ഷാജി കൈലാസ്- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ 2022ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കടുവ. ആ വര്‍ഷത്തെ വിജയ ചിത്രങ്ങളിലൊന്നായി മാറിയ കടുവയില്‍ കടുവാക്കുന്നേല്‍ കുര്യച്ചന്‍ എന്ന കഥാപാത്രമായാണ് പൃഥ്വി എത്തിയത്. ചിത്രത്തിലെ മിക്ക സീനുകളിലും കണ്ട നീലവെളിച്ചം വലിയൊരു കല്ലുകടിയായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടിരുന്നു. എഡിറ്റിങ് സമയത്ത് പറ്റിയ മിസ്റ്റേക്കാണെന്ന് കരുതി പലരും എഡിറ്ററെ കുറ്റം പറഞ്ഞിരുന്നു. അതില്‍ വിശദീകരണവുമായി വന്നിരിക്കുകയാണ് എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്.
ക്യാമറാമാന്‍ പ്രത്യേക തരത്തിലുള്ള ഫില്‍റ്റര്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്തതുകൊണ്ടാണ് ആ ഫ്‌ളെയര്‍ വന്നതെന്നും ഇതറിയാത്ത പലരും തന്നെ കുറ്റം പറഞ്ഞുവെന്നും ഷമീര്‍ മുഹമ്മദ്. കാശ് മുടക്കി പടം കാണുന്നത് ഇത്തരം പരീക്ഷണങ്ങള്‍ കാണനല്ലെന്ന് പറഞ്ഞ് പലരും തന്നെ തെറിവിളിച്ചുവെന്നും ഷമീര്‍ കൂട്ടിച്ചേര്‍ത്തു. ഷമീറിന്റെ പുതിയ ചിത്രമായ ടര്‍ബോയുടെ പ്രൊമോഷന്റെ ഭാഗമായി റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഷമീര്‍ ഇക്കാര്യം പറഞ്ഞത്.
‘കടുവ കണ്ട പലര്‍ക്കും കല്ലുകടിയായി തോന്നി എന്ന് പറഞ്ഞ കാര്യമായിരുന്നു സ്‌ക്രീനിന്റെ നടുക്ക് കണ്ട ഫ്‌ളെയര്‍. ആ ലെന്‍സ്ഫ്‌ളെയറിന്റെ ഉത്തരവാദി ഞാനല്ല. അതിന്റെ ക്യാമറാമാന്‍ ഒരു പരീക്ഷണം എന്ന നിലയില്‍ പുതിയൊരു ഫില്‍ട്ടര്‍ ഇട്ടതായിരുന്നു. എഡിറ്റിങ്ങിന്റെ സമയത്ത് ഞാന്‍ ഇത് കണ്ടപ്പോള്‍ മാറ്റാന്‍ നോക്കി. പക്ഷേ ഫ്രെയിമിന്റെ നടുക്ക് വന്നതുകൊണ്ട് എനിക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ല.
സിനിമ ഇറങ്ങിയപ്പേള്‍ എല്ലാ കുറ്റവും എനിക്കായി. കുറേ പേര്‍ എനിക്ക് മെസേജയച്ചിരുന്നു, എന്താ ഈ ചെയ്തു വെച്ചേക്കുന്നത് എന്നൊക്കെ ചോദിച്ചുകൊണ്ട്. ഞങ്ങള്‍ പണിക്ക് പോയി കിട്ടുന്ന പൈസ നിന്റെയൊക്കെ ഇമ്മാതിരി പരീക്ഷണം കാണാനല്ല എന്നൊക്കെ പറഞ്ഞ് ഇഷ്ടംപോലെ മെസേജ് അയച്ചിട്ടുണ്ടായിരുന്നു. ആദ്യത്തെ രണ്ടുമൂന്ന് മെസേജിനോട് ഞാന്‍ പ്രതികരിച്ചിരുന്നു. പക്ഷേ ഒരുപാടെണ്ണം ആയപ്പോള്‍ ഞാന്‍ പിന്നെ അതൊക്കെ മൈന്‍ഡ് ചെയ്യാതെയായി,’ ഷമീര്‍ പറഞ്ഞു.
Content Highlight: Editor Shameer Muhammed about the lens flare in Kaduva movie