എഡിറ്റോ-റിയല്‍
ഇന്നോളം അവഗണിക്കപ്പെട്ട ആദിവാസികള്‍ ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ “നില്‍പ്പ് സമരം” ആരംഭിച്ചിരിക്കുകയാണ്. കാലങ്ങളായി സര്‍ക്കാരുകള്‍ അവഗണിച്ചിട്ടുള്ളതാണ് അവരുടെ ആവശ്യങ്ങളൊക്കെയും. എപ്പോഴും ദളിത്-ആദിവാസി സൗഹാര്‍ദ്ധ പദ്ധതികളും നടപടികളും തങ്ങള്‍ കൊണ്ടുവരുമെന്ന് ഊറ്റം കൊണ്ടുകൊണ്ടാണ് ഓരോ സര്‍ക്കാരും അധികാരത്തിലെത്തുന്നതെങ്കിലും അവരുടെ വാക്കുകള്‍ പഴയ ചാക്കുകളായിത്തീരുന്നു. ആദിവാസികളല്ലേ, അവര്‍ക്കു നല്‍കിയ വാക്കുകള്‍ പഴയ ചാക്കായാലും വേണ്ടില്ല എന്ന് നമ്മളും നിസംഗപ്പെടുന്നു.
ഏറെ ദിവസമായി ഇവര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ കിടക്കാന്‍ തുടങ്ങിയിട്ട്. വേറൊന്നിനും വേണ്ടിയല്ല, അവര്‍ക്കര്‍ഹതപ്പെട്ടത് കിട്ടുവാന്‍. അല്ലയോ മന്ത്രി മുഖ്യന്‍മാരേ, അവര്‍ ആവശ്യപ്പെടുന്നത്, നിങ്ങള്‍ തന്നെ വാഗ്ദാനം ചെയ്ത ഭൂമിയാണ്. എന്തേ അതുമാത്രം നല്‍കാന്‍ നിങ്ങള്‍ വിസമ്മതിക്കുന്നു എന്ന് ചോദിക്കുന്നതിനു പകരം എന്തേ നിങ്ങള്‍ക്കൊക്കെയും വന്‍കിട വിമാനത്താവളങ്ങളും ഫാക്ടറികളും വ്യവസായ സംരംഭങ്ങളും സ്‌പെഷ്യല്‍ ഇക്കണോമിക് സോണുകള്‍ എന്ന നിയമരഹിത വ്യവസായ കോട്ടകൊത്തളങ്ങളും മാത്രം പണിതുയര്‍ത്താന്‍ ഭൂമി കണ്ടെത്താനാവുന്നു എന്ന് ചോദിക്കുന്നതാവും നല്ലത്. കാരണം ഇവിടെ ഒന്നിനും ഒന്നുമില്ലാത്തതുകൊണ്ടല്ല, എല്ലാമെല്ലാം ചില പുതിയ തമ്പ്രാക്കന്മാരുടെ കാല്‍ക്കീഴില്‍ കാണിക്ക വെക്കുന്നതുകൊണ്ടാണ്.
നില്‍ക്കുക നല്ലതാണ്. കുറച്ചു കൂടുതല്‍ നില്‍ക്കുക ആരോഗ്യത്തിന് കേമമാണ്. എന്നാല്‍ നിന്നുകൊണ്ടേയിരിക്കുക വേദനാജനകമാണ്. ചെയ്യുന്നവര്‍ക്കും അത് കാണുന്നവര്‍ക്കും. അതെ, ആദിവാസികള്‍ തീരുമാനമെടുത്തിരിക്കുന്നു നോവനുഭവിച്ചുകൊണ്ട് നിങ്ങളുടെ മനസാക്ഷിയെ നോവിക്കാന്‍, ചോദ്യം ചെയ്യാന്‍.
ഇക്കാലമത്രയും കുടില്‍ കെട്ടി അവര്‍ സമരം ചെയ്യുമ്പോഴും നമ്മുടെയാരുടെയും ഉള്ള് നൊന്തില്ല.
എല്ലാത്തിനും വാതോരാതെ സംസാരിക്കുന്ന മാധ്യമപ്പടകളെ ചില സവിശേഷ മുഹൂര്‍ത്തങ്ങളില്‍ തങ്ങളുടെ ചാനല്‍ ചര്‍ച്ചകള്‍ കൊഴിപ്പിക്കാനുള്ള വിഭവങ്ങള്‍ ലഭിക്കുമെന്നുള്ളപ്പോള്‍ മാത്രമേ ആദിവാസി സമരങ്ങളില്‍ കാണാറുള്ളു. ഇക്കാലമത്രയും കുടില്‍ കെട്ടി അവര്‍ സമരം ചെയ്യുമ്പോഴും നമ്മുടെയാരുടെയും ഉള്ള് നൊന്തില്ല. ഇത് നമ്മുടെ കൂടി സമരമാണ് എന്ന് തോന്നിയില്ല.
