ഞാനും ജോമോനും ചിരിച്ചതിന്റെ പകുതിയെങ്കിലും ഓഡിയന്‍സ് ചിരിച്ചാല്‍ പടം ഹിറ്റാകുമെന്ന ചിന്തയില്‍ ആ സിനിമ പ്രൊഡ്യൂസ് ചെയ്യാന്‍ തീരുമാനിച്ചു: എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്
Entertainment
ഞാനും ജോമോനും ചിരിച്ചതിന്റെ പകുതിയെങ്കിലും ഓഡിയന്‍സ് ചിരിച്ചാല്‍ പടം ഹിറ്റാകുമെന്ന ചിന്തയില്‍ ആ സിനിമ പ്രൊഡ്യൂസ് ചെയ്യാന്‍ തീരുമാനിച്ചു: എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 7th June 2024, 3:46 pm

ഒരുകൂട്ടം പുതുമുഖങ്ങളെ വെച്ച് ഒരു പുതുമുഖ സംവിധായകന്‍ ഒരുക്കിയ സിനിമയായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ 30 കോടിക്കു മുകളില്‍ കളക്ഷന്‍ നേടിയിരുന്നു. മലയാളത്തിലെ പ്രശസ്ത ഛായാഗ്രഹകന്‍ ജോമോന്‍.ടി. ജോണും, എഡിറ്റര്‍ ഷമീര്‍ മുഹമ്മദും ചേര്‍ന്നാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ നിര്‍മിച്ചത്.

മാത്യൂ തോമസ്, നസ്‌ലെന്‍, അനശ്വര രാജന്‍ എന്നിവരായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ പ്രധാന താരങ്ങള്‍. രവി പദ്മനാഭന്‍ എന്ന അധ്യാപകനായി വിനീത് ശ്രീനിവാസനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളില്‍ തണ്ണീര്‍മത്തനും ഉള്‍പ്പെട്ടിരുന്നു. അന്ന് ആ സിനിമ നിര്‍മിക്കാനുണ്ടായ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്.

ഗിരീഷ് ആ സിനിമയുടെ കഥ തങ്ങളോട് പറഞ്ഞ സമയത്ത് താനും ജോമോനും മനസ്സറിഞ്ഞ് ചിരിച്ചെന്നും തങ്ങള്‍ ചിരിച്ചതിന്റെ പകുതിയെങ്കിലും ഓഡിയന്‍സ് ചിരിച്ചാല്‍ വര്‍ക്കാകുമെന്ന ധൈര്യത്തിലാണ് അത് നിര്‍മിക്കാന്‍ തീരുമാനിച്ചതെന്ന് ഷമീര്‍ മുഹമ്മദ് പറഞ്ഞു. പുതിയ ചിത്രമായ ടര്‍ബോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഷമീര്‍ ഇക്കാര്യം പറഞ്ഞത്.

‘ആ സിനിമയുടെ കഥ എന്നോടും ജോമോനോടും ഒരേ സമയത്താണ് ഗിരീഷ് പറഞ്ഞത്. ആ കഥ കേട്ട സമയത്ത് ഞാന്‍ ആദ്യം തൊട്ട് അവസാനം വരെ ചിരിക്കുകയായിരുന്നു. എനിക്ക് നല്ലവണ്ണം വര്‍ക്കായി. ജോമോനും എന്നെപ്പോലെ തന്നെ ചിരിക്കുകയായിരുന്നു. ആ സമയത്ത് ഗിരീഷിന് പ്രൊഡ്യൂസര്‍മാരെ കിട്ടിയിരുന്നില്ല. ഞാനും ജോമോനും അപ്പോള്‍ ചിന്തിച്ചത്, ഞങ്ങള്‍ ചിരിച്ചതിന്റെ പകുതിയെങ്കിലും ഓഡിയന്‍സ് ചിരിച്ചാല്‍ ഈ പടം വര്‍ക്കാകും എന്നായിരുന്നു,’ ഷമീര്‍ പറഞ്ഞു.

Content Highlight: Editor Shameer Muhammed about Thanneer Mathan Dinangal movie