| Thursday, 31st March 2016, 12:50 pm

ബാബുവേട്ടനും നമ്മളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡൂള്‍ന്യൂസിന്റെ രാഷ്ട്രീയത്തെക്കുറിച്ചാണ് ബാബുവേട്ടന്‍ അന്ന് ചോദിച്ചത്. വാര്‍ത്തകളില്‍ ഞങ്ങള്‍ തിരഞ്ഞ രാഷ്ട്രീയത്തെ മാത്രമാണ് ബാബുവേട്ടന്‍ കണ്ടത്. പിച്ചവെച്ചു തുടങ്ങിയിട്ടില്ലാത്ത പോര്‍ട്ടലിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനം ഏറ്റെടുക്കാന്‍ ബാബുവേട്ടന്‍ തയ്യാറായി. വലിയൊരു തണലായിരുന്നു അത്. അറിവിന്റെ തണല്‍.


കാലിടറിയ സമയമായിരുന്നു അത്. ഡൂള്‍ന്യൂസ് ആ പേര് സ്വീകരിക്കും മുമ്പ് കേരള ഫ്‌ലാഷ്
ന്യൂസായിരുന്ന കാലത്ത്, വിഭവങ്ങളും പിന്തുണയുമില്ലാതിരുന്ന കാലത്ത്, പ്രിയപ്പെട്ട ബാബുവേട്ടനാണ് ഡൂള്‍ന്യൂസിന് തണലായത്. അനേക രാജ്യങ്ങള്‍ സഞ്ചരിച്ച, മനുഷ്യന്റെ പൊരുളന്വേഷിച്ച, പുഴപോലൊഴുകുന്നയാള്‍. അന്ന് വൈകുന്നേരം മലാപ്പറമ്പിലെ വീട്ടിലേക്ക് ഞങ്ങള്‍ കയറിച്ചെന്നത് ആ നനവ് തേടിയാണ്.

ഡൂള്‍ന്യൂസിന്റെ രാഷ്ട്രീയത്തെക്കുറിച്ചാണ് ബാബുവേട്ടന്‍ അന്ന് ചോദിച്ചത്. വാര്‍ത്തകളില്‍ ഞങ്ങള്‍ തിരഞ്ഞ രാഷ്ട്രീയത്തെ മാത്രമാണ് ബാബുവേട്ടന്‍ കണ്ടത്. പിച്ചവെച്ചു തുടങ്ങിയിട്ടില്ലാത്ത പോര്‍ട്ടലിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനം ഏറ്റെടുക്കാന്‍ ബാബുവേട്ടന്‍ തയ്യാറായി. വലിയൊരു തണലായിരുന്നു അത്. അറിവിന്റെ തണല്‍. ഒരു മനുഷ്യന്റെ വര്‍ഷങ്ങളുടെ സത്യാന്വേഷണം, സഞ്ചാരം, അറിവ് എല്ലാം ഡൂള്‍ന്യൂസിന്റെ അക്ഷരങ്ങളായി മാറി. അറിവിനെ വില്‍പ്പനക്ക് വെച്ച കാലത്താണ് ബാബുവേട്ടന്‍ അറിവിനെ മനുഷ്യന്റെ സ്വതന്ത്ര ചിന്തക്ക് വിട്ടുകൊടുത്തത്.

പിന്നെ ഡൂള്‍ന്യൂസിനൊപ്പമായിരുന്നു ബാബുവേട്ടന്‍. വെള്ളിക്കൊലുസ്സെന്ന കോളത്തിലൂടെയാണ് അദ്ദേഹം പ്രധാനമായും വായനക്കാരുമായി സംസാരിച്ചത്. തുറന്ന ചര്‍ച്ചയുടെ കോലായകളില്‍ അദ്ദേഹമിരുന്നു. സത്യത്തിന്റെ അങ്ങാടികളെക്കുറിച്ച് പറഞ്ഞുതന്നു. ഡൂള്‍ന്യൂസ് ഏതെല്ലാം സമയങ്ങളില്‍ പതറിനിന്നിട്ടുണ്ടോ, അപ്പോഴെല്ലാം ബാബുവേട്ടന്‍ പുതിയ അറിവുകള്‍ കൊണ്ട് മുന്നോട്ടുനയിച്ചു. മനുഷ്യ ചരിത്രത്തിലെ പോരാട്ടങ്ങളെക്കുറിച്ചും അതിജീവനത്തെക്കുറിച്ചുമെല്ലാമായിരുന്നു വെള്ളിക്കൊലുസ് പറഞ്ഞത്. മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന എഴുത്തുകള്‍. പ്രത്യാശയുടെ കിരണങ്ങളായിരുന്നു അവ. ഒപ്പം ശത്രുവിനെക്കുറിച്ചുള്ള തിരിച്ചറിവ് നല്‍കുന്നതും.