[]
അന്ന് മുത്തങ്ങ വെടിവെപ്പ് നടന്ന പിറ്റന്നത്തെ പത്രങ്ങളില്‍ അടികൊണ്ട് മുഖം വീര്‍പ്പിച്ച ഒരു ആദിവാസിപ്പെണ്ണിന്റെ പടമുണ്ടയിരുന്നു. ജാനുവെന്നാണവരുടെ പേര്. അടിയും തൊഴിയും ജാനുവും കൂട്ടരും അത്രകണ്ട് ഏറ്റുവാങ്ങിയിട്ടും ആരും ചോദിച്ചില്ല, എന്തേ അവരുടെ ആവശ്യങ്ങള്‍ പിന്നെയും ഇത്രനാളും നടപ്പാകപ്പെടാത്തതെന്ന്?
നാളുകളായി തുടര്‍ന്നുവരുന്ന കുടില്‍ കെട്ടിയുള്ള സമരത്തിനോട് സര്‍ക്കാര്‍ അനുകൂലമായി പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ആദിവാസി സമരത്തിന്റെ രൂപം മാറുന്നത്. ആവശ്യങ്ങള്‍ പലതാണ്. ആന്റണി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളാണ് അതില്‍ പ്രധാനം.
ഭൂമി ലഭിച്ചവരില്‍ തന്നെ നിരവധിയാളുകള്‍ക്ക് ഭൂമി നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. കുടിയേറ്റം അതില്‍ പ്രധാനപ്പെട്ട ഒരു കാരണമാണ്. കൈയ്യൂക്കുള്ളവന്‍ കാര്യക്കാരനാണെന്നാണല്ലോ. വ്യാജരേഖകള്‍ ധാരാളമായി കിട്ടുന്ന ഒരു രാജ്യത്ത്, അഴിമതി എന്നത് ആഭരണമായി കൊണ്ടാടപ്പെടുന്ന ഈ സുന്ദര സുരഭില ഭൂമിയില്‍, ആദിവാസിയെ കുടിയിറക്കാനുള്ള രേഖകള്‍ ഉണ്ടാക്കാന്‍ അത്ര പ്രയാസമാണോ?
ആദിവാസി അധിവാസമേഖലകളെ പ്രത്യേകിച്ച് വയനാടിനെ ഭരണഘടനയുടെ 5-ാം ഷെഡ്യൂള്‍പ്രകാരം ഷെഡ്യൂള്‍ഡ് സെറ്റില്‍മെന്റ് ഏര്യയാക്കി പ്രഖ്യാപിക്കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നത്. മുത്തങ്ങ സമരത്തില്‍ തന്നെ ഉന്നയിക്കപ്പെട്ട ഒരാവശ്യമായിരുന്നു ഇത്. ഭരണഘടനയുടെ 244-ാം അനുഛേദം ആദിവാസി അധിവാസ മേഖലകളെ ആദിവാസി സ്വയംഭരണ മേഖലകളാക്കി പ്രഖ്യാപിക്കാനവകാശം നല്‍കുന്നുണ്ട്. ഏതു സര്‍ക്കാരാണ് ഇത് നടപ്പാക്കാനുള്ള നട്ടെല്ല് കാണിച്ചിട്ടുള്ളത്. അവര്‍ക്ക് നട്ടെല്ലില്ലാത്തതുകൊണ്ടാണോ അതോ കുടിയേറ്റ മാഫിയകള്‍ക്ക് ഭൂമി മുഴുവന്‍ പതിച്ചു നല്‍കാന്‍ അവര്‍ സ്വപ്നം കാണുന്നതുകൊണ്ടാണോ?
