ശ്രീനിവാസൻ, മീന തുടങ്ങിയവരോടൊപ്പം മമ്മൂട്ടി അതിഥി വേഷത്തിലെത്തി വലിയ വിജയമായ ചിത്രമായിരുന്നു കഥ പറയുമ്പോൾ. ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് എം.മോഹനൻ ആയിരുന്നു. ചിത്രം ഹിന്ദിയിലേക്കും തമിഴിലേക്കുമെല്ലാം റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
വലിയ സ്വീകാര്യത നേടിയ ചിത്രത്തിലെ പ്രധാന ഹൈലൈറ്റിൽ ഒന്ന് ക്ലൈമാക്സ് രംഗത്തിലെ മമ്മൂട്ടിയുടെ ഇമോഷണൽ പ്രസംഗമായിരുന്നു. എന്നാൽ ചിത്രം എഡിറ്റ് ചെയ്യുന്ന സമയത്ത് അതാണ് ക്ലൈമാക്സ് എന്ന് തനിക്ക് തോന്നിയില്ലായിരുന്നുവെന്ന് പറയുകയാണ് രഞ്ജൻ എബ്രഹാം. അത് താൻ ശ്രീനിവാസനോട് പറയുകയും ചെയ്തിട്ടുണ്ടെന്ന് രഞ്ജൻ എബ്രഹാം പറയുന്നു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്നെ സംബന്ധിച്ച് കഥപറയുമ്പോളിന്റെ ക്ലൈമാക്സ് അതല്ലായിരുന്നു. ഞാൻ അങ്ങനെ അല്ലായിരുന്നു എഡിറ്റ് ചെയ്തത്. ആ പ്രസംഗത്തിന് ശേഷമുള്ള വീട്ടിലെ സീനാണ് ക്ലൈമാക്സ് എന്ന് വിചാരിച്ചാണ് ഞാൻ കഥ പറയുമ്പോൾ എഡിറ്റ് ചെയ്തത്.
എന്റെ മനസിലെ പ്ലാൻ അങ്ങനെയായിരുന്നു. ഷൂട്ട് ചെയ്യുമ്പോൾ മമ്മൂക്കയുടെ സ്പീച്ച് ഒന്നര മിനിറ്റ് ഉണ്ടായിരുന്നു. ഒറ്റ ടേക്ക് ഒറ്റ ഷോട്ട് ആയിരുന്നു. രണ്ട് ക്യാമറ വെച്ചാണ് ഷോട്ട് ചെയ്തത്. മമ്മൂക്ക ഗംഭീരമായി പെർഫോം ചെയ്തു. കണ്ണൊക്കെ നിറഞ്ഞു. അതൊക്കെ റിയാലായിട്ട് സംഭവിച്ച കാര്യമാണ്.
എല്ലാവരും നന്നായി കയ്യടിച്ചു. പക്ഷെ എഡിറ്റിങ് സമയത്ത് അത്രയും ഷോട്ട് ഒറ്റ ഷോട്ടായി വെക്കാൻ എനിക്ക് നിർവാഹം ഇല്ലല്ലോ. അതിൽ എല്ലാവരുടെയും ഭാഗങ്ങൾ വന്നാൽ മാത്രമേ ആ ഭാഗം വർക്ക് ഔട്ട് ആവുകയുള്ളൂ. അങ്ങനെയാണ് എഡിറ്റ് ചെയ്തത്.
പിന്നെ ഡബ്ബിങ് സമയത്ത് എല്ലാവരും ഓരോ അഭിപ്രായങ്ങളൊക്കെ പറഞ്ഞു. ശ്രീനിയേട്ടൻ എഡിറ്റ് ചെയ്ത് കഴിഞ്ഞിട്ട് കാണാൻ വന്നിരിന്നു. പുള്ളിക്ക് ഒരു ആശങ്ക ഉണ്ടായിരുന്നു. പക്ഷെ അവസാനം എന്നോട് ഓക്കെയാണെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു, വീട്ടിലെ ഭാഗമാണ് ക്ലൈമാക്സ് എന്നാണ് ഞാൻ കരുതിയതെന്ന്. ശ്രീനിയേട്ടനും പറഞ്ഞു അത് തന്നെയാണ് ക്ലൈമാക്സെന്ന്,’രഞ്ജൻ എബ്രഹാം പറയുന്നു.