|

ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യങ്ങള്‍ പോലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു; സര്‍ക്കാരിന് പരോക്ഷ വിമര്‍ശനവുമായി ജനയുഗത്തിന്റെ എഡിറ്റോറിയല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തില്‍ സര്‍ക്കാരിന് പരോക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം ജനയുഗം.ഐ.ടി. സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും ചുമതല വഹിക്കുന്ന എം ശിവശങ്കര്‍ ഐ.എ.എസിനെ തത്സ്ഥാനങ്ങളില്‍ നിന്ന് മാറ്റിയെങ്കിലും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യങ്ങള്‍ പോലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നെന്നും പത്രത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു.

മുന്‍സര്‍ക്കാരിന്റെ കാലത്തു നടന്ന ചില കുറ്റങ്ങളുമായും വഴിവിട്ട ബന്ധങ്ങളുമായും ഇപ്പോഴത്തെ സംഭവത്തെ താരതമ്യം ചെയ്യാനുള്ള ശ്രമങ്ങളും ഉണ്ടാകുന്നുണ്ട്. അതിനുള്ള ആദ്യത്തെ മറുപടിയാണ് സ്വപ്ന സുരേഷിന്റെ പുറത്താക്കലും എം. ശിവശങ്കറിനെ സ്ഥാനത്തുനിന്ന് മാറ്റിയതും എന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.

നികുതിയിനത്തിലുള്ള നഷ്ടത്തിനൊപ്പം കള്ളപ്പണം ഒളിപ്പിക്കാനുള്ള വഴിയായും ഇത്തരം സ്വര്‍ണ ഇറക്കുമതി വിനിയോഗിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് ഇപ്പോഴത്തെ സ്വര്‍ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിരിക്കുന്ന എല്ലാ സംശയങ്ങളും ദൂരീകരിക്കപ്പെടേണ്ടതുണ്ട്. അതിന് സമഗ്രമായ അന്വേഷണം നടത്തി വസ്തുതകള്‍ സത്യസന്ധമായി പുറത്തു കൊണ്ടുവരാനുള്ള നടപടികളുണ്ടാവണം.

ഏത് അന്വേഷണത്തെയും സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. വളരെ വലിയൊരു തട്ടിപ്പാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. രാജ്യത്ത് ആദ്യത്തെയും സംസ്ഥാനത്തെ ഏറ്റവും വലുതുമെന്ന പ്രത്യേകതകളുള്ള ഈ തട്ടിപ്പിന്റെ എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരിക തന്നെ വേണമെന്നും പത്രം പറയുന്നു.

കുറ്റാരോപിതര്‍ക്കുള്ള ബന്ധങ്ങളും അതിന് ലഭിച്ച സഹായങ്ങളും കണ്ടെത്തണം. അതില്‍ ഏത് ഉന്നതര്‍ക്ക് പങ്കുണ്ടെങ്കിലും പുറത്തുകൊണ്ടുവരികയും അര്‍ഹമായ ശിക്ഷ ലഭ്യമാക്കുകയും വേണമെന്നും മുഖ്യപ്രസംഗത്തില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