ആദിവാസി വികസനത്തിനായി ഫണ്ട് വിനിയോഗിക്കുന്നത് ആദിവാസി പ്രതിനിധികളുള്‍ക്കൊള്ളുന്ന കമ്മിറ്റികളിലൂടെയായിരിക്കേണ്ടത് അനിവാര്യമാണല്ലോ. അവരുടെ പണം പലപ്പോഴും വകമാറ്റിച്ചിലവഴിക്കാന്‍ എളുപ്പമുള്ള ഫണ്ടായാണ് എല്ലാ സര്‍ക്കാരുകളും ഇന്നോളം കരുതിപ്പോരുന്നത്. ഒപ്പം ഫണ്ട് വെട്ടിക്കാനും കഴിയും. ഇതിന്റെ വ്യക്തമായ തെളിവായിരുന്നല്ലോ ആറളം ഫാമില്‍ നടന്ന അഴിമതി. ഉദ്യോഗസ്ഥന്‍ അന്ന് മുങ്ങുകയും ചെയ്തിരുന്നു.
അടുത്തപേജില്‍ തുടരുന്നു
പട്ടിണിയും പരിവട്ടവുമായി ജീവിതം മുന്നോട്ട് നീക്കുന്ന ആദിവാസികളുടെ അവസ്ഥയോട് സര്‍ക്കാര്‍ വഞ്ചനാപരമായ സമീപനമാണ് സ്വീകരിച്ചത്. ഭൂമിയോ പാര്‍പ്പിടമോ തൊഴിലോ ഭക്ഷണമോ ലഭിക്കാതെ അവര്‍ പട്ടിണിക്കോലങ്ങളായി മരിച്ചുവീണുകൊണ്ടിരുന്നു. ഈ ഒരു പശ്ചത്തലത്തിലാണ് 2001 ആഗസ്റ്റില്‍ സെക്രട്ടേറിയേറ്റിന്റെ മുന്നില്‍ ആദിവാസികള്‍ കുടില്‍ കെട്ടിതാമസിച്ചുകൊണ്ടുള്ള സമരമാരംഭിച്ചത്. അതിശക്തമായ സമരം 48 ദിവസങ്ങളോളം തലസ്ഥാനനഗരിയെ പിടിച്ചുകുലുക്കുക തന്നെചെയ്തിരുന്നു.
പിന്നെ അധികം താമസ്സിക്കേണ്ടി വന്നില്ല. അന്നത്തെ ആന്‍ണി സര്‍ക്കാര്‍ സമരക്കാരുടെ മുന്നില്‍ തലകുമ്പിടാന്‍ നിര്‍ബന്ധിതമായി. അവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് അഞ്ചിന തീരുമാനങ്ങളുള്‍ക്കൊള്ളുന്ന ഒരു കരാര്‍ നിലവില്‍ വന്നു. അന്ന് സമാപനറാലിയില്‍ ആദിവാസികളോടൊത്ത് നൃത്തമാടാന്‍ കുട്ടിക്കോലെടുത്ത് ആന്റണിയെന്ന അന്നത്തെ മുഖ്യനുമുണ്ടായിരുന്നു. പിന്നീട് ആകോലുകള്‍ ആദിവാസികളുടെ പുറം പൊളിക്കുന്ന കാഴ്ച്ചയ്ക്കും കേരളം സാക്ഷിയായി എന്നത് വിധി വൈപരീയം.
മുത്തങ്ങ സമരവുമായി ബന്ധപ്പെട്ടവരുടെ പേരിലുള്ള കേസുകളൊന്നും തന്നെ ഇതുവരെയും ഒഴിവാക്കപ്പെട്ടിട്ടില്ല. അഞ്ഞൂറോളം ആദിവാസികള്‍ കേസില്‍പ്പെട്ട് ജീവിതം ബുദ്ധിമുട്ടുന്നുണ്ട്.
അഞ്ചേക്കര്‍ ഭൂമി ലഭ്യമാക്കുക, ആദിവാസികള്‍ക്ക് ജീവിക്കാന്‍ ആവശ്യമായ സാഹചര്യങ്ങളൊരുക്കുന്നതിന് അഞ്ചുവര്‍ഷത്തേക്കുള്ള പ്രത്യേക പദ്ധതി, ആദിവാസി ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി സര്‍ക്കാര്‍ മാനിക്കുക, ആദിവാസികള്‍ക്ക് നല്‍കുന്ന ഭൂമി സംരക്ഷിക്കാനുള്ള നിയമം പാസാക്കുക, ഈ ഭൂമി ഷെഡ്യൂള്‍ഡ് സെറ്റില്‍മെന്റ് ഏരിയയായി പ്രഖ്യപിക്കാന്‍ കേന്ദ്ര സകര്‍ക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുക. ഇവയായിരുന്നു അന്ന് ആന്റണി സര്‍ക്കാര്‍ ആദിവാസികള്‍ക്ക് നല്‍കിയ അഞ്ചിന വാഗ്ദാനങ്ങള്‍.
