മാധ്യമപ്രവര്‍ത്തനത്തിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹം ചുമത്തിയ സംഭവത്തെ അപലപിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ്
national news
മാധ്യമപ്രവര്‍ത്തനത്തിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹം ചുമത്തിയ സംഭവത്തെ അപലപിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th January 2021, 1:53 pm

ന്യൂദല്‍ഹി: ജനുവരി 26 ന് ദല്‍ഹിയില്‍ നടന്ന കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ് എടുത്ത സംഭവത്തെ അപലപിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള നടപടി ജനാധിപത്യമൂല്യങ്ങളുടെ ലംഘനമാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് പറഞ്ഞു.

ജനുവരി 26 ന് രാജ്യസ്ഥലത്ത് നടന്ന കര്‍ഷകരുടെ പ്രതിഷേധ റാലിയും പിന്നീടുണ്ടായ അക്രമവും റിപ്പോര്‍ട്ടുചെയ്തതിന് മുതിര്‍ന്ന എഡിറ്റര്‍മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ ഉത്തര്‍പ്രദേശ് പൊലീസും മധ്യപ്രദേശ് പൊലീസും എ.ഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തുള്ള ഭീഷണിയെ അപലപിക്കുന്നതായി എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ വ്യക്തമാക്കി.

പ്രതിഷേധക്കാരില്‍ ഒരാളുടെ മരണവുമായി ബന്ധപ്പെട്ട വിവരം മാധ്യമപ്രവര്‍ത്തകര്‍ അവരുടെ സ്വകാര്യ സോഷ്യല്‍ മീഡിയ ഹാന്റിലുകളിലും അവര്‍ നടത്തുന്നതോ പ്രതിനിധീകരിക്കുന്നതോ ആയ പ്രസിദ്ധീകരണങ്ങളിലൂടെയോ റിപ്പോര്‍ട്ടുചെയ്തതിനാണ് മാധ്യമപ്രവര്‍ത്തകരെ പ്രത്യേകം ഉന്നംവെച്ചതെന്നും എഡിറ്റേഴ്‌സ ഗില്‍ഡ് പറഞ്ഞു.

പ്രതിഷേധം നടന്ന ദിവസം ദൃക്‌സാക്ഷികളില്‍ നിന്നും പൊലീസില്‍ നിന്നും നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെന്നും ലഭിച്ച എല്ലാ വിശദാംശങ്ങളും മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സ്വാഭാവികമാണെന്നും ഇത് മാധ്യമപ്രവര്‍ത്തനത്തിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാണെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് വ്യക്തമാക്കി.

ജനുവരി 26ന് നടന്ന ട്രാക്ടര്‍ റാലിയില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത ട്വീറ്റ് ചെയ്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, മാധ്യമപ്രവര്‍ത്തകര്‍ രജ്ദീപ് സര്‍ദേശായി, വിനോദ് കെ. ജോസ്, മൃണാള്‍ പാണ്ഡെ എന്നിവര്‍ക്കെതിരെ പൊലീസ് രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Contentb Highlights: Editor’s Guild On FIR Vs Rajdeep Sardesai, Mrinal Pande, Others