എനിക്ക് തുടർച്ചയായി പടങ്ങൾ നൽകിയത് ആ നടൻ: എഡിറ്റർ അഖിലേഷ് മോഹൻ
Entertainment
എനിക്ക് തുടർച്ചയായി പടങ്ങൾ നൽകിയത് ആ നടൻ: എഡിറ്റർ അഖിലേഷ് മോഹൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 09, 12:34 pm
Sunday, 9th March 2025, 6:04 pm

മലയാള സിനിമാ ചിത്രസംയോജന രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് അഖിലേഷ് മോഹൻ. കുറെയധികം സിനിമകളിൽ അസോസിയേറ്റ്, അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിച്ച അഖിലേഷ് പ്രശസ്തരായ സംവിധായകരുടെ കൂടെയും പ്രവർത്തിച്ചിട്ടുണ്ട്. കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത് പൃഥ്വിരാജ് അഭിനയിച്ച ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര ചിത്രസംയോജകനായി അരങ്ങേറ്റം കുറിച്ചത്.

കുരുതി, ബ്രോ ഡാഡി, ക്വീൻ എലിസബത്ത് എന്നിവയാണ് അഖിലേഷ് എഡിറ്റിങ് നിർവഹിച്ച സിനിമകൾ. 2016ല് പുറത്തിറങ്ങിയ കസബ എന്ന ചിത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററായിരുന്നു. സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത രൺവീർ ചിത്രം ആനിമലിൻ്റെ ആക്ഷൻ സ്വീകൻസുകൾ എഡിറ്റ് ചെയ്തത് അഖിലേഷാണ്.

മാർച്ച് 27ന് പുറത്തിറങ്ങുന്ന എമ്പുരാനും അഖിലേഷാണ് എഡിറ്റ് ചെയ്യുന്നത്. തന്നെ ഇൻഡിപെഡൻ്റ് ആക്കിയതും തുടർച്ചയായി 3 പടങ്ങൾ തന്നതും പൃഥ്വിരാജാണെന്ന് പറയുകയാണ് അഖിലേഷ് മോഹൻ. എമ്പുരാൻ എന്ന സിനിമയിൽ വിളിച്ചാൽ വരുന്ന ഒരുപാട് പേരുണ്ടായിരുന്നുവെന്നും നമ്മുടെ കഴിവിനപ്പുറം നമ്മൾ രക്ഷപെട്ട് കാണണമെന്ന് ആഗ്രഹിക്കുന്നയാളാണ് പൃഥ്വിരാജെന്നും അഖിലേഷ് കൂട്ടിച്ചേർക്കുന്നു.

‘നമ്മളെ ഇൻഡിപെഡൻ്റ് ആക്കിയത് രാജുവേട്ടനാണ്. എനിക്ക് തുടർച്ചയായി മൂന്ന് പടങ്ങൾ നൽകിയത് രാജുവേട്ടനാണ്. എമ്പുരാൻ എന്ന സിനിമയിലേക്ക് വിളിച്ചാൽ വരുന്ന ഒരുപാട് പേരുണ്ട്. നമ്മുടെ വർക്ക് അദ്ദേഹത്തിന് ഇഷ്ടമായിരിക്കാം പക്ഷെ അതിനുമപ്പുറത്തേക്ക് പുള്ളി (പൃഥ്വിരാജ്) ആഗ്രഹിക്കുന്നത് നമ്മൾ രക്ഷപെട്ട് കാണണമെന്നാണ്.

പൃഥ്വി പറയുന്ന കമ്മ്യൂണിക്കേഷൻ കറക്ടായി വർക്കാവുന്നുണ്ടെങ്കിൽ, ഇതിലൂടെ രക്ഷപെടുമെങ്കിൽ രക്ഷപെടട്ടെ എന്നാണ് പൃഥ്വി വിചാരിക്കുക. ലൂസിഫറിൻ്റെ സമയത്ത് ചെറിയ റോൾസ് ചെയ്യാനുള്ള ആളുകളെ അസോസിയേറ്റ് കാണിക്കുമല്ലോ, അന്ന് ലൊക്കേഷനിൽ ഒരു ആർട്ടിസ്റ്റ് വിസിറ്റിങിന് വന്നു. അപ്പോൾ ആ റോൾ വന്ന ആർട്ടിസ്റ്റിനെ കൊണ്ട് ചെയ്യിപ്പിച്ചാലോ എന്ന് ചോദിച്ചു.

അപ്പോൾ രാജുവേട്ടൻ പറഞ്ഞ കാര്യമാണ് “ഏയ് അതൊരു ആർട്ടിസ്റ്റല്ലെ? പുള്ളിയെക്കൊണ്ട് ചെയ്യിക്കണ്ട. അതിനുമാത്രം ഒന്നുമില്ല ചെറിയ ഷോട്ടാണ്. അത് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന സിനിമയിൽ മുഖം കാണിച്ചുവെന്ന് പറഞ്ഞാൽ അവർക്കെന്തെങ്കിലും ഗുണം കിട്ടുമെങ്കിൽ അങ്ങനെയുള്ള ആരെയെങ്കിലും കാസ്റ്റ് ചെയ്യൂ” എന്നാണ് പറഞ്ഞത്.’ അഖിലേഷ് മോഹൻ പറഞ്ഞു.

Content Highlight: Editor Akhilesh Mohan about Prithviraj’s influence in his career