ജ്യോതിയെ കൊന്ന് സര്‍ക്കാര്‍ ഇന്ത്യന്‍ യുവത്വത്തെ അപഹസിച്ചിരിക്കുന്നു
Editorial
ജ്യോതിയെ കൊന്ന് സര്‍ക്കാര്‍ ഇന്ത്യന്‍ യുവത്വത്തെ അപഹസിച്ചിരിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th December 2012, 9:25 am

ഒരു കാര്യം ഉറപ്പ് മയക്കം വിട്ടുണര്‍ന്ന ഒരു ജനതയെ അതിന്റെ അടിമാവസ്ഥയിലേക്ക് കൊണ്ടുപോകാന്‍ ആവില്ല. അത് അതിന്റെ സര്‍വശക്തിയും ഉപയോഗിച്ച് നിങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കും. നിങ്ങളുടെ ചെയ്തികള്‍ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും. നിങ്ങള്‍ എന്തിനിത് ചെയ്തു എന്നത് ഒരു ജനതയോടാണ് ചരിത്രത്തോടാണ് മറുപടി പറയേണ്ടത്.



എഡിറ്റോ-റിയല്‍ / ഷഫീക്ക് എച്ച്


ജ്യോതിയെ കൊന്നുകൊണ്ട് സര്‍ക്കാര്‍ ഇന്ത്യന്‍ യുവത്വത്തെ അപഹസിച്ചിരിക്കുന്നു. കാലങ്ങളോളം ഉറങ്ങിക്കൊണ്ടിരുന്ന ഒരു ജനത അതിന്റെ മയക്കം വിട്ടുണര്‍ന്നുകൊണ്ട് ഇന്ദ്രപ്രസ്ഥത്തിന്റെ തെരുവീഥികളെ കലാപകലുഷിതമാക്കി. ഭരണസിരാകേന്ദ്രങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചു പോവുന്ന ശൈത്യവസന്തം.

ആളിക്കത്തിയ ഈ ജനരോഷത്തെയാണ് അവയ്‌ക്കെല്ലാം കാരണമായി തീര്‍ന്ന ജ്യോതിയെ അത്യാസന്നമായ അവസ്ഥയില്‍ ദല്‍ഹിയില്‍ നിന്നും സിംഗപ്പൂരിലേക്ക് നാടുകടത്തിയതുകൊണ്ട് അവസാനിപ്പിക്കാമെന്ന് കരുതിയത്.

മുപ്പതിനായിരത്തോളം അടി ഉയരങ്ങളിലേക്ക് വിമാനം പറന്നുയരുമ്പോള്‍ ആ പെണ്‍കുട്ടിയുടെ ശരീരത്തിലെ രക്തധമനികളെ പൊട്ടിച്ചീറ്റിക്കാന്‍ മര്‍ദ്ദ വ്യത്യാസമുണ്ടാകുമെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്?[]

ഏഴോളം “പുരുഷ കേസരികളുടെ “ലൈംഗിക താണ്ഡവത്തിനും അതിനുശേഷം കമ്പിയും പാരയും മുഷ്ടികളും കൊണ്ടുള്ള മര്‍ദ്ദനം ഏറ്റുവാങ്ങിയ ആ ശരീരം ഇന്ത്യന്‍ യുവതി-യുവാക്കളെ അവരുടെ മനസാക്ഷിയെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു എന്നതാണ് അവളെ കൊല്ലാനുള്ള ഏക കാരണം.

എപ്പോഴും അങ്ങനെയാണ്. ജനങ്ങളുടെ പ്രക്ഷോഭത്തെ എന്ത് കിരാത നടപടികളിലൂടെയും തകര്‍ത്തെറിയുക എന്നത് ഭരണകൂടത്തിന്റെ ആവശ്യമാണ്. ശാരി കൊല്ലപ്പെട്ടത് ഇപ്പോഴും അജ്ഞാതമാണ്.

ഒരു കാര്യം ഉറപ്പ്, മയക്കം വിട്ടുണര്‍ന്ന ഒരു ജനതയെ അതിന്റെ അടിമാവസ്ഥയിലേക്ക് കൊണ്ടുപോകാന്‍ ആവില്ല. അത് അതിന്റെ സര്‍വശക്തിയും ഉപയോഗിച്ച് നിങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കും. നിങ്ങളുടെ ചെയ്തികള്‍ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും. നിങ്ങള്‍ എന്തിനിത് ചെയ്തു എന്നത് ഒരു ജനതയോടാണ്, ചരിത്രത്തോടാണ് മറുപടി പറയേണ്ടത്.

ഇതിലൂടെ സ്ത്രീകള്‍ കൊല്ലപ്പെടേണ്ടവര്‍ കൂടിയാണ് എന്നാണോ ഭരണകൂടവും പഠിപ്പിച്ചുതരുന്നത്. നിങ്ങള്‍ സച്ചിന്‍മാരെ ഇറക്കിയിട്ടും രാം ദേവുമാരെ സമരഭൂമിയുടെ നെറുകയില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചിട്ടും ദില്ലി യുവത്വം നിങ്ങളുടെ മുന്നില്‍ മുട്ടുമടക്കിയില്ല. അവര്‍ പിടിച്ചടക്കിയ ചത്വരങ്ങളില്‍ നിന്ന് അവരെ പിടിച്ചിറക്കാന്‍ നിങ്ങളുടെ ലാത്തിക്കോ ജലപീരങ്കിക്കോ കഴിഞ്ഞില്ല.

സോണിയയുടേയും ഷീലാ ദീക്ഷിതിന്റേയും മുതലക്കണ്ണീര്‍ ബാഷ്പീകരിച്ചു കൊണ്ടാണ് ഒരു യുവത ജ്യോതിയെ ഏറ്റുവാങ്ങിയിരുന്നത്. അതിനെ എത്ര ഭീരുത്വത്തോടെയാണ് നിങ്ങള്‍ കണ്ടിരുന്നത് എന്നതിന് ഉദാഹരണമാണ് അവളെ മരണത്തിന്റെ കയങ്ങളിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് രാത്രിക്ക് രാത്രി സിംഗപ്പൂരിലേക്ക് കൊണ്ടുപോയത്.

ഇന്ത്യന്‍ യുവത്വം ഇതിന് നിങ്ങള്‍ക്ക് മാപ്പ് തരില്ല. ഇന്ത്യയിലുടനീളമുള്ള തെരുവുകളില്‍ സ്ത്രീത്വം പിച്ചിച്ചീന്തപ്പെടുമ്പോള്‍ മണിപ്പൂരും മുംബൈയുമൊക്കെ ആവര്‍ത്തിക്കപ്പെടുമ്പോള്‍ അതിനെതിരായ സമരങ്ങളെ  നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തുമ്പോള്‍ ഒരു ജനാധിപത്യ വിശ്വാസിക്കും അടങ്ങിയിരിക്കാനാവില്ല.

ഇവിടെ ജ്യോതിയെ കൊന്നിരിക്കുന്നത് ഒരു ഭരണകൂടം തന്നെയാണ്. സര്‍ക്കാര്‍ തന്നെയാണ്. ഈ നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവും പ്രകോപനകരവുമാണെന്ന് പറയാതെ വയ്യ…