| Thursday, 2nd January 2025, 5:10 pm

മുതിർന്ന പത്രപ്രവർത്തകൻ എസ്. ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: മുതിർന്ന പത്രപ്രവർത്തകനും സമകാലിക മലയാളം വാരികയുടെ സ്ഥാപക പത്രാധിപരും എഴുത്തുകാരനുമായ എസ്. ജയചന്ദ്രന്‍ നായര്‍ (85 ) അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ദീര്‍ഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു അദ്ദേഹം. ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ച അദ്ദേഹത്തിന്റെ ആത്മകഥയായ എന്റെ പ്രദക്ഷിണ വഴികള്‍ക്ക് 2012ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത പിറവി, സ്വം എന്നീ ചിത്രങ്ങളുടെ കഥ ജയചന്ദ്രന്‍ നായരുടേതാണ്.

തിരുവനന്തപുരം ജില്ലയിലെ ശ്രീവരാഹത്ത് ജനിച്ച ജയചന്ദ്രന്‍ നായര്‍ കൗമുദി ദിനപത്രത്തിലൂടെയാണ് പത്രപ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് മലയാളരാജ്യം, കേരള ജനത, കേരള കൗമുദി എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. 1975ല്‍ കലാകൗമുദി വാരികയില്‍ സഹപത്രാധിപരും തുടര്‍ന്ന് പത്രാധിപരുമായി. 1997ല്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് സമകാലിക മലയാളം വാരിക തുടങ്ങിയപ്പോള്‍ പത്രാധിപരായി ചുമതലയേറ്റു. 2013 വരെ മലയാളം വാരികയില്‍ പ്രവര്‍ത്തിച്ചു.

കെ. ബാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം, കെ.സി സെബാസ്റ്റ്യന്‍ അവാര്‍ഡ്, കെ. വിജയാഘവന്‍ അവാര്‍ഡ്, എം.വി പൈലി ജേണലിസം അവാര്‍ഡ്, സി.എച്ച്. മുഹമ്മദ് കോയ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കാഴ്ചയുടെ സത്യം എന്ന കൃതിക്ക് 2012ല്‍ കേരള ചലച്ചിത്ര അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു.

Content Highlight: Editor of Samakalika Malayalam Weekly S. Jayachandran Nair passed away

We use cookies to give you the best possible experience. Learn more