ചരിത്രത്തിന്റെ പുനര്‍വ്വായനയായിരുന്നു അത്. പുതിയ കാലത്തിന്റെ അനുഭവങ്ങളെ അദ്ദേഹം ചരിത്രത്തിന്റെ ഗര്‍ത്തങ്ങളില്‍ ഇറങ്ങി നിന്ന് നമുക്ക് വായിച്ചുതന്നു. ഇത് വായിച്ചാണ് ഡൂള്‍ന്യൂസ് വളര്‍ന്നത്. ഡൂള്‍ന്യൂസിന്റെ വായനക്കാരും. അക്കാലത്തുതന്നെ രോഗം അദ്ദേഹത്തെ തളര്‍ത്തിത്തുടങ്ങിയിരുന്നു. പക്ഷെ ശാരീരികാരോഗ്യത്തെ മറികടക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകള്‍. വെള്ളപ്പേപ്പറിലെ ആ ചെരിഞ്ഞ കയ്യക്ഷരം ചരിത്രത്തിന്റെ വെള്ളിക്കൊലുസ്സുകള്‍ പിടിച്ചുകുലുക്കി. ദുര്‍ബലമായ ആ കൈകള്‍ കൊണ്ട് ശക്തമായ വാചകങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. വഞ്ചനയുടെയും കൊള്ളയുടെയും അസത്യത്തിന്റെയും ഫാസിസത്തിന്റെയും കോട്ടകളെ കുലുക്കുന്നതായിരുന്നു വെള്ളിക്കൊലുസ്സുകള്‍.

തന്റെ ശാരീരിക അവശതകളെയും രോഗത്തെയും വകവെയ്ക്കാതെ ബാബുവേട്ടന്‍ ഡൂള്‍ന്യൂസിനൊപ്പം നിന്നു. എഡിറ്റോറിയല്‍ മാത്രമല്ല, ദൈനംദിന നടത്തിപ്പിന്റെ ആകുലതകള്‍ ഏറ്റെടുക്കാനും അദ്ദേഹം തയ്യാറായിരുന്നു. ഡൂള്‍ന്യൂസിന്റെ സാമ്പത്തികമായ പ്രശ്‌നങ്ങള്‍പോലും അദ്ദേഹം തന്റെ കൂടി പ്രശ്‌നമായിക്കണ്ടു. പരിഹാരങ്ങള്‍ നിര്‍ദേശിച്ചു. ബാബുവേട്ടന്റെ മുടി പോലെ അലസമായിരുന്നില്ല അദ്ദേഹത്തിന്റെ എഴുത്തും ഇടപെടലും. രാഷ്ട്രീയ നിലപാടുകള്‍ പ്രഖ്യാപിക്കുന്നതില്‍ പ്രത്യേകിച്ചും. പുതിയ വാര്‍ത്തകള്‍ ഉണ്ടാവുമ്പോള്‍ അതിലെ രാഷ്ട്രീയം പറയാന്‍ അദ്ദേഹത്തിലെ വിപ്ലവകാരി തിടുക്കം കൂട്ടി.


ഡൂള്‍ന്യൂസിന്റെ രാഷ്ട്രീയവീക്ഷണം രൂപപ്പെടുത്തുന്നതിലെ ശില്പിയായിരുന്നു ബാബുവേട്ടന്‍. തൊഴിലാളികളും ദളിതരും സ്ത്രീകളും ആദിവാസികളും കറുത്തവരും എന്നുവേണ്ട അധികാരമണ്ഡലങ്ങളില്‍ അപരവല്‍ക്കരിക്കപ്പെടുകയും പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നവര്‍ക്കൊപ്പം ഡൂള്‍ന്യൂസ് എന്നെന്നും നിലനിന്നു കാണുന്നതില്‍ അഭിമാനം പങ്കുവെച്ച ഞങ്ങളുടെ ചീഫ് എഡിറ്റര്‍.


ഒരു ഘട്ടത്തില്‍ വെള്ളിക്കൊലുസ് എഡിറ്റോറിയല്‍ ആയി മാറി. വാര്‍ത്തകളില്‍ ബാബുവേട്ടന്‍ പകര്‍ന്നുനല്‍കിയ നിലപാടുകള്‍ പിന്നീട് മുഖപ്രസംഗത്തിലൂടെയുള്ള നേരിട്ടുള്ള പ്രഖ്യാപനമായി.

