ഒടുവില്‍ പിജെ തോമസ് പുറത്തേക്ക്. ഒഴുക്കന്‍മട്ടില്‍ അങ്ങിനെ പറഞ്ഞാല്‍ പോര. ചരിത്രമായി മാറുന്നതും ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കുന്നതുമായ ഒരു വിധിയിലൂടെ സുപ്രീം കോടതി കേന്ദ്ര വിജിലന്‍സ് കമ്മീഷണറെ പുറത്താക്കിയിരിക്കുന്നു. ” സംശയാലുവായ തോമസിനെ അയാളുടെ എല്ലാ സംശയങ്ങളോടും കൂടി പുറത്തേക്ക് എറിഞ്ഞുകളഞ്ഞുവെന്നാണ് മാധ്യമങ്ങള്‍ പ്രതികരിച്ചിരിക്കുന്നത്. ബൈബിളിലെ ആ പഴയ തോമസിന് പുണ്യവാളനാകാന്‍ കഴിഞ്ഞു. ആ പുണ്യവാളന്റെ മരണം ഇന്ത്യയില്‍ വെച്ചായിരുന്നുവെന്നാണ് വേദ ചരിത്രം പറയുന്നത്. പഴയ സംശയാലുവായ തോമസിന് കൃസ്തു ദൈവപുത്രനാണോയെന്ന കാര്യത്തില്‍ മാത്രമായിരുന്നു സംശയം. ജീവിതത്തിലും മരണത്തിലും കര്‍മ്മങ്ങളിലും വിശുദ്ധനായിരുന്നു കൃസ്തു ശിഷ്യനായ തോമസ്. ഈ പുതിയ തോമസിന് പ്രധാനമന്ത്രിയെയും കോണ്‍ഗ്രസുകാരെയും ഭരണത്തിലെ എല്ലാ അപ്പോസ്തലന്‍മാരെയും വിശ്വാസമായിരുന്നു. അവരോട് തികഞ്ഞ കൂറ് പുലര്‍ത്തുകയും ചെയ്തിരുന്നു. ആവശ്യത്തിലേറെ യജമാന ഭക്തിയുമുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ അയാള്‍ കരുണാകരന്റെ വിശ്വസ്തനായതും പാമൊലിന്‍ കേസില്‍ കുടുങ്ങിയതും.
അഴിമതി ഒരോന്നായി അണപൊട്ടിയൊഴുകാന്‍ തുടങ്ങുമ്പോള്‍ അതിന് തടയിടാന്‍ തോമസിനെപ്പോലെ അഴിമതിയുടെ നിഴലില്‍ നില്‍ക്കുന്ന ഒരാള്‍ തന്നെ വേണമെന്ന് കേന്ദ്രവും കോണ്‍ഗ്രസും ശഠ്യം പിടിച്ചതിന്റെ കാരണവും അത് തന്നെയാവും. തോമസിനെ നിലനിര്‍ത്താന്‍ ഒടുക്കം വരെ മന്‍മോഹന്‍ സിങും ചിദംബരവും പെടാപാട് പെട്ടു. സപ്രീം കോടതി സുപ്രധാനമായ വിധിയിലൂടെ മന്‍മോഹന്‍ സിംങിന്റെ മുഖത്താണ് കരിപുരണ്ടത്. മന്‍മോഹന്‍ സിംങിന് ഇക്കാര്യത്തില്‍ വിഷാദമുണ്ടാകാനിടയില്ല. ആര്‍ക്കൊക്കയോ വേണ്ടി മന്‍മോഹന്‍ കുളിക്കാതെ ഈറന്‍ ചുമക്കാന്‍ തുടങ്ങിയിട്ട് കാലമെത്രയായി.
മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനെ മനുഷ്യവകാശ കമ്മീഷന്‍ ചെയര്‍മാനാക്കിയതും മന്‍മോഹന്‍ സിംങിനും സിംങിനെ ചരട് വലിച്ചാടിക്കുന്നവര്‍ക്കും വിനയായിത്തീരാന്‍ പോവുകയാണ്. ചങ്ങലക്കിട്ടിരിക്കുന്ന നീതി ഒരിക്കല്‍ ചങ്ങല പെട്ടിച്ച് കഴിഞ്ഞാല്‍ അതിനെ ആര്‍ക്കും തളക്കാനാവില്ല. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ആ നീതിയുടെ സ്വാതന്ത്ര്യപ്രഖ്യാപനമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പരോക്ഷമായും പ്രത്യക്ഷമായും ഈ വിധി നമ്മുടെ വി.എസ് അച്യുതാന്ദനെയാണ് പൊതു സമൂഹത്തിന് മുന്നില്‍ ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്നത്. 1993ല്‍ പാമോലിന്‍ അഴിമതി പുറത്ത്‌കൊണ്ട് വന്നത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദനാണ്. ആ പോരാട്ടത്തിന്റെ പ്രസന്നമധുരമായ പ്രകാശമാണീ വിധി.
വ്യക്തിയെക്കാള്‍ പ്രധാനമാണ് ഒരു ഭരണഘടനാ സ്ഥാപനമെന്നാണ് ചീഫ് ജസ്റ്റിസ് കപാഡിയ അര്‍ഥശങ്കക്കിടയില്ലാത്ത വിധം പറഞ്ഞുറപ്പിച്ചിരിക്കുന്നത്. “നയപരമായ തീരുമാനങ്ങളില്‍ കോടതിക്കിടപെടാനാവില്ല, എങ്കിലും അത്തരം തീരുമാനങ്ങളുടെ നിയമ സാധുത ചോദ്യം ചെയ്യപ്പെടേണ്ടതാണ്”. എന്നും “നിയമിക്കപ്പെടുന്ന ആളുകെ കഴിവ് മാത്രമല്ല പ്രധാന കാര്യം അത്തരം തീരുമാനത്തിലേക്കുള്ള വഴികളും പ്രധാനമാണ്” എന്നും ” കേന്ദ്ര വിനിമയ കമ്മീഷണര്‍ അടക്കമുള്ള ഭരണ ഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യവും നിഷ്പക്ഷതയും ഉറപ്പ് വരുത്തണമെന്നും” വിധി തറപ്പിച്ച് പറയുന്നു.
ഒരിക്കല്‍ ഒരാളെ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ ആയി നിയമിച്ചുകഴിഞ്ഞാല്‍ കേന്ദ്ര സര്‍ക്കാറിനോ കോടതിക്കോ അയാളെ പുറത്താക്കാന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. നിയമനത്തെ തന്നെ അസ്ഥിരപ്പെടുത്തിക്കൊണ്ട് കോടതി അതിനു പരിഹാരം കണ്ടെത്തിക്കഴിഞ്ഞു. ഏതാണ്ട് ഇതേ പോലുള്ള ന്യായമാണ് ലോട്ടറിയുടെ കാര്യത്തില്‍ ചിദംബരം ഇപ്പോള്‍ തുടരുന്നത്. അന്യസംസ്ഥാന ലോട്ടറികളെയും അന്യരാജ്യ ലോട്ടറികളെയും സംസ്ഥാനങ്ങള്‍ക്ക് നിരോധിക്കാനാവില്ലെന്നും അത് കോടതിയലക്ഷ്യമാകുമെന്നൊക്കെയാണ് ചിദംബരത്തിന്റെ വാദം. കോടതിയില്‍ നിലവില്‍ കേസുകള്‍ നിലനില്‍ക്കുന്നതാണ് കാരണമെന്നും ചിദംബരം പറയുന്നു. പിന്നെന്തിനാണ് ഒരു എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാന്‍ അയാള്‍ കേരളത്തെ ഉപദേശിക്കുന്നത്. ഉമ്മന്‍ചാണ്ടി ആ ഉപദേശം എന്തിന് ഏറ്റുപിടിക്കുന്നു.
കേസില്‍ തീര്‍പ്പാകുന്നത് വരെയെന്ന പേരില്‍ സാന്റിയാഗോ മാര്‍ട്ടിന്റെ കൊള്ളതുടരുന്നതിനുള്ള സഹായത്തിനാണോ ഇത്.
