എം. മോഹനന്റെ സംവിധാനത്തില്‍ ശ്രീനിവാസന്‍ നായകനായ ചിത്രമാണ് കഥ പറയുമ്പോള്‍. ശ്രീനിവാസന്‍ തന്നെ തിരക്കഥയൊരുക്കിയ ചിത്രത്തിലെ മമ്മൂട്ടിയുടെ ഗസ്റ്റ് അപ്പിയറന്‍സ് വലിയ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി വരുന്ന രംഗമാണ് തിയേറ്ററുകളില്‍ ഏറ്റവുമധികം കയ്യടി നേടിയതും. സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളിലെ മമ്മൂട്ടിയുടെ പ്രകടനം പ്രേക്ഷകരുടെ കണ്ണ് നിറച്ചിരുന്നു.
എന്നാൽ ചിത്രം എഡിറ്റ് ചെയ്യുന്ന സമയത്ത് അതാണ് ക്ലൈമാക്സ് എന്ന് തനിക്ക് തോന്നിയില്ലെന്ന് പറയുകയാണ് ചിത്രത്തിന്റെ എഡിറ്ററായ രഞ്ജൻ എബ്രഹാം. മമ്മൂട്ടിയുടെ പ്രസംഗം ഒറ്റ ടേക്കിൽ എടുത്തതാണെന്നും എന്നാൽ എഡിറ്റിങ് സമയത്ത് ഒന്നര മിനിറ്റുള്ള ക്ലിപ്പ് തനിക്ക് വെക്കാൻ കഴിയില്ലായിരുന്നുവെന്നും രഞ്ജൻ പറയുന്നു.
എഡിറ്റ് കഴിഞ്ഞപ്പോൾ പലർക്കും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുവെന്നും എന്നാൽ ശ്രീനിവാസൻ ഓക്കെ പറഞ്ഞെന്നും അദ്ദേഹം ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘എന്നെ സംബന്ധിച്ച് കഥപറയുമ്പോളിന്റെ ക്ലൈമാക്സ് അതല്ലായിരുന്നു. ഞാൻ അങ്ങനെ അല്ലായിരുന്നു എഡിറ്റ് ചെയ്തത്. ആ പ്രസംഗത്തിന് ശേഷമുള്ള വീട്ടിലെ സീനാണ് ക്ലൈമാക്സ് എന്ന് വിചാരിച്ചാണ് ഞാൻ കഥ പറയുമ്പോൾ എഡിറ്റ് ചെയ്തത്.
എന്റെ മനസിലെ പ്ലാൻ അങ്ങനെയായിരുന്നു. ഷൂട്ട് ചെയ്യുമ്പോൾ മമ്മൂക്കയുടെ സ്പീച്ച് ഒന്നര മിനിറ്റ് ഉണ്ടായിരുന്നു. ഒറ്റ ടേക്ക് ഒറ്റ ഷോട്ട് ആയിരുന്നു. രണ്ട് ക്യാമറ വെച്ചാണ് ഷോട്ട് ചെയ്തത്. മമ്മൂക്ക ഗംഭീരമായി പെർഫോം ചെയ്തു. കണ്ണൊക്കെ നിറഞ്ഞു. അതൊക്കെ റിയാലായിട്ട് സംഭവിച്ച കാര്യമാണ്.
എല്ലാവരും നന്നായി കയ്യടിച്ചു. പക്ഷെ എഡിറ്റിങ് സമയത്ത് അത്രയും ഷോട്ട് ഒറ്റ ഷോട്ടായി വെക്കാൻ എനിക്ക് നിർവാഹം ഇല്ലല്ലോ. അതിൽ എല്ലാവരുടെയും ഭാഗങ്ങൾ വന്നാൽ മാത്രമേ ആ ഭാഗം വർക്ക് ഔട്ട് ആവുകയുള്ളൂ. അങ്ങനെയാണ് എഡിറ്റ് ചെയ്തത്.
പിന്നെ ഡബ്ബിങ് സമയത്ത് എല്ലാവരും ഓരോ അഭിപ്രായങ്ങളൊക്കെ പറഞ്ഞു. ശ്രീനിയേട്ടൻ എഡിറ്റ് ചെയ്ത് കഴിഞ്ഞിട്ട് കാണാൻ വന്നിരിന്നു. പുള്ളിക്ക് ഒരു ആശങ്ക ഉണ്ടായിരുന്നു. പക്ഷെ അവസാനം എന്നോട് ഓക്കെയാണെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു, വീട്ടിലെ ഭാഗമാണ് ക്ലൈമാക്സ് എന്നാണ് ഞാൻ കരുതിയതെന്ന്. ശ്രീനിയേട്ടനും പറഞ്ഞു അത് തന്നെയാണ് ക്ലൈമാക്സെന്ന്,’രഞ്ജൻ എബ്രഹാം പറയുന്നു.
Content Highlight: Editor Ranjan Abraham Talk About Kadha Parayumbol Movie