റയല്‍ മാഡ്രിഡില്‍ തന്റെ സഹതാരങ്ങളില്‍ ഏറ്റവും മികച്ച കളിക്കാരന്റെ പേര് പറഞ്ഞ് ഈഡന്‍ ഹസാര്‍ഡ്. കളത്തില്‍ കൂടുതല്‍ സമയം ഒരുമിച്ച് പങ്കുവെച്ചിട്ടും ഹസാര്‍ഡ് കരിം ബെന്‍സിമ, ലൂക്ക മോഡ്രിച്ച്, തിബൗട്ട് കുര്‍ട്ടോയിസ് എന്നീ താരങ്ങളുടെ പേര് പറഞ്ഞില്ല.
ലോസ് ബ്ലാങ്കോസിലെ നിര്‍ണായക താരം ബ്രസീല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ വിനീഷ്യസ് ജൂനിയര്‍ ആണെന്നാണ് അദ്ദേഹം പറഞ്ഞത്. വിനീഷ്യസ് മികച്ച കളിക്കാരനാണെന്നും അതുകൊണ്ടാണ് കളിയില്‍ അദ്ദേഹത്തിന് കൂടുതല്‍ ഫൗളുകള്‍ വീഴുന്നതെന്നും ഹസാര്‍ഡ് പറഞ്ഞു. എതിരാളികള്‍ക്ക് വിനിയെ എങ്ങനെ തടയണമെന്ന കാര്യത്തില്‍ ആശങ്കയുണ്ടാകാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക ഫുട്‌ബോളര്‍മാരില്‍ ഏറ്റവും മികച്ച താരമാണ് താനെന്ന് വിനീഷ്യസ് മനസിലാക്കണമെന്നും റയല്‍ മാഡ്രിഡില്‍ മാറ്റിനിര്‍ത്തപ്പെടാന്‍ സാധിക്കാത്ത കളിക്കാരനാണ് അദ്ദേഹമെന്നും ഹസാര്‍ഡ് പറഞ്ഞു. സ്പാനിഷ് മാധ്യമമായ മാര്‍ക്കക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഈ സീസണില്‍ മികച്ച പ്രകടനമാണ് വിനീഷ്യസ് റയല്‍ മാഡ്രിഡില്‍ കാഴ്ചവെക്കുന്നത്. കാര്‍ലോ ആന്‍സലോട്ടയുടെ പരിശീലനത്തിന് കീഴില്‍ സീസണില്‍ ഇതുവരെ 17 ഗോളുകളാണ് താരം അക്കൗണ്ടിലാക്കിയിരിക്കുന്നത്.
അതേസമയം, റയല്‍ മാഡ്രിഡില്‍ ഏഴാം നമ്പര്‍ ജേഴ്സി ധരിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് വിനീഷ്യസ് പറഞ്ഞിരുന്നു. ഇതിന് മുമ്പ് ഫുട്ബോള്‍ ഇതിഹാസവും റയല്‍ മാഡ്രിഡിന്റെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരുന്നു റയലിന്റെ ഏഴാം നമ്പര്‍ ജേഴ്സി അണിഞ്ഞിരുന്നത്.
ജൂലൈ 27ന് നടന്ന ക്ലബ്ബ് സൗഹൃദ മത്സരത്തിലാണ് വിനീഷ്യസ് ആദ്യമായി റയലിന് വേണ്ടി ഏഴാം നമ്പര്‍ ജേഴ്സിയിലെത്തിയത്. ടെക്സസിലെ എന്‍.ആര്‍.ജി സ്റ്റേഡിയത്തില്‍ മനാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിലാണ് വിനി ആദ്യമായി ഏഴാം നമ്പര്‍ ജേഴ്സി ധരിച്ചത്.
റൊണാള്‍ഡോയുടെ ഏഴാം നമ്പര്‍ ജേഴ്സി ധരിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് വിനീഷ്യസ് പറഞ്ഞത്. മാഡ്രിഡ് എക്സ്ട്രയിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.