ജീവിതം തന്നെ പോരാട്ടമാണെന്ന ദാര്‍ശനികതിയൂന്നിക്കൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയം. പോരാട്ടമില്ലാതെ ബാബുഭരദ്വാജ് എന്ന വ്യക്തിത്വത്തിന് നിലനില്‍പ്പുണ്ടായിരുന്നില്ല. ജനപക്ഷരാഷ്ട്രീയത്തിന്റെ സത്യസന്ധതയില്‍, സുതാര്യാത്മക വീക്ഷണത്തില്‍, നീറുന്ന മനുഷ്യപ്രശ്‌നങ്ങളില്‍ ഊന്നിക്കൊണ്ടായിരുന്നു അദ്ദേഹം ഇടപെട്ടിരുന്നത്.

സാധാരണ മനുഷ്യരുടെ ആകുലതകളെ ഇത്രമാത്രം ഉള്ളുകൊണ്ട് തൊട്ടുനോക്കിയ മാധ്യമരാഷ്ട്രീയപ്രവര്‍ത്തകര്‍ അധികമുണ്ടാവില്ല. മലയാളികള്‍ക്ക് പ്രവാസലോകത്തെ വ്രണിത ജീവിതങ്ങളെ മുറിവേറ്റ വാക്കുകള്‍കൊണ്ട് തീക്ഷ്ണമായി അനുഭവപ്പെടുത്തിയ എഴുത്തുകാരനാണ് ബാബുവേട്ടന്‍. ചെറു ചിരിയിലും വേദനമണക്കുന്ന അനുഭവങ്ങള്‍, കഥകള്‍, നാട്ടറിവുകള്‍ അങ്ങനെ അങ്ങനെ പകര്‍ന്നൊഴുകിയാണദ്ദേഹം കടന്നുപോയത്.

ഡൂള്‍ന്യൂസിന്റെ രാഷ്ട്രീയവീക്ഷണം രൂപപ്പെടുത്തുന്നതിലെ ശില്പിയായിരുന്നു ബാബുവേട്ടന്‍. തൊഴിലാളികളും ദളിതരും സ്ത്രീകളും ആദിവാസികളും കറുത്തവരും എന്നുവേണ്ട അധികാരമണ്ഡലങ്ങളില്‍ അപരവല്‍ക്കരിക്കപ്പെടുകയും പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നവര്‍ക്കൊപ്പം ഡൂള്‍ന്യൂസ് എന്നെന്നും നിലനിന്നു കാണുന്നതില്‍ അഭിമാനം പങ്കുവെച്ച ഞങ്ങളുടെ ചീഫ് എഡിറ്റര്‍. അതങ്ങനെയായി നിലനിന്നുകാണാന്‍ ഏറെ ആഗ്രഹിച്ചിട്ടുണ്ടാവുക അദ്ദേഹം തന്നെയാവും.

അതുകൊണ്ട് തന്നെയായിരിക്കണം ഓരോ വാര്‍ത്തകളും പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ അത് ഉന്നം വെയ്‌ക്കേണ്ടത് എങ്ങോട്ടാണ് എന്ന് നോക്കിക്കാണണമെന്ന ശാഠ്യം അദ്ദേഹം വെച്ചുപുലര്‍ത്തിയത് അഥവാ ഓരോ വാര്‍ത്തയ്ക്കും ലക്ഷ്യങ്ങളുണ്ടാവണം. നിഷ്പക്ഷ വായാടിത്തമല്ല ജനകീയ മാധ്യമപ്രവര്‍ത്തനത്തിന്റെ നട്ടെല്ല് മറിച്ച്, കണ്ണീരും വിയര്‍പ്പും വിശപ്പും വേദനയുമൊക്കെയാവണം വാര്‍ത്താവര്‍ത്തമാനത്തെ നിര്‍ണയിക്കാന്‍ എന്ന തികഞ്ഞ ബോധ്യമാണ് അദ്ദേഹം ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തിയിരുന്നത്. ഈ സത്യസന്ധതകൊണ്ടുതന്നെയാവണം മുഖ്യധാരാ രാഷ്ട്രീയങ്ങള്‍ക്ക് അദ്ദേഹം അപ്രിയനായിത്തീര്‍ന്നത്.

2016 മാര്‍ച്ച് 31ന് പ്രസിദ്ധീകരിച്ചത്

We use cookies to give you the best possible experience. Learn more