ഉന്നതാധികാര സമതി പി.ജെ തോമസിനെ തിരഞ്ഞെടുത്ത രീതിയെയും സുപ്രീം കോടതി വിമര്‍ശിക്കുന്നുണ്ട്. പ്രധാനമന്ത്രി ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്നതാണ് ഉന്നതാധികാര സമിതി. ഇത്തരമൊരു സമതി രൂപീകരിച്ചിരിക്കുന്നത് 200ലെ സി.വി.സി ആക്ട് പ്രകാരമാണ്. ഇതിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ ഈ പ്രധാനപ്പെട്ട ഭരണഘടനാ സ്ഥാപനം സ്വതന്ത്രവും പക്ഷപാത രഹിതവുമായിരിക്കലാണ്. എല്ലാ അംഗങ്ങളുടെയും സമവായത്തിലൂടെയായിരിക്കണം സി.വി.സിയുടെ നിയമനം നടത്തേണ്ടതെന്നാണ് അതിന്റെ താല്‍പര്യം. മൂന്നംഗ സമിതിയിലെ ഭൂരിപക്ഷ തീരുമാനം ആയിരിക്കരുത് നിയമനം. ഭരണപക്ഷം ഭൂരിപക്ഷത്തിലൂടെ എല്ലാ തീരുമാനങ്ങളും കൈക്കൊണ്ടാല്‍ കമ്മിറ്റിയിലെ പ്രതിപക്ഷ നേതാവ് എന്തിനാണ് വെറും നോക്കുകുത്തിയായിരിക്കുന്നത്. പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് വിയോജനക്കുറിപ്പ് എഴുതിയതും ഈ സമയത്ത് ഓര്‍ക്കേണ്ടതാണ്. ഒരാള്‍ തീരുമാനത്തോട് വിയോജിക്കുന്നുവെങ്കില്‍ വിയോജനത്തിന്റെ കാരണങ്ങള്‍ അയാള്‍ വ്യക്തമാക്കണം. ഭൂരിപക്ഷം ആ വിയോജനത്തെ എതിര്‍ക്കുന്നുവെങ്കില്‍ വിയോജനത്തോടുള്ള വിയോജിപ്പ് എന്താണെന്ന് കൃത്യമായി പറയണം. ഈ കാര്യം നടപ്പിലാക്കിയില്ലെന്ന് കോടതി വിധിയില്‍ വ്യക്തമാക്കുന്നു. സുഷമാ സ്വരാജ് വിയോജിപ്പിന്റെ കാരണം കൃത്യമായി വിയോജനക്കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. നിലവിലുള്ള പാമോലിന്‍ കേസു തന്നെയാണ് കാരണം. സുഷമാ സ്വരാജിന്റെ വിയോജനത്തെ മറികടക്കുന്നതിന് ഒരുകാരണവും ഭൂരിപക്ഷം ചൂണ്ടിക്കാട്ടുന്നില്ല. സുഷമാ സ്വരാജിന്റെ വിയോജനത്തെ ഖണ്ഡിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
ഈ വിധിയിലൂടെ കേന്ദ്ര വിജിലന്‍സ് നിയമനം മാത്രമല്ല സുപ്രീം കോടതി അസ്ഥിരപ്പെടുത്തുന്നത്. ഭരണഘടനാ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പില്‍ ഇപ്പോള്‍ നിലവിലുള്ള പൊതുമാനദണ്ഡങ്ങള്‍ മുഴുവനുമാണ്. സിവില്‍ സര്‍വ്വീസിലുള്ളവരെ മാത്രമേ കേന്ദ്ര വിജിലന്‍സ് കമ്മീഷണറായി നിയമനത്തിന് പരിഗണിക്കുകയുള്ളൂവെന്ന നടപടിക്രമത്തേയും സുപ്രീം കോടതി വിമര്‍ശിക്കുന്നു. ഇനിയുള്ള നാളുകള്‍ നീതിക്ക് ഉറങ്ങാനാവില്ല.
കാര്‍ട്ടൂണ്‍ കടപ്പാട്: മാധ്യമം