്യുന്ന പ്രവര്‍ത്തകരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസ്താവനയില്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ അമേഠി സന്ദര്‍ശന വേളയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി റിപ്പോര്‍ട്ടറെ ഭീഷണിപ്പെടുത്തിയ സംഭവത്തെയും എഡിറ്റേഴ്‌സ് ഗില്‍ഡ് അപലപിച്ചു.

അഖിലക്കെതിരെ കേസെടുത്തതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

നേരത്തെ, അഖിലക്കെതിരെ കേസെടുത്ത നടപടി ജനാധിപത്യ വിരുദ്ധവും മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവുമാണെന്ന് പത്രപ്രവര്‍ത്തകരുടെ സംഘടനയായ കെ.യു.ഡബ്ല്യു.ജെ പറഞ്ഞിരുന്നു. നടപടി അടിയന്തരമായി തിരുത്തണമെന്നും അല്ലാത്ത പക്ഷം വലിയ പ്രതിഷേധത്തിലേക്ക് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ നീങ്ങുമെന്നും കെ.യു.ഡബ്ല്യു.ജെ. അറിയിച്ചിരുന്നു.

Content Highlight: editors guild of india release statement about akhila’s case

Latest Stories