| Monday, 20th May 2024, 4:24 pm

അര്‍ജന്റീനന്‍ ഇതിഹാസത്തെ വീഴ്ത്തി ബ്രസീലുകാരന്റെ കുതിപ്പ്; ചരിത്രനേട്ടത്തില്‍ പെപ്പിന്റെ തുറുപ്പുചീട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

2023-24 സീസണിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വെസ്റ്റ് ഹാമിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പെപ് ഗ്വാര്‍ഡിയോളയും സംഘവും കിരീടം ചൂടിയത്. ഇതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ നാല് സീസണുകളില്‍ കിരീടം നേടുന്ന ആദ്യ ടീമായി മാറാനും മാഞ്ചസ്റ്റര്‍ സിറ്റിക്ക് സാധിച്ചിരുന്നു.

ഈ ചരിത്ര വിജയത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീലിയന്‍ ഗോള്‍ കീപ്പര്‍ എഡേഴ്‌സണ്‍ സ്വന്തമാക്കിയത്. ഏറ്റവും കൂടുതല്‍ തവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കുന്ന സൗത്ത് അമേരിക്കന്‍ താരമായി മാറാനാണ് എഡേഴ്‌സന് സാധിച്ചത്. ആറ് തവണയാണ് എഡേഴ്സണ്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടിയത്.

അഞ്ച് തവണ ഈ നേട്ടം സ്വന്തമാക്കിയ അര്‍ജന്റീനന്‍ ഇതിഹാസ താരം സെര്‍ജിയോ അഗ്യൂറോ മുന്‍ ബ്രസീലിയന്‍ താരം ഫെര്‍ണാണ്ടീഞ്ഞോ എന്നിവരെ മറികടന്നു കൊണ്ടായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍കീപ്പറുടെ മുന്നേറ്റം.

250 മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വല കാത്ത എഡേഴ്‌സണ്‍ 112 ക്ലീന്‍ ഷീറ്റുകളാണ് സ്വന്തമാക്കിയത്. മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം 181 വിജയങ്ങളില്‍ പങ്കാളിയാവാനും ബ്രസീലിയന്‍ ഗോള്‍കീപ്പര്ക്ക് സാധിച്ചിട്ടുണ്ട്.

പെപ്പിന്റെ കീഴില്‍ 38 മത്സരങ്ങളില്‍ നിന്നും 28 വിജയവും ഏഴ് സമനിലയും മൂന്നു തോല്‍വിയും അടക്കം 91 പോയിന്റോടെയാണ് സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ നെറുകയില്‍ എത്തിയത്.

അതേസമയം മത്സരത്തില്‍ 4-1-4-1 എന്ന ഫോര്‍മേഷനില്‍ ആണ് മാഞ്ചസ്റ്റര്‍ സിറ്റി കളത്തില്‍ ഇറങ്ങിയത്. മറുഭാഗത്ത് 3-4-3 എന്ന ഫോര്‍മശേന ആയിരുന്നു വെസ്റ്റ് ഹാം പിന്തുടര്‍ന്നത്.

മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഇംഗ്ലണ്ട് സൂപ്പര്‍താരം ഫില്‍ ഫോഡന്‍ ഇരട്ടഗോള്‍ കളംനിറഞ്ഞു കളിക്കുകയായിരുന്നു.മത്സരം തുടങ്ങി രണ്ടാം മിനിട്ടില്‍ തന്നെ ഫോഡന്‍ സിറ്റിയ്ക്കായി ആദ്യ ലീഡ് നേടിക്കൊടുത്തു. 18ാംമിനിട്ടില്‍ ആയിരുന്നു ഇംഗ്ലണ്ട് താരത്തിന്റെ ബൂട്ടില്‍ നിന്നും മത്സരത്തിലെ രണ്ടാം ഗോളും പിറന്നു.

എന്നാല്‍ 42ാം മിനിട്ടില്‍ മുഹമ്മദ് കുടൂസിലൂടെ വെസ്റ്റ് ഹാം ഒരു ഗോള്‍ തിരിച്ചടിച്ചു. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ 59ാം മിനിട്ടില്‍ സ്പാനിഷ് താരം റോഡ്രിയിലൂടെ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം ഗോളും നേടിയതോടെ മത്സരം പൂര്‍ണമായും സിറ്റി സ്വന്തമാക്കുകയായിരുന്നു.

Content Highlight: Ederson create a new record Most English Premier League titles won by South American player

We use cookies to give you the best possible experience. Learn more