| Sunday, 9th June 2019, 6:19 pm

യോഗിയുമായി ബന്ധമുണ്ടെന്ന സ്ത്രീയുടെ ആരോപണം റിപ്പോര്‍ട്ട് ചെയ്തതില്‍ അറസ്റ്റ്; പ്രതിഷേധവുമായി എഡിറ്റേഴ്‌സ് ഗില്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിട്ടതിനു മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ. മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കനോജിയ, നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെലിവിഷന്‍ ചാനല്‍ നാഷണല്‍ ലൈവിന്റെ എഡിറ്റര്‍ ഇഷിത സിങ്, ഹെഡ്ഡ് അനുജ ശുക്ല എന്നിവരെയാണ് ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിനെതിരേ സാമൂഹ്യമാധ്യമത്തിലും പ്രതിഷേധമാരംഭിച്ചിട്ടുണ്ട്. #FreePrashantNow എന്ന ഹാഷ് ടാഗാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്.

തനിക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തെ വിവാഹം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഒരു യുവതി സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു ദ വയറിന്റെ മുന്‍ റിപ്പോര്‍ട്ടറും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനുമായ കനോജിയയെ അറസ്റ്റ് ചെയ്തത്.  കനോജിയ ഫേസ്ബുക്കിലും ട്വിറ്ററിലുമാണ് വീഡിയോ പങ്കുവെച്ചത്. അതേസമയം നാഷന്‍ ലൈവ് ഇക്കാര്യം വാര്‍ത്തയാക്കി. ഇതിനാണ് ഐ.ടി നിയമം 66 പ്രകാരം ഇവരെ അറസ്റ്റ് ചെയ്തത്.

ധിക്കാരപരമായ നടപടി നിയമത്തിന്റെ ദുരുപയോഗമാണെന്ന് ഗില്‍ഡ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. മാധ്യമങ്ങളെ ഭയപ്പെടുത്താനും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുമുള്ള നീക്കമാണിതെന്ന് അവര്‍ ആരോപിച്ചു. യോഗി ഇവര്‍ക്കെതിരേ പരാതി നല്‍കിയിട്ടില്ലെന്നും സ്വമേധയാ ആണ് പൊലീസ് കേസെടുത്തതെന്നും അവര്‍ പറഞ്ഞു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍, മുംബൈ സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കനോജിയ വിവിധ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ലഖ്‌നൗവിലേക്കു കൊണ്ടുപോയത്.

അപകീര്‍ത്തിപ്പെടുത്തല്‍ സംബന്ധിച്ച നിയമം ക്രിമിനല്‍ക്കുറ്റം അല്ലാതാക്കണമെന്നും ഗില്‍ഡ് ആവശ്യപ്പെട്ടു.

അതിനിടെ അന്വേഷണത്തില്‍ നാഷണല്‍ ലൈവിനു പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് ഇല്ലെന്ന് പൊലീസ് കണ്ടെത്തിയതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

We use cookies to give you the best possible experience. Learn more