| Saturday, 29th June 2024, 6:39 pm

ലാൽ സാർ അപൂർവം പടങ്ങൾക്കൊക്കെയെ കണ്ടിട്ട് പോസ്റ്റ്‌ ഇട്ടിട്ടുള്ളൂ, അതിലൊന്ന് ഞാൻ എഡിറ്റ്‌ ചെയ്ത ആ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ്: ഷമീർ മുഹമ്മദ്‌

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അവതരണത്തിലെ പുതുമ കൊണ്ടും പ്രകടനത്തിലെ മികവ് കൊണ്ടും വലിയ രീതിയിൽ പ്രശംസ നേടിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് അങ്കമാലി ഡയറീസ്.

പുതുമുഖങ്ങളെ പ്രധാന കഥാപാത്രമാക്കിയായിരുന്നു ലിജോ ചിത്രം ഒരുക്കിയത്. ചിത്രത്തെ പ്രശംസിച്ചു കൊണ്ട് നടൻ മോഹൻലാൽ പോസ്റ്റ്‌ ഇട്ടതിനെ കുറിച്ച് പറയുകയാണ് ചിത്രത്തിന്റെ എഡിറ്റർ ഷമീർ മുഹമ്മദ്‌.

താൻ എഡിറ്റ്‌ ചെയ്ത അങ്കമാലി ഡയറീസും ഒരു മെക്സിക്കൻ അപാരതയും ഒന്നിച്ചാണ് തിയേറ്ററിൽ എത്തിയതെന്നും അന്ന് തന്നെയായിരുന്നു മോഹൻലാലിനൊപ്പം വില്ലൻ എന്ന ചിത്രത്തിന്റെ ഷൂട്ട്‌ തുടങ്ങിയതെന്നും ഷമീർ പറയുന്നു. മോഹൻലാൽ അങ്കമാലി ഡയറീസ് കാണണമെന്ന് പറഞ്ഞെന്നും ശേഷം ചിത്രം കണ്ട ശേഷം മോഹൻലാൽ ചിത്രത്തെ പ്രശംസിച്ചെന്നും ഷമീർ പറയുന്നു. ക്ലബ്ബ്‌ എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു ഷമീർ.

‘അങ്കമാലി ഡയറീസും ഒരു മെക്സിക്കൻ അപാരതയും ഒരേ ദിവസം റിലീസായി. അത് ആദ്യം എന്നോട് പറയുന്നത് ലിജോ ചേട്ടനാണ്. എനിക്കറിയില്ലായിരുന്നു ഒരേ ദിവസമാണ് റിലീസെന്ന്.

ലിജോ ചേട്ടൻ ഒരു ദിവസം വന്നിട്ട് പറഞ്ഞു, നിനക്ക് ലോട്ടറി അടിച്ചല്ലോയെന്ന്. ഞാൻ എന്താണെന്ന് ചോദിച്ചപ്പോൾ ലിജോ ചേട്ടൻ പറഞ്ഞു, നിന്റെ രണ്ട് പടവും ഒരേ ദിവസമാണ് റിലീസെന്ന്. എന്നിട്ട് ഈ രണ്ട് പടത്തിന്റെ ആളുകളും എന്നോട് ചോദിക്കും, നിനക്ക് ഏത്‌ പടമാണ് ഇഷ്ടം, ഏത്‌ പടമാണ് നല്ലത് ഏതാണ് ഓടുകയെന്നെല്ലാം. രണ്ടിന്റെയും ആളുകൾ ചോദിക്കുമായിരുന്നു.

മെക്സിക്കനും അങ്കമാലിയും റിലീസ് ആവുന്ന ദിവസമായിരുന്നു ലാലേട്ടന്റെ വില്ലന്റെ ഷൂട്ട് തുടങ്ങുന്നത്. സിനിമകൾ റിലീസായി ഉച്ചയൊക്കെ ആയപ്പോൾ അറിയാൻ കഴിഞ്ഞു. രണ്ട് സിനിമയും കുഴപ്പമില്ലാത്ത അഭിപ്രായങ്ങൾ നേടി.

ആദ്യത്തെ ദിവസം മെക്സിക്കനായിരുന്നു ആളുകൾ കൂടുതൽ. പിന്നെ രണ്ട് മൂന്ന് ദിവസം കൂടി കഴിഞ്ഞപ്പോൾ അങ്കമാലി ഡയറീസിനായി ആളുകൾ കൂടുതൽ. അങ്ങനെ ഒരു ദിവസം ലാൽ സാർ എന്നോട് ചോദിച്ചു, നിന്റെ ഒരു പടം ഇറങ്ങിയല്ലോ അത് കാണാൻ പറ്റുമോയെന്ന്.

ഞാൻ നേരെ ലിജോ ചേട്ടന്റെ അടുത്ത് ചെന്ന് പറഞ്ഞു, മടിച്ച് നിക്കണ്ട ലാലേട്ടന് ഇപ്പോൾ തന്നെ പടം കൊടുത്തേക്കെന്ന്. അങ്ങനെ ലാൽ സാറിന് പടം കൊടുത്തു. ലിജോ ചേട്ടൻ അദ്ദേഹത്തെ കാണാൻ വന്നു.

ലാൽ സാർ അങ്ങനെ അപൂർവം പടങ്ങൾക്കൊക്കെയെ കണ്ടിട്ട് പോസ്റ്റ്‌ ഇട്ടിട്ടുള്ളൂ. അങ്കമാലി ഡയറീസ് കണ്ടിട്ട് ഓൺലൈനിൽ പുള്ളി സിനിമയെ കുറിച്ച് പോസ്റ്റ്‌ ചെയ്തു. അടിപൊളി പടമാണ് എന്നൊക്കെ പറഞ്ഞിട്ട്,’ ഷമീർ മുഹമ്മദ്‌ പറയുന്നു.

Content Highlight: Editor Shameer Muhammad about Mohanlal’s Reaction After Watching Angamali Dairies

We use cookies to give you the best possible experience. Learn more