ആന്‍സലോട്ടിയോട് ബഹുമാനമുണ്ട്, പക്ഷെ ഞങ്ങള്‍ പരസ്പരം സംസാരിക്കാറില്ല: റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം
Football
ആന്‍സലോട്ടിയോട് ബഹുമാനമുണ്ട്, പക്ഷെ ഞങ്ങള്‍ പരസ്പരം സംസാരിക്കാറില്ല: റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 10th July 2023, 11:22 am

സമകാലിക ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും മികച്ച പരിശീലകരില്‍ ഒരാളാണ് റയല്‍ മാഡ്രിഡ് കോച്ച് കാര്‍ലോ ആന്‍സലോട്ടി. 2021-22  സീസണില്‍ ആന്‍സലോട്ടിയുടെ ചിറകിലേറിയാണ് റയല്‍ മാഡ്രിഡ് ലാ ലിഗ ടൈറ്റിലും ചാമ്പ്യന്‍സ് ലീഗും സ്വന്തമാക്കിയത്.

എന്നാലിപ്പോള്‍ റയല്‍ പരിശീലകനായ കാര്‍ലോ ആന്‍സലോട്ടിയുമായുള്ള തന്റെ ബന്ധം അത്ര സുഖകരമല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റയല്‍ മാഡ്രിഡ് മുന്നേറ്റ നിര താരം ഈഡന്‍ ഹസാഡ്.

ആന്‍സലോട്ടിക്ക് കീഴില്‍ റയലില്‍ കാര്യമായ അവസരങ്ങളൊന്നും ലഭിക്കാത്ത ഹസാഡ് ഈ സീസണില്‍ വെറും മൂന്ന് മത്സരങ്ങളില്‍ മാത്രമേ റയല്‍ മാഡ്രിഡ് ജേഴ്‌സിയണിഞ്ഞിട്ടുള്ളൂ. അതില്‍ തന്നെ ഒരു ഗോളും ഒരു അസിസ്റ്റും ക്ലബ്ബിനായി സ്വന്തമാക്കിയ ഹസാഡ് കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ ലഭിക്കുന്നതിനായി സാന്ത്യാഗോ ബെര്‍ണബ്യു വിട്ടേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ആന്‍സലോട്ടിയുമായുള്ള തന്റെ ബന്ധം അത്ര ശരിയായ രീതിയിലല്ലെന്നും തങ്ങള്‍ പരസ്പരം സംസാരിക്കാറുപോലുമില്ലെന്നുമാണ് ഹസാഡ് പറഞ്ഞത്.
ആര്‍.ടി.ബി.എഫിന് നല്‍കിയ അഭിമുഖത്തിലാണ് ആന്‍സലോട്ടിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.

‘എനിക്കും ആന്‍സലോട്ടിക്കുമിടയില്‍ ബഹുമാനം നിറഞ്ഞ ഒരു ബന്ധം നിലനില്‍ക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ തമ്മില്‍ സംസാരിക്കാറില്ല. അദ്ദേഹം ഫുട്‌ബോളില്‍ സ്വന്തമാക്കിയിട്ടുള്ള നേട്ടങ്ങളുടെ പേരിലാണ് ആന്‍സലോട്ടിയെ ഞാന്‍ ബഹുമാനിക്കുന്നത്, അതിനപ്പുറത്തേക്ക് ഒന്നുമില്ല,’ ഹസാഡ് പറഞ്ഞു.

അതേസമയം, റയല്‍ മാഡ്രിഡിന്റെ പുതിയ സീസണില്‍ ഹസാഡിനെ നിലനിര്‍ത്തില്ലെന്ന് ആന്‍സലോട്ടി പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വരുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ ലോസ് ബ്ലാങ്കോസുമായുള്ള കരാര്‍ അവസാനിക്കുന്നതോടെ താരത്തെ ക്ലബ്ബില്‍ നിന്ന് പുറത്താക്കുമെന്നാണ് സ്പാനിഷ് മാധ്യമമായ എല്‍ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഹസാഡിനെ ക്ലബ്ബില്‍ നിന്ന് റിലീസ് ചെയ്യണമെന്നാവശ്യപ്പെട്ട് ആന്‍സലോട്ടി റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്ളോറെന്റീനോ പെരേസിനെ സമീപിച്ചിരുന്നെന്നും ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കുന്നതുവരെ അദ്ദേഹം ക്ലബ്ബില്‍ തുടരട്ടെ എന്നാണ് പെരേസ് മറുപടി നല്‍കിയതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

2019ലാണ് ഹസാര്‍ഡ് സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്നത്. ഫിറ്റ്നെസ് പ്രശ്നങ്ങള്‍ കാരണം താരത്തിന് സാന്ത്യാഗോ ബെര്‍ണബ്യൂവില്‍ മികവ് പുലര്‍ത്താനായിരുന്നില്ല. ക്ലബ്ബിനായി കളിച്ച 76 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം.

കഴിഞ്ഞ ഡിസംബറില്‍ ഹസാഡ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെയായിരുന്നു താരത്തിന്റെ വിരമിക്കല്‍.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ക്രൊയേഷ്യയോട് സമനില വഴങ്ങിയതോടെ ബെല്‍ജിയം ലോകകപ്പില്‍ നിന്ന് പുറത്താവുകയായിരുന്നു. ദേശീയ ടീമിന് വേണ്ടി ഇതുവരെ 126 മത്സരങ്ങളില്‍ നിന്ന് 33 ഗോളുകള്‍ താരം നേടിയിട്ടുണ്ട്.

2014, 2018, 2022 ലോകകപ്പുകളിലാണ് ഹസാര്‍ഡ് ബെല്‍ജിയം ടീമിനൊപ്പം കളിച്ചത്. ഖത്തര്‍ ലോകകപ്പില്‍ മികച്ച ഫോമില്‍ കളിക്കാന്‍ സാധിക്കാത്തതിനാലാണ് താരം പെട്ടെന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

Content Highlights: Eden Hazard talking about Carlo Ancelotti