| Saturday, 6th July 2024, 5:19 pm

2019 മുതല്‍ ഉള്ളൊഴുക്കിലെ വെള്ളപ്പൊക്കത്തിനു വേണ്ടി പണിയെടുത്ത് തുടങ്ങിയിരുന്നു: എഡിറ്റര്‍ കിരണ്‍ ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നായി മാറിയിരിക്കുകയാണ് ഉള്ളൊഴുക്ക്. ഇന്ത്യയെ നടുക്കിയ കൂടത്തായി കേസിനെ ആസ്പദമാക്കി നെറ്റ്ഫ്‌ളിക്‌സില്‍ റിലീസായ കറി ആന്‍ഡ് സയനൈഡ് എന്ന ഡോക്യുമെന്ററി അണിയിച്ചൊരുക്കിയ ക്രിസ്‌റ്റോ ടോമിയാണ് ഉള്ളൊഴുക്കിന്റെ സംവിധായകന്‍. മലയാളത്തിലെ മികച്ച നടിമാരായ ഉര്‍വശിയും പാര്‍വതി തിരുവോത്തുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ആലപ്പുഴയിലെ ഒരു ഇടത്തരം ക്രിസ്ത്യന്‍ കുടുംബത്തിലുണ്ടാകുന്ന മരണവും പിന്നീട് ഒരോരുത്തരില്‍ നിന്ന് പുറത്തുവരുന്ന സത്യങ്ങളും അതുണ്ടാക്കുന്ന പ്രശ്‌നങ്ങളുമാണ് സിനിമയുടെ കഥ. മഴയും വെള്ളപ്പൊക്കവും സിനിമയിലെ പ്രധാന ഭാഗങ്ങളാണ്. ഭൂരിഭാഗം സീനുകളും വീടിനെ ചുറ്റിപ്പറിയാണ് ക്രിസ്റ്റോ ചിത്രീകരിച്ചത്. സിനിമയിലെ വെള്ളപ്പൊക്ക സീനുകളെപ്പറ്റി സംസാരിക്കുകയാണ് ചിത്രത്തിന്റെ എഡിറ്റര്‍ കിരണ്‍ ദാസ്.

വെള്ളപ്പൊക്ക സീനുകള്‍ കുറച്ച് വി.എഫ്.എക്‌സും, ബാക്കി ഒറിജിനലുമാണെന്ന് കിരണ്‍ ദാസ് പറഞ്ഞു. ഈയിടെയായി എല്ലാ വര്‍ഷവും വെള്ളപ്പൊക്കമുണ്ടാകാറുള്ളതുകൊണ്ട് കിട്ടാന്‍ പറ്റുന്ന അത്രയും ഒറിജിനല്‍ ഫൂട്ടേജ് ഉപയോഗിച്ചെന്നും കിരണ്‍ ദാസ് പറഞ്ഞു. 2019 മുതല്‍ അതിന് വേണ്ടിയുള്ള ജോലികള്‍ ആരംഭിച്ചിരുന്നെന്നും കിരണ്‍ ദാസ് കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് കിരണ്‍ ദാസ് ഇക്കാര്യം പറഞ്ഞത്.

‘ഉള്ളൊഴുക്കില്‍ കണ്ട വെള്ളപ്പൊക്കം വി.എഫ്.എക്‌സും ഒറിജിനല്‍ വീഡിയോയും മിക്‌സ് ചെയ്തതാണ്. അതിനുള്ള ജോലികള്‍ 2019ലെ വെള്ളപ്പൊക്കം മുതല്‍ തുടങ്ങിയിരുന്നു. അത് കഴിഞ്ഞ് എല്ലാ വര്‍ഷവും വെള്ളപ്പൊക്കം ചെറിയ രീതിയില്‍ ഉണ്ടായിരുന്നത് ഞങ്ങള്‍ക്ക് ചെറിയ രീതിയില്‍ സഹായമായി. ഒറിജിനലാണെന്ന് കൂടുതല്‍ ആളുകള്‍ക്ക് മനസിലാകാന്‍ അത് ഹെല്‍പ്പ് ചെയ്തു,’ കിരണ്‍ ദാസ് പറഞ്ഞു.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിന്റെ അസോസിയേറ്റ് എഡിറ്ററായിരുന്നു കിരണ്‍ ദാസ്. 2016ല്‍ പുറത്തിറങ്ങിയ പാ.വ എന്ന ചിത്രത്തിലൂടെയാണ് കിരണ്‍ ദാസ് സ്വതന്ത്ര എഡിറ്ററായത്. എട്ട് വര്‍ഷത്തെ കരിയറില്‍ 27ലധികം ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത കിരണ്‍ ദാസ് 2019ല്‍ പുറത്തിറങ്ങിയ ഇഷ്‌ക് എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാര്‍ഡും നേടി.

Content Highlight: Editor Kiran Das about the flood scene in Ullozhukk movie

We use cookies to give you the best possible experience. Learn more