കോഴിക്കോട്: മീഡിയാവണ്‍ ചാനലിന് ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് എഡിറ്റര്‍ പ്രമോദ് രാമന്‍. നടപടിക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് അദ്ദേഹം അറിയിച്ചു. കോടതി വിധി മാനിച്ച് സംപ്രേഷണം തല്‍ക്കാലം നിര്‍ത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ നിയമപോരാട്ടം തുടരും. ഉടന്‍ തന്നെ അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കും.
നീതി പുലരും എന്ന വിശ്വാസം ആവര്‍ത്തിക്കട്ടെ. പ്രേക്ഷകര്‍ നല്‍കുന്ന പിന്തുണയ്ക്ക് അകമഴിഞ്ഞ നന്ദി. മീഡിയവണിന്റെ സംപ്രേഷണം തടഞ്ഞതിനെതിരെ മാനേജ്‌മെന്റ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്.
ബഹുമാനപ്പെട്ട കോടതി വിധി മാനിച്ച് സംപ്രേഷണം തല്‍ക്കാലം നിര്‍ത്തുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്ക് എതിരെ നിയമപോരാട്ടം തുടരും. ഉടന്‍ തന്നെ അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കും. നീതി പുലരും എന്ന വിശ്വാസം ആവര്‍ത്തിക്കട്ടെ. പ്രേക്ഷകര്‍ നല്‍കുന്ന പിന്തുണയ്ക്ക് അകമഴിഞ്ഞ നന്ദി,’ പ്രമോദ് രാമന്‍ പറഞ്ഞു.
മീഡിയ വണിന്റെ സംപ്രേഷണ ലൈസന്‍സ് റദ്ദാക്കിയ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഉത്തരവ് കേരള ഹൈക്കോടതി ശരിവെച്ചിരിക്കുകയാണ്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ചാനലിന് വിലക്ക് പ്രഖ്യാപിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.
മീഡിയ വണ്‍ ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എന്‍. നാഗരേഷ് വിധി പറഞ്ഞത്.