| Saturday, 9th April 2022, 4:49 pm

ബീസ്റ്റിന്റെ ട്രെയ്‌ലര്‍ പത്ത് വേര്‍ഷന്‍ ചെയ്തു, ട്രെയ്‌ലറില്‍ കണ്ടതിന്റെ പത്തിരട്ടി സിനിമയുണ്ട്: എഡിറ്റര്‍ നിര്‍മല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ് ചിത്രം ബീസ്റ്റിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയുടെതായി പുറത്തിറങ്ങുന്ന സ്റ്റില്ലുകള്‍ക്ക് വരെ വലിയ സ്വീകാര്യത ആണ് ലഭിക്കുന്നത്. സിനിമയുടെ ട്രെയ്‌ലറും വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു.

ട്രെയ്‌ലര്‍ പുറത്ത് വന്നതിന് പിന്നാലെ സിനിമയുടെ കഥ തന്നെ പുറത്ത് വന്നല്ലോ എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. കാരണം ഒരു മാള്‍ തീവ്രവാദികള്‍ ഹൈജാക്ക് ചെയ്യുന്നതും വിജയ് അവതരിപ്പിക്കുന്ന നായക കഥാപാത്രം അവരെ രക്ഷിക്കുന്നതുമാണ് കഥയെന്ന് വ്യക്തമായി തന്നെ ട്രെയ്‌ലറില്‍ നിന്നും മനസിലാകുന്നതാണ്.

എന്നാല്‍ ട്രെയ്‌ലറില്‍ കണ്ടതിനപ്പുറം പലതും സിനിമയിലുണ്ടെന്ന് വ്യക്തമാക്കുകയാണ് ബീസ്റ്റിന്റെ എഡിറ്റര്‍ നിര്‍മല്‍. ബീസ്റ്റിന്റെ ട്രെയ്‌ലര്‍ ലൈറ്റായിട്ടാണ് കാണിച്ചിരിക്കുന്നതെന്നും നിങ്ങള്‍ കണ്ടതിലും വലിയ സിനിമയാണ് ഇതെന്നും നിര്‍മല്‍ പറഞ്ഞു.

ഗലാട്ട തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബീസ്റ്റിന്റെ വിശേഷങ്ങള്‍ നിര്‍മല്‍ പങ്കുവെച്ചത്.

‘നെല്‍സണ്‍ സാറിന്റെ സിനിമകളിലെല്ലാം സിനിമയുടെ കഥ പ്രേക്ഷകര്‍ അറിഞ്ഞോട്ടെയെന്നാണ് അദ്ദേഹം വിചാരിക്കുന്നത്. കൊലമാവ് കോകിലയുടെയും ഡോക്ടറിന്റെയേും ട്രെയ്‌ലര്‍ അങ്ങനെയായിരുന്നു. ബീസ്റ്റിന്റെ ട്രെയ്‌ലര്‍ ലൈറ്റായിട്ടാണ് കാണിച്ചിരിക്കുന്നത്. പടത്തില്‍ കൂടുതല്‍ കാണാം.

എന്‍ജോയ് ചെയ്യാന്‍ പറ്റുന്ന രീതിയില്‍ ഒരുപാടുണ്ട്. നിങ്ങള്‍ കണ്ടതിലും വലിയ സിനിമയാണ് ഇത്. ട്രെയ്‌ലര്‍ കണ്ടതിന്റെ പത്തിരട്ടി സിനിമ കണുമ്പോള്‍ കിട്ടും. നിങ്ങള്‍ ഊഹിക്കുന്നതിലും വലുത് സിനിമയിലുണ്ട്.

ട്രെയ്‌ലറിനപ്പുറം സിനിമ കാണുമ്പോള്‍ അതില്‍ ചില കളികള്‍ കാണാം. അത് വ്യത്യസ്തമായിരിക്കും. അത് മുന്‍കൂട്ടി കാണാന്‍ പറ്റാത്തതാണ്. പത്ത് വേര്‍ഷന്‍ ചെയ്തിട്ടാണ് അവസാനം ഈ ട്രെയ്‌ലര്‍ എടുത്തത്,’ നിര്‍മല്‍ പറഞ്ഞു.

നെല്‍സണ്‍ ദിലീപ്കുമാറാണ് ബീസ്റ്റ് സംവിധാനം ചെയ്യുന്നത്. സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഏപ്രില്‍ 14 നാണ് ബീസ്റ്റിന്റെ റിലീസ്.

മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ചെന്നൈയിലും ജോര്‍ജിയയിലുമായിട്ടായിരുന്നു സിനിമയുടെ പ്രധാന ചിത്രീകരണം.

Content Highlight: editor r nirmal about beast trailer

We use cookies to give you the best possible experience. Learn more