ആന്റണി സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്ന വാഗ്ദാനങ്ങളൊന്നും തന്നെ പാലിക്കപ്പെടാതിരുന്നതിനെ തുടര്‍ന്നാണ് ജാനുവിന്റെ നേതൃത്വത്തിലുള്ള ആദിവാസി ഗോത്ര മഹാസഭ 2003 ജനുവരി 4നു മുത്തങ്ങയില്‍ ഭൂമി കയ്യേറി സമരം ആരംഭിക്കുന്നത്. സമരക്കാര്‍ തെരഞ്ഞെടുത്തത് സര്‍ക്കാര്‍ പാട്ടത്തിനു കൊടുത്ത യുകാലിപ്റ്റസ് തോട്ടമായിരുന്നു. സമാധാനപരമായി നടന്നുകൊണ്ടിരുന്ന സമരത്തിന് നേരെയാണ് യാതൊരുവിധ മുന്നറിയിപ്പും ഇല്ലാതെ നമ്മുടെ ബഹുമാനപ്പെട്ട പോലീസുകാര്‍ കയറിയടിച്ചു. പിന്നെ വിശന്നിരിക്കുന്ന വേട്ടപട്ടിയെപോലെ ആദിവാസികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. അപ്പോഴും ഇതെല്ലാം കണ്ട് ആസ്വദിക്കാന്‍ തലസ്ഥാനത്ത് ആന്റണിയുണ്ടായിരുന്നു.
മുത്തങ്ങ സമരവുമായി ബന്ധപ്പെട്ടവരുടെ പേരിലുള്ള കേസുകളൊന്നും തന്നെ ഇതുവരെയും ഒഴിവാക്കപ്പെട്ടിട്ടില്ല. അഞ്ഞൂറോളം ആദിവാസികള്‍ കേസില്‍പ്പെട്ട് ജീവിതം ബുദ്ധിമുട്ടുന്നുണ്ട്. കേസിലകപ്പെട്ട ആദിവാസികള്‍ക്ക് അനകൂലമായ റിപ്പോര്‍ട്ടുകളുണ്ടായിട്ടും മാറിമാറി വന്ന സര്‍ക്കാരുകളൊന്നും തന്നെ അത് ചെയ്തില്ല. പ്രാഥമികമായ അന്വേഷണത്തില്‍ തന്നെ മുത്തങ്ങയില്‍ ആദിവാസികള്‍ കുടില്‍കെട്ടിയത് പ്ലാന്റേഷനിലാണെന്ന് തെളിഞ്ഞിരുന്നു. വനഭൂമിയാണതെന്ന് തെളിയിക്കാന്‍ സര്‍ക്കാരിനായില്ല.
സമരത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കേന്ദ്ര ഗോത്ര ട്രിബ്യൂണല്‍ ആദിവാസികള്‍ക്ക് അനുകൂലമായ റിപ്പോട്ടാണ് നല്‍കിയത്. എന്നാല്‍ മുത്തങ്ങ സംഭവത്തിനു ശേഷം അധികാരത്തില്‍ വന്ന അച്ചുതാനന്ദന്‍ സര്‍ക്കാര്‍ കേസുകളെല്ലാം എഴുതിത്തള്ളും എന്ന് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും ആദിവാസികളെ ചതിക്കുകയായിരുന്നു എന്ന് ആക്ഷേപം ആദിവാസികള്‍ക്കിടയിലുണ്ട്. അതുതന്നെയാണ് സത്യവും. മാറിമാറിവന്ന ഒരു സര്‍ക്കാരും ഇതുവരെയും കോടതിയില്‍ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറായിട്ടില്ല. ഇക്കാരണത്താലാണ് ഇപ്പോഴും കേസുകള്‍ തുടരുന്നത്.
നില്‍പ്പ് സമരത്തിലെ സുപ്രധാന ആവശ്യങ്ങളിലൊന്നായി ഗോത്രമഹഭ മുന്നോട്ട് വെച്ച ഒരാവശ്യം വേടര്‍ സമുദായത്തെ പട്ടികവര്‍ഗമായി പ്രഖ്യാപിക്കുക എന്നാണ്. സര്‍ക്കാര്‍ റിപ്പോര്‍ട്ട് തന്നെ പറയുന്നത് വേടന്‍ സമുദായത്തിന്റെ മുഖ്യ തൊഴില്‍ നായാട്ടും വനവിഭവശേഖരണവുമെന്നാണ്. എന്നിട്ടും അവര്‍ പട്ടികജാതിയായാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. മുമ്പ് കരിമ്പാലര്‍ ഉള്‍പ്പെടെയുള്ള നാല് പട്ടികജാതികളെ സര്‍ക്കാര്‍ പട്ടികവര്‍ഗപദവി മാറ്റിയെങ്കിലും വേടന്‍ ഗോത്രത്തെ അതില്‍ ഉള്‍പ്പെടുത്തിയില്ല.
1972ല്‍ അച്യുതമേനോന്‍ മന്ത്രിസഭയുടെ കാലത്താണ് കേന്ദ്രം ആറളം ഫാം ഏറ്റെടുക്കുന്നത്. 2003ലെ മുത്തങ്ങ വെടിവെയ്പ്പിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകള്‍ക്കും കരാറുകള്‍ക്കും ശേഷമായിരുന്നു 7500 ഏക്കറോളം വരുന്ന ഫാം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് പകുതി ആദിവാസികള്‍ക്ക് വിതരണം ചെയ്യാമെന്ന് സമ്മതിച്ചത്. 2004ല്‍ ഭൂമി ഏറ്റെടുത്തെങ്കിലും വളരെ കുറച്ച് ആദിവാസികള്‍ക്കേ അത് വിതരണം ചെയ്യാനും വീട് വെച്ചു നല്‍കാനും ഇതുവരെ കഴിഞ്ഞിട്ടുള്ളു. 3500 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞതെങ്കിലും വെറും 640 കുടുംബങ്ങള്‍ക്കാണ് ഭൂമി വിതരണം ചെയ്തത്. ബാക്കി ഭൂരിഭാഗം കുടുംബങ്ങള്‍ക്കും ഇനിയും ഭൂമി ലഭിച്ചിട്ടില്ല. കുറച്ച് ഭൂമി തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു. ഭൂമി കുടിയേറ്റക്കാര്‍ക്ക് നല്‍കാനും അതുവഴി ഭൂമി വിറ്റഴിക്കാനുമാണ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്.
മാറുമറക്കല്‍ സമരം കേരളത്തിന്റെ ചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവായിരുന്നു. അതിനെ അനുസ്മരിപ്പിക്കുന്ന വിധം അടുത്തകാലത്തായി ഇന്ത്യയിലെമ്പാടും വ്യത്യസ്തമായ സമരമുറകളാണ് ജനങ്ങള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ജലസത്യാഗ്രഹം, മുട്ടില്‍ നിന്നുകൊണ്ടുള്ള സത്യാഗ്രഹം, കോഴിക്കോട് നടന്ന ഇരിക്കല്‍ സമരം എന്നിവ ഇതിനുദാഹരണങ്ങളാണ്. ഇപ്പോള്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റ് പടിക്കല്‍ ആദിവാസികള്‍ നടത്തുന്നത് നില്‍പ്പ് സമരമാണ്. ധാരാളം പേര്‍ കഴിഞ്ഞ ദിവസങ്ങളായി നടന്ന നില്‍പ്പ് സമരത്തില്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ നില്‍പ്പ് സമരം രൂക്ഷമാകും എന്നാണ് സമരനേതാക്കള്‍ വ്യക്തമാക്കുന്നത്.
[]
ഇനി മറുപടിപറയേണ്ടത് സര്‍ക്കാരല്ല. പോലീസല്ല. ഉദ്യോഗസ്ഥ തമ്പ്രാക്കന്‍മാരുമല്ല. ഇതുവരെയും ഇവരുടെ അതിജീവന സമരങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍, അവകാശ നിഷേധങ്ങള്‍ അനിഷേധ്യം തുടര്‍ന്നു കൊണ്ടിരുന്നപ്പോള്‍, അവര്‍ അതിശക്തമായി അടിച്ചമര്‍ത്തുമ്പോള്‍, അവരുടെ അവകാശങ്ങളൊക്കെയും കൊള്ളചെയ്യപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ അവയൊന്നും തന്നെ കണ്ടില്ല എന്നു നടിച്ച നമ്മള്‍ പൊതുജനങ്ങളുടെ മനസാക്ഷിയാണ്. ഇനിയും അതില്‍ ലജ്ജിക്കണ്ടേ?
ഫോട്ടോകള്‍ക്ക് കടപ്പാട്: ഫ്രീപ്രസ് കേരള.കോം, മലയാള്‍.എ.എം